നാത്സികൾ ഫ്രഞ്ച് തീരത്ത് പണിത 3000 കിലോമീറ്റർ ഉരുക്കുകോട്ട! ബുള്ളറ്റ് മഴ താണ്ടിയെത്തിയ സഖ്യസേന
Mail This Article
ലോകയുദ്ധ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഭവങ്ങളിലൊന്നായിരുന്നു ഡീ–ഡേ. തീവ്രമായ യുദ്ധം. രണ്ടാം ലോകയുദ്ധം തുടങ്ങിയ ശേഷമാണ് നാത്‌സി സേന വടക്കുപടിഞ്ഞാറൻ ഫ്രാൻസ് കീഴടക്കിയത്. പടിഞ്ഞാറൻ യൂറോപ്പിലെ നാത്‌സി അപ്രമാദിത്വം ഇതോടെ തുടങ്ങി. 1941 ഡിസംബറിലാണു അമേരിക്ക രണ്ടാം ലോകയുദ്ധത്തിൽ ഇടപെട്ടുതുടങ്ങിയത്. ബ്രിട്ടനുമായി ചേർന്ന് ജർമനിക്കെതിരെ ഒരു സഖ്യ ആക്രമണത്തിന് ഇവർ പദ്ധതിയിട്ടു. ഓപ്പറേഷൻ ഓവർലോർഡ് എന്നു ദൗത്യത്തിനു താമസിയാതെ പേരും വീണു.
ഫ്രാൻസിലെ നോർമൻഡി മേഖലയായിരുന്നു സഖ്യസേന, ശത്രുമേഖലയിലേക്കുള്ള കവാടമായി വിലയിരുത്തിയത്. ശത്രുവിന്റെ വമ്പൻ സൈനിക കെട്ടിപ്പടുക്കലുകളെ വകവയ്ക്കാതെ സഖ്യസേനാംഗങ്ങൾ കടൽത്തീരങ്ങളിൽ ഇറങ്ങിയ ആ ദിനം അഡോൾഫ് ഹിറ്റ്ലറിന്റെ അനിവാര്യമായ പതനത്തിനുള്ള നാന്ദികുറിക്കലായിരുന്നു. ഡീഡേ എന്നറിയപ്പെടുന്നു ഈ ദിനം. ഈ വർഷം ജൂൺ ആറിന് ഈ ദിനത്തിന്റെ എൺപതാം വാർഷികമാണ് കടന്നു പോകുന്നത്. ബ്രിട്ടനിലും ഫ്രാൻസിലും വലിയ തോതിലുള്ള അനുസ്മരണങ്ങളും ആഘോഷച്ചടങ്ങുകളുമാണ് ഈ വർഷം ഒരുക്കിയിരിക്കുന്നത്.
ഒന്നരലക്ഷം സൈനികരാണു ബ്രിട്ടനിൽ നിന്നു ഇംഗ്ലിഷ് ചാനൽ കടന്ന് ദൗത്യത്തിനായി മുന്നിട്ടിറങ്ങിയത്. ഫ്രാൻസിന്റെ തീരമേഖലയായ നോർമൻഡിയിലെ 70 കിലോമീറ്ററോളം നീളമുള്ള കടൽത്തീരത്തെ 5 ബീച്ചുകളിലാണു സഖ്യസേന ഇറങ്ങിയത്. കടലിലും കരയിലുമായുള്ള ‘ആംഫീബിയസ്’ പോരാട്ടങ്ങളിൽ ലോകത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലുതായിരുന്നു ഈ പോരാട്ടം..ഏറ്റവും കടുത്തതും. 1944 ജനുവരിയിൽ യുഎസ് ജനറൽ, ഡ്വൈറ്റ് ഐസനോവർ ഓപ്പറേഷൻ ഓവർലോർഡിന്റെ പരമാധികാരമുള്ള കമാൻഡറായി നിയമിതനായി. പിൽക്കാലത്ത് യുഎസ് പ്രസിഡന്റ് സ്ഥാനം വരെ നേടിയ അതിപ്രശസ്തനായ സൈനികനും തന്ത്രജ്ഞനുമായിരുന്നു ഐസനോവർ. വ്യാജപ്രചാരണങ്ങളിലൂടെയും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങളിലൂടെയും ജർമനിക്ക് ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നു ഇവരുടെ ആദ്യ നടപടി. ഇതുവഴി എവിടെ, എപ്പോൾ സഖ്യസേന എത്തുമെന്നുള്ള കാര്യത്തിൽ ജർമനി ചിന്താലുവായി. ഇത് അവരുടെ നീക്കങ്ങളെ തളർത്തി.
ഫ്രാൻസിലേക്ക് ഏതു സമയവും സഖ്യസേനയെത്താമെന്നു സംശയിച്ച അഡോൾഫ് ഹിറ്റ്ലർ നാത്‌സി സേനയിലെ കുപ്രസിദ്ധ ജനറലായിരുന്ന ഇർവിൻ റോമലിന് വടക്കൻ ഫ്രാൻസിന്റെ സുരക്ഷാച്ചുമതല നേരത്തെ കൊടുത്തിരുന്നു. അറ്റ്ലാന്റിക് വാൾ എന്ന പേരിൽ ഫ്രാൻസിന്റെ തീരപ്രദേശങ്ങളിൽ മൂവായിരത്തിലധികം കിലോമീറ്ററുകൾ നീളം വരുന്ന ബങ്കറുകൾ, മൈനുകൾ, മറ്റ് തടസ്സങ്ങൾ, ആയുധങ്ങൾ എന്നിവയുടെ ഒരു വലിയ നിരയും സൃഷ്ടിച്ചു. ഈ ഉരുക്കുകോട്ടയ്ക്കുള്ളിൽ തങ്ങൾ അജയ്യരെന്നു നാത്‌സികളും ഹിറ്റ്ലറും കരുതി.
നോർമൻഡിയിൽ ആക്രമണത്തിനുള്ള സംഘങ്ങൾ ജൂൺ അഞ്ചായപ്പോഴേക്കും തയാറായിരുന്നു. അയ്യായിരത്തിലധികം കപ്പലുകളടങ്ങിയ ഒരു വൻ സൈനികവ്യൂഹം, ഫ്രാൻസിലേക്ക് അന്നുച്ച കഴിഞ്ഞു പുറപ്പെട്ടു. ഇതിന് അകമ്പടിയും സംരക്ഷണവുമായി 11000 വിമാനങ്ങളുമുണ്ടായിരുന്നു.അഞ്ച് ബീച്ചുകൾ പിടിക്കുകയായിരുന്നു ലക്ഷ്യം. നാലായിരത്തിലധികം സഖ്യസേനാംഗങ്ങളുടെ ജീവൻ അന്നേദിനം പൊലിഞ്ഞു. അത്രയും തന്നെ സൈനികരെ കാണാതാകുകയും ചെയ്തു. പക്ഷേ, അനേക ലക്ഷങ്ങളുടെ പ്രാർഥന ഏറ്റുവാങ്ങിയുള്ള ആ യുദ്ധത്തിൽ അന്നേദിനം സഖ്യസേന വിജയം നേടി. യൂറോപ്പിലേക്കുള്ള കവാടം അവർക്കു മുന്നിൽ തുറന്നു. അഡോൾഫ് ഹിറ്റ്ലറിന്റെ പതനം നടപ്പാക്കാൻ അവർ ഫ്രാൻസിലേക്കു കയറി.
ജൂൺ 11 ആയപ്പോഴേക്കും വടക്കുപടിഞ്ഞാറൻ ഫ്രാൻസിന്റെ തീരമേഖലകളുടെ പൂർണനിയന്ത്രണം സഖ്യസേനയുടെ കൈയിലായി. സുരക്ഷിതമാക്കപ്പെട്ട ഇവിടേക്ക് അരലക്ഷത്തോളം വാഹനങ്ങളും മൂന്നരലക്ഷം സൈനികരും. ഒരു ലക്ഷം ടൺ ഭാരം വരുന്ന യുദ്ധക്കോപ്പുകളും എത്തിച്ചേർന്നു. തുടർന്നുള്ള ആഴ്ചകളിൽ നോർമൻഡിയുടെ ഗ്രാമപ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കപ്പെട്ടു. ചെർബോർഗ് എന്ന തന്ത്രപ്രധാനമായ തുറമുഖവും സഖ്യസേന പിടിച്ചെടുത്തു. 1944 ഓഗസ്റ്റ് 14 ആയതോടെ സഖ്യസേന സെയ്ൻ നദി കടന്നു പാരിസ് മോചിപ്പിച്ചു. വളരെ നിർണായകമായ വിജയം. നോർമൻഡി യുദ്ധത്തിന് അവസാനമായി. വടക്കുപടിഞ്ഞാറൻ ഫ്രാൻസ് നാത്‌സികളുടെ സാന്നിധ്യത്തിൽ നിന്ന് എന്നെന്നേക്കുമായി ഒഴിഞ്ഞു.
സഖ്യസേന ആക്രമണം തുടർന്നു. പടിഞ്ഞാറ് നിന്നു സഖ്യസേനയെയും കിഴക്കു നിന്നു സോവിയറ്റ് റഷ്യയെയും ഒരുമിച്ചു നേരിടേണ്ട അവസ്ഥയിലെത്തി ജർമനി. ഒടുവിൽ അനിവാര്യമായ പതനം. അതു നേരിടാതെ ഹിറ്റ്ലർ തന്റെ ബങ്കറിൽ സ്വയം ജീവിതം അവസാനിപ്പിച്ചു. 1945 മേയ് എട്ടിനു നാത്‌സി ജർമനിയുടെ പതനം പൂർത്തിയായെന്നും രണ്ടാം ലോകയുദ്ധം വിജയിച്ചെന്നും ലോകരാഷ്ട്രങ്ങൾ പ്രഖ്യാപിച്ചു.