എട്ടാം വയസ്സിൽ യുദ്ധത്തിൽ പങ്കെടുത്ത കുട്ടി: ഒന്നാം ലോകയുദ്ധത്തിലെ ഏറ്റവും പ്രായംകുറഞ്ഞയാൾ
Mail This Article
യുദ്ധങ്ങൾ വിനാശകാരികളാണ്. അവ കുട്ടികളെയും നന്നായി ബാധിക്കും. സമീപകാലത്ത് നടന്നതും നടക്കുന്നതുമായ യുദ്ധങ്ങളിൽ ഈ വസ്തുത നമുക്ക് കാണാം. സൈന്യം എന്നു കേൾക്കുമ്പോൾ നമുക്ക് ഓർമവരുന്നത് പരിശീലനവും അച്ചടക്കവും നേടിയ വ്യക്തികളുടെ ശക്തിയുറ്റ ഒരു സംഘത്തെയാണ്. നമ്മുടെ രാജ്യത്തു സൈനിക സേവനത്തിനു മുതിർന്ന, കൃത്യമായ വിദ്യാഭ്യാസം തേടിയവർക്കേ പറ്റുകയുള്ളൂ. ഇവിടത്തെ സൈന്യം നിയമന കാര്യങ്ങളിൽ അതീവ ശ്രദ്ധാലുക്കളുമാണ്.
എന്നാൽ ലോകത്തെല്ലായിടത്തും ഇതല്ല സ്ഥിതി. ആഫ്രിക്കയിലും മറ്റുമുള്ള പ്രക്ഷുബ്ധ സാഹചര്യങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ ഇന്നും കുട്ടികൾ സൈന്യത്തിvdJzയും മറ്റു മിലിഷ്യകളുടെയുമൊക്കെ ഭാഗമാകുന്നു എന്നത് വേദനിപ്പിക്കുന്ന വസ്തുതയാണ്. ലോകത്തെ പിടിച്ചു കുലുക്കിയ സംഭവങ്ങളാണ് ലോകയുദ്ധങ്ങൾ. രണ്ടു തവണയായി നടന്ന ഈ ലോകയുദ്ധങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് സൈനികർ പങ്കെടുത്തു.
കുട്ടികളും ചില സൈന്യങ്ങളിൽ ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. പോരാട്ട മേഖലകളിലും വെടിമരുന്നും മറ്റു സാമഗ്രികളും വഹിക്കാനുമൊക്കെയായിരുന്നു കുട്ടികളെ അന്നു സൈന്യത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഒന്നാം ലോകയുദ്ധ കാലത്തെ ബ്രിട്ടിഷ് സൈന്യത്തിൽ പോലും രണ്ടരലക്ഷത്തോളം പ്രായപൂർത്തിയാകാത്ത സൈനികരുണ്ടായിരുന്നെന്നു കണക്കുകളുണ്ട്. ഒന്നാം ലോകയുദ്ധകാലത്തെ കുട്ടി സൈനികരിൽ ഏറ്റവും പ്രശസ്തനായ ആളാണ് ഗാവ്‌റിക് മോംസിലോ. സെർബിയൻ സൈന്യത്തിന്റെ ഭാഗമായി ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്തപ്പോൾ വെറും എട്ട് വയസ്സുമാത്രമായിരുന്നു ഗാവ്‌റിക്കിന്റെ പ്രായം. സെർബിയയിലെ ലോസ്‌നിക വെസ്റ്റ് എന്ന ഗ്രാമത്തിൽ 1906ലായിരുന്നു ഗാവ്‌റിക്കിന്റെ ജനനം.
എന്നാൽ കൊച്ചു ഗാവ്‌റിക്കിന് എട്ടുവയസ്സുമാത്രമുള്ളപ്പോൾ അവന്റെ രക്ഷകർത്താക്കൾ ഓസ്ട്രിയൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സഹായം തേടിയലഞ്ഞ ഗാവ്‌റിക് സൈന്യത്തിൽ ചെന്നുചേർന്നു. എട്ടുവയസ്സുള്ളപ്പോഴായിരുന്നു ഗാവ്‌റിക്കിന്റെ ആദ്യയുദ്ധം. ബാറ്റിൽ ഓഫ് സെർ എന്നറിയപ്പെടുന്ന യുദ്ധത്തിൽ സെർബിയ വിജയിച്ചു. ഗാവ്‌റിക്കിന് കോർപറൽ എന്ന സ്ഥാനം ലഭിച്ചു. സൈനിക യൂണിഫോമും അവനു കിട്ടി.
പിൽക്കാലത്ത് ഒരുപാടു പ്രതിസന്ധികൾ ഗാവ്‌റിക്കിന്റെ ജീവിതത്തിൽ സംഭവിച്ചെങ്കിലും അവൻ അതെല്ലാം തരണം ചെയ്തു. 87 വയസ്സുവരെ ജീവിച്ച ഗാവ്‌റിക് 1993ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ ഓർമയ്ക്കായി സെർബിയയിൽ നിരവധി സ്മാരകങ്ങളുണ്ട്. ലോസ്‌നിക്കയിലെ ഒരു തെരുവിനും ഗാവ്‌റിക്കിന്റെ പേരാണ്.