ഗൂഗിൾ മാപ്പ് നിങ്ങളെ ചതിച്ചിട്ടുണ്ടോ? വഴി തെറ്റാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
Mail This Article
കൂട്ടുകാർ പലപ്പോഴും രക്ഷിതാക്കളുമായി യാത്രകളൊക്കെ പോകാറുണ്ടല്ലോ. വഴിയറിയാനായി കാറിലെ ഡിസ്പ്ലേ സ്ക്രീനിലോ അല്ലെങ്കിൽ മൊബൈലിലോ ഗൂഗിൾ മാപ്പും ഉപയോഗിക്കാറുണ്ട് പലരും. ചില കാര്യങ്ങൾ ഗൂഗിൾ മാപ്പിനെക്കുറിച്ച് അറിയുന്നത് നല്ലതാണ്. ഒരു ആവശ്യഘട്ടത്തിൽ രക്ഷിതാക്കൾക്ക് പറഞ്ഞുകൊടുക്കുകയുമാകാം. രണ്ട് ദിവസം മുൻപ് കേരളത്തിൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വഴിതെറ്റി ഹൈദരാബാദ് സ്വദേശികൾ തോട്ടിൽവീണത് വലിയ വാർത്തയായിരുന്നു.
നമ്മുടെ മൊബൈൽ ഫോണിലെ ഒരു ഉപകാരിയായ ചങ്ങാതിയാണ്- ഗൂഗിൾ മാപ്‌സ്. ആദിമകാല അറ്റ്‌ലസിന്റെയും കോംപസിന്റെയും പിന്നീടുണ്ടായ മാപ്പുകളുടെയുമൊക്കെ ഹൈടെക് പിന്മുറക്കാരൻ. ഉപഗ്രഹ ദൃശ്യങ്ങളിൽ നിന്നു കൃത്യമായി സ്ഥലങ്ങളും വഴികളും കാണിച്ചുതരാനും അങ്ങോട്ടുള്ള ഗതി പറഞ്ഞു തരാനുമൊക്കെ നല്ല മിടുക്കാണ് ഗൂഗിൾ മാപ്‌സിന്.
എന്നാൽ ചില അബദ്ധങ്ങളും ഗൂഗിൾ മാപ്പിനു വരാറുണ്ട്. കേരളത്തിൽ മാത്രമല്ല ലോകത്തെമ്പാടും ഇങ്ങനത്തെ ചില്ലറ പറ്റുകൾ മാപ്പിനു പറ്റുകയും അവ വാർത്തകളാകുകയും ചെയ്തിരുന്നു. ഗൂഗിൾ മാപ്പ് പ്രതിസന്ധികൾ ചെറിയ ചില മുൻകരുതലുകൾ എടുക്കാമെങ്കിൽ ഒഴിവാക്കാവുന്നതേയുള്ളൂ.അപരിചിതവും വിജനവുമായ മേഖലകളിലാണെങ്കിൽ ഹൈവേയിൽ തന്നെ യാത്ര ചെയ്യാൻ ശ്രമിക്കുക. ഗൂഗിൾ നോക്കി അൽപം സമയലാഭത്തിനായുള്ള ഇടറോഡ് ഒഴിവാക്കുന്നതാകും നല്ലത്.
പ്രത്യേകിച്ചും രാത്രിയാത്രയിൽ.ഇടറോഡിൽ കയറേണ്ട അവസ്ഥ വന്നാൽ ആദ്യം കാണുന്ന നാട്ടുകാരനോട് സ്ഥിതി ആരായുക. എവിടെയെങ്കിലും ഗതാഗത നിരോധനമോ തകർച്ചയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ അവർ പറഞ്ഞുതരും. കാര്യമായ പ്രശ്‌നമോ സ്ഥിരമായ ഗതാഗത തടസ്സമോ ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ്പ് ആപ്പ് തുറന്നു ചുവടെയുള്ള കോൺട്രിബ്യൂട്ട് എന്ന ഓപ്ഷനിൽ വിരലമർത്താം. തുടർന്നു തുറക്കുന്ന വിൻഡോയിൽ നിന്ന് എഡിറ്റ് മാപ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ ആഡ് ഓർ ഫിക്‌സ് റോഡ് എന്ന പുതിയ ഓപ്ഷൻ കാണാം. ഇതു തിരഞ്ഞെടുത്ത് എന്താണു പ്രശ്‌നമെന്നു റിപ്പോർട്ട് ചെയ്യാം.ഗൂഗിൾ മാപ്‌സ് ഇക്കാര്യം പരിഗണിക്കും. ഇനി അതു വഴി വരുന്നവർക്കൊരു സഹായവുമാകും. തെറ്റായി കിടക്കുന്ന സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയിൽ ഗൂഗിളിനെ അറിയിക്കാം.
ഗൂഗിൾ മാപ്പിൽ ഫീഡ്ബാക് കൊടുക്കാം. സെറ്റിങ്‌സിൽ ഇതിനുള്ള സൗകര്യം ലഭിക്കും. ഉപയോക്താക്കളുടെ അഭിപ്രായങ്ങൾക്കു വലിയ പരിഗണന കൊടുക്കുന്ന സ്ഥാപനമാണ് ഗൂഗിൾ. കൂടുതൽ മികവുറ്റ നാവിഗേഷന് ലൊക്കേഷൻ ഹൈ ആക്യുറസിയിൽ വയ്ക്കാം.ഇതിനായി സെറ്റിങ്‌സിൽ പോയി ഗൂഗിൾ ലൊക്കേഷൻ സെറ്റിങ്‌സ് തിരഞ്ഞെടുത്ത ശേഷം അഡ്വാൻസ്ഡിൽ വിരലമർത്താം. ഇതിനു ശേഷം വരുന്ന മെനുവിൽ ഗൂഗിൾ ലൊക്കേഷൻ ആക്യുറസി എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഓണാക്കി വയ്ക്കാം. കോംപസ് കാലിബ്രേറ്റ് ചെയ്യുക എന്ന ഓപ്ഷനും പരിഗണിക്കാം.