ADVERTISEMENT

ഏത് പാട്ടും കേൾക്കേണ്ട താമസം കുഞ്ഞ് ആയുഷ് കൃഷ്ണയുടെ കുഞ്ഞുവിരലുകളിൽ താളം വിരിയും. മുന്നിലിരിക്കുന്ന കുഞ്ഞു ചെണ്ടയിൽ കൊട്ടിക്കേറും. എന്ത് മനോഹരമായ താളബോധമാണ് ഈ കുഞ്ഞിനെന്ന് കാണുന്നവർ അമ്പരക്കും. സോഷ്യൽ മീഡിയയിൽ സ്റ്റാറായ ആയുഷ് കൃഷ്ണ ഇതിനകം തന്നെ വാർത്തകളിലും താരമാണ്. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ആളുകളാണ് ആയുഷിന്റെ ഓരോ വിഡിയോയും കാണുന്നത്.

'ഇല്ലിമുളം കാടുകളിൽ' എന്ന് അമ്മ പാടിയപ്പോൾ ആയുഷ് കൊട്ടിക്കേറിയത് കമിഴ്ത്തിയിട്ട പെയിന്റ് ബക്കറ്റിൽ ആയിരുന്നു. ആറ് മില്യൺ ആളുകളാണ് ഈ വിഡിയോ ഇതുവരെ കണ്ടത്. സംവിധായകൻ അൽഫോൻസ് പുത്രൻ, നടി അപർണ ദാസ്, നടി ബീന ആന്റണി തുടങ്ങി താരങ്ങളും അല്ലാത്തവരുമായി നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയത്. 'മാനേ മധുര കരിമ്പേ' എന്ന ഗാനത്തിന് ബക്കറ്റ് കമിഴ്ത്തി വെച്ച് കൊട്ടി കേറിയപ്പോൾ കാഴ്ചക്കാരായി എത്തിയത് രണ്ട് മില്യൺ ആളുകൾ.

കൊല്ലം കേരളപുരം കോവിൽമുക്കിൽ നരിപ്ര വീട്ടിൽ യദു കൃഷ്ണയുടെയും ഐശ്വര്യയുടെയും മകനാണ് മൂന്നു വയസുകാരനായ ഈ കൊച്ചു മിടുക്കൻ. ഇങ്ങനെ പാടി കൊടുക്കുമ്പോൾ കുഞ്ഞുമുതലേ ആയുഷ് താളം പിടിക്കുമായിരുന്നെന്ന് അമ്മ പറയുന്നു. ഒരിക്കൽ ഒരു പെയിന്റെ പാട്ടയിൽ ചുമ്മാ തട്ടി നോക്കിയപ്പോൾ അതങ്ങ് ഒത്തു. ആദ്യം ഒട്ടകത്തെ കെട്ടിക്കോ എന്ന പാട്ട് ആയിരുന്നു. അത് കറക്ട് സിങ്ക് ആയിട്ട് വന്നു. ഓർമകളാക്കി സൂക്ഷിക്കാനാണ് അമ്മ ഇൻസ്റ്റഗ്രാം തുടങ്ങി അതിലേക്ക് കുഞ്ഞുമകൻ കൊട്ടിക്കേറിയ റീലുകൾ പങ്കുവെച്ചത്. എന്നാൽ, ലോകം അതേറ്റെടുത്തതോടെ കുഞ്ഞ് ആയുഷ് താരമായി മാറി.

പാട്ടു കേൾക്കാനും വളരെ ഇഷ്ടമാണ് ആയുഷിന്. പാട്ട് പാടി കൊടുക്കുമ്പോൾ എല്ലാം പാട്ടിന് അനുസരിച്ച് താളം പിടിക്കും. ഉത്സവത്തിന് ഒക്കെ പോകുമ്പോൾ ചെണ്ടമേളം കാണുമ്പോൾ ചെണ്ട വേണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി. ഇതോടെ രണ്ടാം വയസിൽ തന്നെ വിദ്യാരംഭത്തിന് ചെണ്ട പഠിക്കാൻ ചേർത്തു. 2023ലെ വിദ്യാരംഭത്തിനാണ് ചെണ്ടയിൽ കുഞ്ഞ് ആയുഷ് ഹരിശ്രീ കുറിച്ചത്. പുതിയ പാട്ടുകളും താളങ്ങളുമായി കുഞ്ഞു ആയുഷ് കൊട്ടിക്കേറുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com