ADVERTISEMENT

ചോദ്യം : എന്റെ മകളും കുടുംബവും വിദേശത്താണ്. അവരുടെ കുട്ടിക്ക് ഒന്നര വയസ്സായി. ഇപ്പോൾ അഞ്ചു പത്തു വാക്കുകൾ പറയും. പല ഭാഷകൾ ഒരേസമയം കേൾക്കുന്നത് കുട്ടിക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനും സംസാരിക്കുന്നതിനുള്ള കഴിവിനെ ബാധിക്കുന്നതിനും ഇടയാക്കുമോ?

ഉത്തരം : മലയാളികളിൽ വലിയൊരു ശതമാനം കുടുംബങ്ങൾ ഇപ്പോൾ വിദേശ രാജ്യങ്ങളിൽ കഴിയുന്നവരാണ്. പല ഭാഷകൾ സംസാരിക്കുന്നവരുമായി ഇടപഴകുന്നതിനുള്ള അവസരമാണ് കുട്ടികൾക്കതുകൊണ്ട് ഉണ്ടാകുന്നത്. സ്‌കൂളിൽ ഒരു ഭാഷ, വീട്ടിൽ മറ്റൊരു ഭാഷ- കുട്ടികളെ ഏതു ഭാഷ പഠിപ്പിക്കണം എന്ന സംശയം സാധാരണമാണ്. ഭാഷ പഠിക്കുന്നതിനുള്ള കഴിവ് മനുഷ്യനു പ്രകൃതിദത്തമായി ഉള്ളതാണ്. കുട്ടികളുടെ മസ്തിഷ്‌കം ഏറ്റവും കൂടുതൽ വികാസം കൈവരിക്കുന്ന ആദ്യത്തെ മൂന്നു നാലു വർഷങ്ങളിൽ പല ഭാഷകൾ ഒരേസമയം പഠിക്കുന്നതിന് അനായാസമായി അവർക്കു കഴിയും.

ഭാഷകൾ പഠിക്കുന്നതിനുള്ള ‘ക്രിട്ടിക്കൽ പീരിയഡ്’ ആണ് ആദ്യത്തെ കുറച്ചു വർഷങ്ങൾ എന്നു പറയാറുണ്ട് (ഭാഷ പഠിക്കുന്നതിനു പ്രായപരിധി ഒന്നും ഇല്ല, കുട്ടികൾക്ക് കൂടുതൽ എളുപ്പമാണ് എന്നു മാത്രം). പല ഭാഷകൾ ഒരേസമയം ഉപയോഗിക്കുന്ന സമൂഹങ്ങളിൽ വളരുന്ന കുട്ടികൾക്കു വ്യത്യസ്ത സന്ദർഭങ്ങളിൽ വ്യത്യസ്ത ഭാഷകൾ ഉപയോഗിക്കേണ്ടി വരുന്നു. സാധാരണ നിലയിൽ ബൗദ്ധിക വളർച്ച ഉള്ള കുട്ടികൾക്ക് ഇതിനുള്ള കഴിവു സ്വാഭാവികമായി ഉണ്ടാകും. പല ഭാഷകൾ ഒരേസമയം പഠിക്കുമ്പോൾ വാക്കുകൾ തമ്മിൽ മാറിപ്പോകുന്നതിനും ആശയക്കുഴപ്പം ഉണ്ടാകുന്നതിനും ഇടയാകും എന്ന ധാരണ ശരിയല്ല എന്നാണ് ഇപ്പോഴത്തെ അറിവ്. തുടക്കത്തിൽ വാക്കുകൾ ഉപയോഗിക്കുന്നതിൽ തെറ്റുകൾ ഉണ്ടായേക്കാമെങ്കിലും പെട്ടെന്നു തന്നെ ഏതു വാക്ക്, ഏതു ഭാഷയിൽ എന്ന തിരിച്ചറിവ് കുട്ടികൾക്കുണ്ടാകും. അതുപോലെ പല ഭാഷകൾ ഒരേസമയം കേൾക്കുന്നത് കുട്ടികൾ സംസാരം തുടങ്ങാൻ താമസിക്കുന്നതിനും ഉപയോഗിക്കുന്ന വാക്കുകളുടെ എണ്ണം കുറയുന്നതിനും കാരണമാകും എന്ന ധാരണയും ശരിയല്ല. സംസാരിക്കാൻ താമസിക്കുന്നുവെങ്കിൽ ഏതു സാഹചര്യത്തിൽ വളരുന്ന കുട്ടികൾ ആണെങ്കിലും വിദഗ്ധ പരിശോധന ആവശ്യമാണ്. മാത്രവുമല്ല അടുത്തകാലത്തുള്ള പല പഠനങ്ങളും കാണിക്കുന്നത് ഒന്നിലധികം ഭാഷകൾ ഒരേസമയം പഠിക്കാൻ അവസരം നൽകുന്നത് കുട്ടികളുടെ ബുദ്ധിവളർച്ചയെ പോഷിപ്പിക്കുകയാണ് ചെയ്യുക എന്നാണ്.

വീട്ടിനുള്ളിൽ കുടുംബം സാധാരണ ഉപയോഗിക്കുന്ന ഭാഷയിൽ (അല്ലെങ്കിൽ അച്ഛനും അമ്മയും അനായാസമായി സൗകര്യപ്രദമായി കൈകാര്യം ചെയ്യുന്ന ഭാഷ - അത് മലയാളമോ ഇംഗ്ലിഷോ ഏതുമാകാം) കുട്ടികളോടു സംസാരിക്കുക. സ്‌കൂളിൽ അതതിടത്തെ ഭാഷയിൽ കുട്ടികൾ പഠിക്കട്ടെ. ഓട്ടിസം പോലുള്ള ബുദ്ധിവികാസ പ്രശ്നങ്ങൾ ഉള്ളകുട്ടികൾക്കും അവരുടെ ബൗദ്ധിക നിലവാരത്തിനനുസരിച്ച് ഒന്നിലധികം ഭാഷകൾ സംസാരിക്കാൻ / പഠിക്കാൻ കഴിയും എന്നാണ് ഇപ്പോൾ ചില പഠനങ്ങൾ കാണിക്കുന്നത്. എന്നാൽ, ഇത്തരം കുട്ടികളിൽ ഒരു ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് ഉണ്ടാക്കുന്നതിന് ഊന്നൽ നൽകുന്നതാണു നല്ലത്.

English Summary:

Bilingualism and Brain Development: Busting the Myths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com