ബ്രിട്ടിഷ് രാജാവിന് നോർവേയിലെ രാജാവ് നൽകിയ വിചിത്രസമ്മാനം! ലണ്ടനിലെത്തിയ വെള്ളക്കരടി
Mail This Article
സൂര്യനസ്തമിക്കാത്ത സാമ്രാജ്യം- ലോകം മുഴുവൻ പരന്നു കിടന്ന ബ്രിട്ടിഷ് സാമ്രാജ്യത്തെ ചരിത്രകാരൻമാർ ഇങ്ങനെ വിളിച്ചു. അതു ശരിയുമായിരുന്നു. പതിനെട്ടു മുതൽ 20 നൂറ്റാണ്ടുകൾ വരെ നീണ്ടുകിടന്ന പുഷ്‌കലകാലത്ത് ലോകത്തെ കരഭാഗങ്ങളുടെ 25 ശതമാനവും ബ്രിട്ടന്റെ നിയന്ത്രണത്തിലായിരുന്നു. അളവറ്റ സ്വാധീനശക്തി ബ്രിട്ടിഷ് രാജാക്കൻമാർ പുലർത്തി. ഇന്നു ലണ്ടനിലെ ടവറിൽ റാവനുകൾ എന്ന കാക്കയിനത്തിൽപെട്ട പക്ഷികൾ താമസിക്കുന്നുണ്ട്. ഇവയെ സംരക്ഷിക്കാനായി റാവൻമാസ്റ്റർ എന്ന ഉദ്യോഗസ്ഥനുമുണ്ട്.
എന്നാൽ 19ാം നൂറ്റാണ്ട് വരെ വിവിധയിനം മൃഗങ്ങൾ ബ്രിട്ടിഷ് രാജത്വത്തിന്റെ സംരക്ഷണയിലുണ്ടായിരുന്നു. ബ്രിട്ടനിലെ കിരീടധാരികൾക്ക് നയതന്ത്രത്തിന്റെ ഭാഗമായി പല രാജ്യങ്ങളിൽ നിന്നു ലഭിച്ച സമ്മാനങ്ങളായിരുന്നു ഈ മൃഗങ്ങളിൽ അധികവും. റോമിൽ നിന്നൊക്കെ പുരാതന ബ്രിട്ടനിലേക്ക് ആനയുൾപ്പെടെ മൃഗങ്ങളെ കൊണ്ടുവന്നിട്ടുണ്ട്.
നോർവേ, സ്വീഡൻ, ഫിൻലൻഡ് തുടങ്ങിയവയുൾപ്പെടുന്ന സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് രാജകീയ സമ്മാനമായി മൃഗങ്ങൾ വന്നിരുന്നു. ഇക്കൂട്ടത്തിൽ പ്രശസ്തമായിരുന്നു പതിമൂന്നാം നൂറ്റാണ്ടിൽ ഹെന്‌റി മൂന്നാമൻ രാജാവിന് നോർവേയിലെ ഹാകോൻ രാജാവിൽ നിന്നു സമ്മാനമായി ലഭിച്ച വെള്ളക്കരടി. സ്‌കാൻഡിനേവിയൻ പ്രദേശത്തു നിന്നു വന്നതിനാൽ ഇതൊരു ധ്രുവക്കരടിയാകാനുള്ള എല്ലാ സാധ്യത വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നു. തന്റെ സാമ്രാജ്യം വ്യാപിപ്പിക്കാൻ അതീവ തത്പരനായ രാജാവായിരുന്നു ഹാകോൻ. ഐസ്‌ലൻഡ്, ഗ്രീൻലൻഡ് തുടങ്ങിയ പ്രദേശങ്ങളെ തന്റെ ഭരണകാലത്ത് ഹാകോൻ നോർവേയോട് ചേർത്തിരുന്നു.
ഹാകോൻ വളരെ സവിശേഷമായാണ് കരടിയെ സമ്മാനമായി നൽകിയതെങ്കിലും ഹെന്റി മൂന്നാമന് അത്ര പരിഗണനയൊന്നും ഈ കരടിയോടുണ്ടായിരുന്നില്ല. ഇതിന് അനുവദിച്ച ഭക്ഷണവും വളരെ കുറവായിരുന്നു. ഇതിനിടയ്ക്ക്, കരടിക്കാവശ്യമുള്ള ഭക്ഷണം അതു സ്വയം കണ്ടെത്തി ഭക്ഷിക്കട്ടെയെന്ന ശാസനവും രാജാവ് ഇറക്കി. തുടർന്ന് കരടിയെ തെംസ് നദിയിലേക്കിറക്കി. അതിൽ നിന്ന് മീനുകളെയും മറ്റും കരടി പിടിച്ചു. ചാടിപ്പോകാതിരിക്കാൻ പ്രത്യേക ചങ്ങലയും കരടിക്കു നൽകിയിരുന്നു.
അന്നത്തെ ബ്രിട്ടനിലുള്ളവർക്ക് വലിയ ഹരമായിരുന്നു കരടി നദിയിലിറങ്ങുന്ന കാഴ്ച കാണാൻ. പിൽക്കാലത്ത് വേറെയും കരടികൾ മറ്റു ചില രാജ്യങ്ങളിൽ നിന്നായി ബ്രിട്ടനിലെത്തിയെന്ന് ചരിത്രകാരൻമാർ പറയുന്നു.