യൂറോപ്പയിലേക്കു പുറപ്പെടുന്നു നാസ: വ്യാഴത്തിന്റെ ഐസ് നിറഞ്ഞ ചന്ദ്രനിൽ ജീവനുണ്ടോ?
Mail This Article
ദിവസങ്ങൾക്ക് മുൻപാണ് നാസ ആ പ്രഖ്യാപനം നടത്തിയത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ അനേകം ചന്ദ്രൻമാരിലൊരാളായ യൂറോപ്പയിലേക്ക് നാസ ഒരു ബഹിരാകാശ പേടകം അയയ്ക്കാൻ പോകുകയാണ്. ഗ്രഹദൗത്യങ്ങൾക്കായി നാസ നിർമിച്ച ഏറ്റവും വലിയ ഉപഗ്രഹമാണ് ക്ലിപ്പർ. ഈ പേടകത്തിന്റെ വിക്ഷേപണം ഈ വർഷം ഒക്ടോബറിലാണു നടക്കുക.
വ്യാഴഗ്രഹത്തെ ഭ്രമണം ചെയ്യുകയാകും ക്ലിപ്പർ പ്രധാനമായി ചെയ്യുകയത്രേ. എന്നാൽ പ്രധാനമായും യൂറോപ്പയെയും നിരീക്ഷിക്കും. ഒന്നും രണ്ടുമല്ല ഏകദേശം 50 തവണയാണ് യൂറോപ്പയ്ക്ക് സമീപം ക്ലിപ്പർ എത്തുക.
ഐസ് നിറഞ്ഞ ചന്ദ്രനായ യൂറോപ്പയിൽ ജീവനു സാധ്യതയുണ്ടെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞർ ശക്തമായി സംശയിക്കുന്നുണ്ട്. ഇതു പരിശോധിച്ച് ഉറപ്പുവരുത്തുക എന്നതാണ് ക്ലിപ്പറിന്റെ പ്രധാനപ്പെട്ട ദൗത്യം. വ്യാഴഗ്രഹത്തിന് ഇതുവരെ 95 ചന്ദ്രൻമാരെ കണ്ടെത്തിയിട്ടുണ്ട്. ഇനിയും ഈ സംഖ്യ കൂടാനും സാധ്യത കൽപിക്കപ്പെടുന്നുണ്ട്.ഇയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റ എന്നിവയാണ് ഈ ചന്ദ്രൻമാരിൽ വലുപ്പം കൊണ്ടും പിണ്ഡം കൊണ്ടും മുന്നിൽ നിൽക്കുന്ന 4 ചന്ദ്രൻമാർ. ഈ നാലു ചന്ദ്രൻമാരെയും 1610ൽ വിഖ്യാത ശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലിയാണ് കണ്ടെത്തിയത്. അതിനാൽ തന്നെ ഇവയെ ഗലീലിയൻ ചന്ദ്രൻമാർ എന്നും വിളിക്കുന്നു.
രണ്ടാം വ്യാഴമെന്നും വിളിപ്പേരുള്ള യൂറോപ്പ ഭൂമിയുടെ ചന്ദ്രനെക്കാൾ ചെറുതാണ്. സിലിക്ക പാറകൾ കൊണ്ടുള്ള ഉൾക്കാമ്പും ഹിമം നിറഞ്ഞ പുറംകാമ്പുമാണ് യൂറോപ്പയ്ക്കുള്ളത്. സൗരയൂഥത്തിൽ ഉള്ളതിൽ ഏറ്റവും മിനുസമാർന്ന പ്രതലമുള്ള വസ്തുവും യൂറോപ്പയിലാണ്. ഇവിടെ ഇതുവരെ ഒരു പേടകവും ഇറങ്ങിയിട്ടില്ല. യൂറോപ്പിന്റെ പുറംകാമ്പിനു കീഴിലുള്ള സമുദ്രത്തിൽ ജീവസാധ്യതയുണ്ടെന്ന് കാലങ്ങളായി വാദമുണ്ട്. ഇത്തരം സാധ്യതകൾ വ്യാഴത്തിന്റെയും ശനിയുടെയും പല ചന്ദ്രൻമാർക്കും കൽപിച്ചിട്ടുമുണ്ട്. ഏതായാലും ക്ലിപ്പർ ദൗത്യം അവിടെ എത്തുന്നതോടെ വ്യാഴത്തിന്റെ ഈ കൂട്ടുകാരനെപ്പറ്റി കൂടുതൽ വിവരങ്ങൾ നമുക്കറിയാമെന്ന് പ്രതീക്ഷിക്കാം.