‘തനിക്ക് ലഭിച്ച വലിയ നേട്ടങ്ങളിൽ ഒന്ന്, അതിശയോക്തി കലർന്ന ആ വാക്കുകൾ ക്ഷമിക്കണം’; മകന്റെ കത്ത് പങ്കുവെച്ച് അല്ലു അർജുൻ
Mail This Article
പുഷ്പ 2 എന്ന വമ്പൻ സിനിമയുടെ വിജയാഘോഷത്തിലാണ് തെന്നിന്ത്യ മുഴുവൻ. ചിത്രത്തിന്റെ റിലീസിന് മുൻപേ ഹൃദയം തൊടുന്നൊരു കുറിപ്പുമായി പിതാവിന് വിജയാശംസകൾ അറിയിച്ചിരിക്കുകയാണ് അല്ലു അർജുന്റെ പുത്രൻ അയാൻ. പിതാവിനെ പ്രശംസിച്ചു കൊണ്ടുള്ള കത്തിൽ താനാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധകനെന്നും അയാൻ കുറിച്ചിട്ടുണ്ട്. തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിതെന്നാണ് സമൂഹ മാധ്യമങ്ങളിൽ മകന്റെ കത്ത് പങ്കുവെച്ചു കൊണ്ടുള്ള അല്ലു അർജുന്റെ പ്രതികരണം.
താങ്കളുടെ വിജയം, കഠിനാധ്വാനം, സിനിമയോടുള്ള അഭിനിവേശം, ആത്മസമർപ്പണം എന്നിവയെ കുറിച്ചെല്ലാമോർത്ത് ഞാൻ അഭിമാനിക്കുന്നു എന്നെഴുതിയാണ് അയാന്റെ കത്ത് ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും മഹാനായ നടന്റെ സിനിമ ഇന്ന് പുറത്തിറങ്ങുമെന്നും ഈ ദിവസത്തിൽ താങ്കൾ വിവിധങ്ങളായ വികാരങ്ങളിലൂടെയായിരിക്കും കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നു തനിക്കറിയാമെന്നും അയാൻ സൂചിപ്പിച്ചിട്ടുണ്ട്. പുഷ്പ 2 വെറുമൊരു സിനിമയായി അല്ല താങ്കൾ കാണുന്നതെന്നും അഭിനയത്തോടെയുള്ള സ്നേഹവും അഭിനിവേശവും അതിൽ നിറഞ്ഞിട്ടുണ്ടെന്നും ചിത്രത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും വിജയമാശംസിച്ചു കൊണ്ടുള്ള കുറിപ്പിൽ പറയുന്നുണ്ട്.
പത്ത് വയസുകാരനായ മകന്റെ എഴുത്ത് ഏറെ അഭിമാനത്തോടെയാണ് അല്ലു അർജുനും പങ്കുവെച്ചിരിക്കുന്നത്. ഈ കുറിപ്പ് ഹൃദയത്തെ സ്പർശിച്ചുവെന്നും തനിക്ക് ലഭിച്ച വലിയ നേട്ടങ്ങളിൽ ഒന്നാണിതെന്നും ഇത്തരമൊരു സ്നേഹം ലഭിച്ചതു ഭാഗ്യമാണെന്നുമാണ് മലയാളികളുടെയും പ്രിയങ്കരനായ തെലുങ്ക് സൂപ്പർതാരം കുറിച്ചിരിക്കുന്നത്. അവൻ കുട്ടിയായതു കൊണ്ടുതന്നെ കത്തിലെ ചില ഭാഗങ്ങളിലുള്ള അതിശയോക്തി കലർന്ന വാക്കുകൾ ക്ഷമിക്കണമെന്നും അല്ലു അർജുൻ കൂട്ടി ചേർത്തിട്ടുണ്ട്.