അമിത സ്ക്രീൻ ടൈം കുഞ്ഞ് സംസാരിക്കുന്നത് വൈകാൻ ഇടയാക്കുമോ? ചികിൽസ തേടണോ?
Mail This Article
ചോദ്യം : എന്റെ മകളും കുടുംബവും വിദേശത്താണ്. അവളും ഭർത്താവും ജോലിക്കു പോകുന്നവരാണ്. ഇവർക്ക് മൂന്നു വയസ്സുള്ളൊരു മകനുണ്ട്. അവന് സംസാരം കുറവാണ്, ഇപ്പോഴും ഏതാനും വാക്കുകൾ മാത്രമേ പറയുന്നുള്ളൂ. അങ്ങോട്ടു പറയുന്നതൊക്കെ മനസ്സിലാകുന്നുണ്ട്, പ്രശ്നങ്ങൾ ഒന്നും ഉള്ളതായി തോന്നുന്നില്ല. എന്താണു ചെയ്യേണ്ടത്?
ഉത്തരം : മറ്റാളുകളുമായും സാഹചര്യങ്ങളുമായും ഇടപഴകുന്നതിലൂടെയാണ് ചെറിയ കുട്ടികളുടെ മസ്തിഷ്കം വളരുന്നത്. കുട്ടികൾ ഭാഷ പഠിക്കുന്നതും സാമൂഹിക ഇടപെടലുകൾക്കുള്ള കഴിവ് ആർജിക്കുന്നതും ആദ്യത്തെ മൂന്നു നാലു വർഷങ്ങളിൽ മസ്തിഷ്കത്തിനുണ്ടാകുന്ന വളർച്ചയ്ക്ക് ആനുപാതികമായിട്ടാണ്. അണുകുടുംബങ്ങളിൽ വലിയ കുടുംബങ്ങളെ അപേക്ഷിച്ചു കുട്ടികൾക്ക് സാമൂഹിക ഇടപെടലുകളുടെ അനുഭവം കിട്ടാനുള്ള സാധ്യത കുറവാണ്. പ്രത്യേകിച്ച്അച്ഛനും അമ്മയും ജോലിക്കു പോകുന്നവരും നഗരത്തിലെ ചെറിയ ഫ്ലാറ്റുകളിൽ താമസിക്കുന്നവരും ആകുമ്പോൾ. ഇത്തരം സാഹചര്യങ്ങളിൽ വീട്ടിൽ കുട്ടിയെ നോക്കുന്നത് ജോലിക്കാരനോ ജോലിക്കാരിയോ ആകും.
വിദേശത്തു താമസിക്കുന്നവർ ആണെങ്കിൽ കുട്ടിയെ നോക്കുന്നത് മിക്കപ്പോഴും മറ്റേതെങ്കിലും ഭാഷ സംസാരിക്കുന്നവർ ആയിരിക്കും. കുട്ടിയെ സമാധാനിപ്പിക്കുന്നതു മിക്കപ്പോഴും ടെലിവിഷൻ പരിപാടികൾ കാണിച്ചും മൊബൈലിൽ വിഡിയോകൾ കാണിച്ചും ഒക്കെ ആകും. അങ്ങനെ ആകുമ്പോൾ കുട്ടിക്ക് ആളുകളുമായി ഇടപഴകുന്നതിനും ഭാഷയുമായി പരിചയപ്പെടുന്നതിനും അവസരം കുറയുന്നു. അങ്ങനെ വരുമ്പോൾ കുട്ടി സംസാരിക്കുന്നതിനു താമസം ഉണ്ടാകുന്നു എന്നു മാത്രമല്ല, മറ്റ് ആളുകളുമായി ശരിയായി ഇടപഴകുന്നതിനുള്ള കഴിവ് ഇല്ലാതെ വരികയും ചെയ്യുന്നു. ഇത്തരത്തിലുള്ള കാരണങ്ങൾ കൊണ്ട് സംസാരിക്കാൻ താമസിക്കുകയും സാമൂഹിക ഇടപെടലുകളിൽ പ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്യുന്ന ഒരുപാട് കുട്ടികളെ ഇപ്പോൾ കാണാറുണ്ട്. വിദേശത്തു താമസിക്കുന്നവരിൽ മാത്രമല്ല, കേരളത്തിൽത്തന്നെ വളരുന്ന കുട്ടികളിലും ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. കോവിഡ് കാലത്ത് ഇത് വളരെ കൂടുതലായിരുന്നു.
സാധാരണ നിലയിൽ കുട്ടികൾക്ക് ഒരു വയസ്സാകുമ്പോഴേക്കും രണ്ടു വാക്കു പറയാനുള്ള കഴിവ് ഉണ്ടാകണം. ഒന്നര വയസ്സാകുമ്പോഴേക്കും പത്തു പതിനഞ്ചു വാക്കുകൾ പറയാൻ (കാക്ക, പൂച്ച, കണ്ണ്, മൂക്ക്, പാൽ തുടങ്ങി സാധാരണ ഉപയോഗിക്കുന്ന വാക്കുകൾ) കഴിയണം. സംസാരിക്കാൻ താമസിക്കുന്നുവെങ്കിൽ എന്തു കാരണം കൊണ്ടായാലും സ്‌പീച് തെറപ്പി പോലുള്ള പരിശീലനം എത്രയും നേരത്തേ തുടങ്ങണം. അതോടൊപ്പം അച്ഛനും അമ്മയും കുട്ടിയുടെ കൂടെ കൂടുതൽ സമയം (സംസാരിക്കുക, കഥ പറയുകപാട്ടു പാടുക, വായിച്ചു കൊടുക്കുക) ചെലവഴിക്കണം. മൊബൈൽ, ടിവി പോലുള്ള സ്ക്രീനുകൾ കഴിയുന്നതും ഒഴിവാക്കുക. സമപ്രായക്കാരായ കുട്ടികളുടെ കൂടെ കളിക്കാൻ അവസരം ഉണ്ടാക്കുക. - ഇതെല്ലാം പ്രധാനമാണ്.
(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)