ADVERTISEMENT

‌‌സിംബയെന്ന പേര് കേൾക്കാത്തവർ കുറവായിരിക്കും. ഡിസ്നിയുടെ ‌ലോകമെങ്ങും തരംഗം സൃഷ്ടിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം ലയൺ കിങ്ങിലെ കുട്ടിസിംഹം. അനേകം കോമിക്സുകളിലൂടെയും മറ്റും സിംബ ചിരപരിചിതമാണ്. ലയൺകിങ് സിനിമാപരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ മുഫാസ–ദ ലയൺ കിങ് ഈ വർഷം തിയറ്ററുകളിലെത്തുകയാണ്. എന്നാൽ സിംഗപ്പൂരിലും ഒരു മുഫാസയുണ്ടായിരുന്നു.

പേരിൽ സിംഹമൊക്കെയുണ്ടെങ്കിലും സിംഗപ്പൂർ ഒരുകാലത്തും സിംഹങ്ങളുടെ ആവാസ വ്യവസ്ഥയായിരുന്നിട്ടില്ല. ആഫ്രിക്കയിൽ നിന്നും മറ്റുമാണ് സിംഹങ്ങളെ ഇവിടത്തെ മൃഗശാലകളിൽ എത്തിക്കുന്നത്.വലിയ ശ്രദ്ധയാണ് മൃഗശാലകളിൽ ഇവയ്ക്ക് കിട്ടുന്നത്.ഇത്തരത്തിൽ സിംഗപ്പൂരിലെ മൃഗശാലയിൽ എത്തിയ ഒരു ആഫ്രിക്കൻ സിംഹമായിരുന്നു മുഫാസ. കൂട്ടിലിട്ടതിനാലാണോ എന്തോ,തികച്ചും ഏകാകിയായിരുന്നു മുഫാസ. മറ്റുള്ള മൃഗങ്ങളോട് സഹവസിക്കാൻ താൽപര്യമില്ലാതിരുന്ന മുഫാസയ്ക്ക് പക്ഷേ മറ്റു സിംഹങ്ങളേക്കാൾ ആയുസ്സ് കൂടുതലായിരുന്നു. 20 വയസ്സായിരുന്നു മുഫാസയുടെ പ്രായം. സാധാരണ സിംഹങ്ങൾ 13–14 വയസ്സു വരെയെ ജീവിച്ചിരിക്കൂ.

മുഫാസയ്ക്ക്  കുട്ടികളൊന്നുമുണ്ടായിരുന്നില്ല. ഒടുവിൽ കൃത്രിമ ഗർഭധാരണത്തിലൂടെ മുഫാസയുടെ ജീനുകളുള്ള ഒരു സിംഹക്കുട്ടിയെ ജനിപ്പിക്കാൻ മൃഗശാല അധികൃതർ തീരുമാനിക്കുകയായിരുന്നു. പ്രക്രിയകൾ പൂർത്തിയാക്കി. എന്നാൽ ഇതിനിടെ മുഫാസ തീർത്തും അവശനായി.ഒടുവിൽ മൃഗശാല അധികൃതർ മുഫാസയെ ദയാവധത്തിനു വിധേയനാക്കി. മുഫാസ ഈ ലോകത്തിൽ നിന്ന് എന്നെന്നേക്കുമായി പോയെങ്കിലും മൃഗശാല അധികൃതരുടെ ശ്രമം വിജയിച്ചു. മുഫാസയുടെ ജീനുകളും അതേ കണ്ണുകളുമായി സുന്ദരൻ ആൺസിംഹക്കുട്ടി മൃഗശാലയിൽ ജനിച്ചു.മുഫാസയുടെ പുത്രൻ....അവനെ അവർ സിംബ എന്നു വിളിച്ചു. സിംബ എന്ന വാക്കിന് ആഫ്രിക്കയിലെ സ്വാഹിലി ഭാഷയിൽ സിംഹം എന്നാണ് അർഥം. 2021ൽ ആയിരുന്നു സിംബയുടെ ജനനം.

simba-lion-cub-
Simba. Photo by Wildlife Reserves Singapore

സിംബയുടെ ജനനശേഷം അണുബാധയുണ്ടായതിനാൽ അമ്മ കെയ്‌ലയ്ക്ക് സിംബയ്ക്ക് പാൽ കൊടുക്കാൻ പറ്റിയിരുന്നില്ല. പ്രത്യേകം തയാർ ചെയ്ത കുപ്പിപ്പാലാണ് കുട്ടിസിംഹത്തിന് മൃഗശാല അധികൃതർ നൽകിയിരുന്നത്. ഇന്ന് സിംബയ്ക്ക് 3 വയസ്സ് കഴിഞ്ഞിരിക്കുന്നു. മൃഗരാജാക്കൻമാരെന്നു പേരൊക്കെയുണ്ടെങ്കിലും സിംഹങ്ങളുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്.23000 മുതൽ 39000 സിംഹങ്ങൾ മാത്രമാണ് ഇന്ന് ഭൂമിയിൽ ഉള്ളതെന്ന് രാജ്യാന്തര പ്രകൃതി സംരക്ഷണ യൂണിയൻ കുറച്ചുനാൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

English Summary:

 Meet Singapore Zoo's Real-Life 'Lion King' Legacy, Mufasa and Cub Simba

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com