കുട്ടികളിലെ അമിത ദേഷ്യം കൈകാര്യം ചെയ്യാൻ ഇതാ ഒരു പോംവഴി !
Mail This Article
അമിത ദേഷ്യക്കാരനാണോ നിങ്ങളുടെ കുട്ടി? ചെറുപ്പത്തിൽ മകൻ/മകൾ വാശിക്കാരിയാണ്, പെട്ടന്നാണ് ദേഷ്യം വരിക, അവൻ പിടിച്ച വാശിയേ ജയിക്കൂ എന്നൊക്കെ ആവേശത്തോടെ പറയുന്ന മാതാപിതാക്കൾക്ക് പലപ്പോഴും കുട്ടികളിലെ ഇത്തരം സ്വഭാവ വൈകല്യങ്ങൾക്ക് പിന്നിലെ വരുംകാല അപകട സാധ്യതകൾ അറിയില്ല. ദേഷ്യം ഒരിക്കലും കുട്ടികൾക്ക് ഇണങ്ങുന്ന ഒന്നല്ല. അമിതമായ കോപം മറ്റ് വികാരങ്ങളെ തന്നെ ഇല്ലാതാക്കും. വികാരങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ പഠിപ്പിക്കുക എന്നതാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. കുട്ടികളിലെ അമിതമായ ദേഷ്യം ഇല്ലാതാക്കാൻ മാതാപിതാക്കൾക്ക് ഘട്ടംഘട്ടമായി ചില കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയും
കുട്ടികളുടെ വികാരങ്ങൾ മനസിലാക്കുക
നമ്മളെപ്പോലെ തന്നെ നമ്മുടെ കുട്ടികളും പല ഇമോഷൻസിലൂടെ കടന്നു പോകുന്നവരാണ്. സങ്കടം, സന്തോഷം, നിരാശ എന്നിവയെല്ലാം അവർക്കും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചിലപ്പോൾ ഇത്തരം വികാരങ്ങൾ വേണ്ട രീതിയിൽ മാതാപിതാക്കൾ ശ്രദ്ധിക്കാതെ വരുമ്പോഴാകാം കുട്ടികൾ ദേഷ്യക്കാരും വാശിക്കാരും ആകുന്നത്. കുട്ടികളുടെ മനസിലൂടെ കടന്നു പോകുന്ന ഇമോഷൻസ് അവരെ തിരിച്ചറിയിക്കുന്നതാണ് അവയെ നിയന്ത്രിക്കാൻ പഠിപ്പിക്കുന്നതിനുള്ള ആദ്യ പടി.
ഇക്കാര്യങ്ങൾ പഠിപ്പിക്കുമ്പോൾ ഓരോ വികാരങ്ങളുടെയും അനന്തരഫലങ്ങൾ കൂടി വ്യക്തമാക്കുക. വ്യത്യസ്ത വികാരങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങൾ ഉപയോഗിച്ച് ഗെയിമുകൾ കളിക്കുക, സംസാരിക്കുമ്പോൾ അതിലെ ഇമോഷൻസ് ചൂണ്ടിക്കാണിക്കുക, കുട്ടികൾ വിഷമം പങ്കുവയ്ക്കുമ്പോൾ അത് ശരിയായ രീതിയിൽ ഉൾക്കൊള്ളുക, സന്തോഷത്തിൽ സംസാരിക്കുമ്പോൾ. നല്ല ഹാപ്പി ആണല്ലോയെന്ന് ചോദിക്കുക എന്നിവയെല്ലാം കുട്ടികളെ അവരുടെ വികാരങ്ങൾ മനസിലാക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്.
വികാരങ്ങൾ നിയന്ത്രിക്കാനുള്ള വഴികൾ പഠിപ്പിക്കുക
വിവിധ വികാരങ്ങൾ ബാലൻസ് ചെയ്യാനുള്ള വഴികൾ അവരെ പഠിപ്പിക്കുക. അമിതമായി ദേഷ്യം വരുമ്പോൾ ആഴത്തിൽ ശ്വാസം എടുക്കുക, സങ്കടം വരുമ്പോൾ പ്രിയപ്പെട്ട കളിപ്പാട്ടം കളിക്കുക, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ മാതാപിതാക്കളോട് സംസാരിക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്താം. സ്വയം ശാന്തരാകാനുള്ള വഴികൾ കണ്ടെത്തുമ്പോൾ അവരെ പ്രശംസിക്കുക. ശാന്തരായതിനുശേഷം പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കുക. കുട്ടികൾക്ക് സ്വയം പരിഹാരം കാണാൻ കഴിയാത്ത പ്രശ്നമാണെങ്കിൽ മാതാപിതാക്കൾ എന്ന നിലയിൽ അതിൽ ഇടപെടുക, ഒത്തുതീർപ്പുകൾ കണ്ടെത്തുക, ആവശ്യമെങ്കിൽ സഹായം ചോദിക്കുക എന്നിവ ഉൾപ്പെടും. വികാരങ്ങൾ കൈകാര്യം ചെയ്യുന്നതിനൊപ്പം, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവുകൾ വളർത്തുന്നതും പ്രധാനമാണ്.
പുസ്തകങ്ങൾ പരിചയപ്പെടുത്തുക
കുട്ടിയുടെ പ്രായത്തിനും താൽപര്യത്തിനും അനുയോജ്യമായ കഥകൾ വായിക്കാനായി നൽകുക. കഥയിലെ കഥാപാത്രങ്ങൾ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന രീതി മാതൃകയായി കാണിക്കുക. പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ സഹായം ചോദിക്കാൻ നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. ഇഷ്ടമുള്ള കളിപ്പാട്ടങ്ങൾക്കൊപ്പം കളിക്കാൻ അനുവദിക്കുക.