ധനികൻ, സന്തോഷവാൻ, എന്നിട്ടും...? പ്രായമായവരിലെ ആത്മഹത്യ; കാരണങ്ങൾ എന്തൊക്കെയാകാം?
Mail This Article
നടിമാരായ മലൈക അരോറയുടെയും അമൃത അരോറയുടെയും പിതാവ് അനിൽ അരോറയെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. താമസിച്ച കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സന്തോഷവാനും ധനികനുമായ ഒരു വ്യക്തി എന്തിന് ആത്മഹത്യ ചെയ്യണം എന്നാണ് പലരുടെയും ചോദ്യം. പ്രായാധിക്യം മൂലം ഇനി അധിക നാളില്ലെന്ന് കരുതുന്ന ആളുകൾ പോലും ആത്മഹത്യ ചെയ്യുമ്പോൾ എന്തിന് എന്ന ചോദ്യം ബാക്കിയാവാറുണ്ട്. അതുകൊണ്ട് തന്നെ പ്രായമായവരിലെ വിഷാദരോഗത്തെപ്പറ്റി ചർച്ച ചെയ്യേണ്ടതുണ്ട്.
വാർധക്യകാലത്ത് പല തരത്തിലുള്ള ജീവിതശൈലീ രോഗങ്ങളും, ശാരീരിക പ്രശ്നങ്ങളും ഉണ്ടായേക്കാം. പ്രമേഹം, രക്തസമ്മർദ്ദം, വേദനകൾ, ഹൃദയാഘാതം, പക്ഷാഘാതം അങ്ങനെ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ വരാവുന്ന വിഭാഗക്കാരാണ് ഇവർ. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ പിടിമുറുക്കുന്നതോടെ മുൻപത്തേത് പോലെ ജീവിതം ആസ്വദിക്കാനോ, ജീവിത നിലവാരം നിലനിർത്താനോ കഴിയണമെന്നില്ല. ഇനി പഴയതുപോലെ ആകില്ലെന്നുള്ള തോന്നലും കാര്യങ്ങൾ ചെയ്യാൻ കഴിയാത്തതിലുള്ള നിരാശയും വിഷാദരോഗത്തിലേക്കും തള്ളിവിട്ടെന്നിരിക്കും.
രണ്ടാമതായി, മുതിർന്ന പൗരന്മാരിൽ ചെറിയതോതിലെങ്കിലും മറവി രോഗത്തിന്റെ ആരംഭം ഉണ്ടായേക്കാം. ഇതും വിഷാദരോഗലക്ഷണങ്ങൾക്കു കാരണമാകാം. മൂന്നാമതായി, റിട്ടയർമെന്റിനു ശേഷമുള്ള ജീവിതത്തിൽ മദ്യപാനം പോലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം കൂടിവരാം. ഈ അഡിക്‌ഷൻ വിഷാദ ലക്ഷണങ്ങൾ (ഡിപ്രസീവ് സിംപ്റ്റംൻസ്) ഉണ്ടായേക്കാം.
ഇനി ഇത്തരത്തിലുള്ള കാരണങ്ങൾ ഒന്നും ഇല്ലെങ്കിൽത്തന്നെയും വിഷാദരോഗം വരാവുന്നതാണ്. രണ്ടാഴ്ചയിൽ കൂടുതൽ നിൽക്കുന്ന വിഷാദ ഭാവം, താൽപര്യക്കുറവ്, ക്ഷീണം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ഏകാഗ്രതക്കുറവ്, നെഗറ്റീവ് ചിന്തകൾ, ഒറ്റപ്പെടൽ, ആരുമില്ല സഹായിക്കാൻ എന്ന തോന്നൽ, ആരുമില്ല എന്തിനാണ് മുന്നോട്ട് ജീവിക്കുന്നത് അത്തരത്തിലുള്ള ചിന്തകൾ എല്ലാ കാര്യങ്ങൾക്കും ഒരു മന്ദത, ആത്മഹത്യ ചിന്തകൾ എപ്പോഴും തോന്നുക. ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണെന്ന തോന്നൽ വരികയാണെങ്കിൽ അത് വിഷാദരോഗത്തിന്റെ ലക്ഷണമാണ്.
(വിവരങ്ങൾക്ക് കടപ്പാട്: ചിക്കു മാത്യു, കൺസൽട്ടന്റ് സൈക്യാടിസ്റ്റ്, കാരിത്താസ് ഹോസ്പിറ്റൽ)