ക്ലെവർ സിസ്റ്റേഴ്സ്; റോബട്ടിക്സ് ഒളിംപ്യാഡിൽ സഹോദരിമാർക്ക് ഒന്നാം സ്ഥാനം
Mail This Article
മാള ∙ അഹമ്മദാബാദിൽ നടന്ന ദേശീയ റോബട്ടിക്സ് ഒളിംപ്യാഡിൽ ഇന്നവേറ്റേഴ്സ് എലിമന്ററി വിഭാഗത്തിൽ ഹോളി ഗ്രെയ്സ് അക്കാദമി സിബിഎസ്ഇ സ്കൂൾ വിദ്യാർഥികളും സഹോദരിമാരുമായ കാത്‌ലിൻ മാരി ജീസൻ, ക്ലെയർ റോസ് ജീസൻ എന്നിവർക്ക് ഒന്നാം സ്ഥാനം (ഒരു ലക്ഷം രൂപയും സ്വർണ മെഡലും). തുർക്കിയിൽ നടക്കുന്ന വേൾഡ് റോബട്ടിക്സ് ഒളിംപ്യാഡിൽ പങ്കെടുക്കും.
കേന്ദ്ര സാംസ്കാരിക വകുപ്പും ഇന്ത്യ സ്റ്റെം ഫൗണ്ടേഷനും ചേർന്നാണ് ഒളിംപ്യാഡ് സംഘടിപ്പിച്ചത്. കാത്‌ലിൻ ഏഴിലും ക്ലെയർ നാലിലുമാണു പഠിക്കുന്നത്. കേരളം നേരിട്ട വെള്ളപ്പൊക്കത്തിൽ നിന്നു പാഠം ഉൾക്കൊണ്ട് ഇരുവരും ചേർന്ന് നിർമിച്ച ഡ്യുവൽ ഫങ്ഷൻ റോബട്ടിക് സൊല്യൂഷൻസ് റെസ്ക്യു ക്ലീൻ റോവേഴ്സ് പ്രോജക്ടിനാണ് സമ്മാനം. വെള്ളത്തിലും കരയിലും സഞ്ചരിക്കുന്ന റോബട്ടുകളെയാണ് ഒരുക്കിയത്.
ജിപിഎസ് സംവിധാനം വഴി ലൊക്കേഷൻ കൈമാറുന്നതിനും ലൈവ് ക്യാമറ ഫീഡ് നൽകാനും ഈ റോബട്ടുകൾക്കാകും. പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ് ഇരുവരും. രാജ്യത്തെയും ഗൾഫ് നാടുകളിലെയും നൂറോളം സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തിരുന്നു. ഹോളി ഗ്രെയ്സിലെ ഫിനാൻസ് ഡയറക്ടർ അമ്പഴക്കാട് പള്ളിപ്പാട്ട് ജീസന്റെയും ലിയയുടെയും മക്കളാണ്.