ആഫ്രിക്കൻ ആനകളും മനുഷ്യരെപ്പോലെ പേരു ചൊല്ലി വിളിക്കുമെന്ന് പഠനം
Mail This Article
മനുഷ്യസംസ്‌കാരത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ് പേര്. മനുഷ്യരുടെ പ്രാഥമിക അസ്തിത്വം തന്നെ പേരിലാണ്.പേരു ചോല്ലിയാണ് നാം മിക്കപ്പോഴും ആളുകളെ വിളിക്കുന്നത്. എന്നാൽ ഈ രീതി മനുഷ്യരിൽ മാത്രമുള്ളതല്ലെന്നു പറയുകയാണ് പുതിയൊരു ഗവേഷണം. ആഫ്രിക്കൻ ആനകളും പേരു പോലെയുള്ള പ്രത്യക ശബ്ദങ്ങൾ പുറപ്പെടുവിച്ച് മറ്റ് ആനകളെ വിളിക്കാറുണ്ടത്രേ. കെനിയയിലെ ഗ്രേറ്റർ സംബുറു, അംബോസെലി എന്നിങ്ങനെ 2 ദേശീയോദ്യാനങ്ങളിൽ നിന്നുള്ള ആനകളുടെ വിളികൾ വിലയിരുത്തിയാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.
470 ആനശബ്ദങ്ങൾ ഇവർ റെക്കോർഡ് ചെയ്തു. ഡോൾഫിനുകളും തത്തകളും തമ്മിൽ തമ്മിൽ പേരുപോലെ ശബ്ദം വിളിക്കാറുണ്ടെങ്കിലും ഇവ അനുകരണമാണ്. പുതിയ പഠനത്തോടെ പേരുപോലെ പ്രത്യേകമായ ശബ്ദം വച്ച് ഓരോ അംഗങ്ങളെ വ്യത്യസ്തമായി സംബോധന ചെയ്യുന്ന മൃഗങ്ങൾ ആനകളായി ഇതോടെ മാറി. ലോകത്ത് ഏഷ്യയിലും ആഫ്രിക്കയിലുമാണ് ആനകൾ സ്വാഭാവികമായുള്ളത്. ഏഷ്യൻ ആനകളും ആഫ്രിക്കൻ ആനകളുമെന്ന് ഇവ അറിയപ്പെടുന്നു.
കാര്യം ആനകളാണെങ്കിലും ആഫ്രിക്കൻ ആനകളും ഏഷ്യൻ ആനകളും വിവിധ സ്പീഷീസുകളിൽ മാത്രമല്ല, വിവിധ ജനുസ്സുകളിലും പെട്ട മൃഗങ്ങളാണ്. സഹാറയ്ക്കു തെക്കുള്ള ഭാഗങ്ങളിൽ പൊതുവേ ആഫ്രിക്കൻ ആനകൾ കാണപ്പെടുന്നു. 7000 കിലോവരെ ഭാരവും മൂന്നരമീറ്റർ പൊക്കവുമൊക്കെ ശരാശരി ആഫ്രിക്കൻ ആനകൾക്കുണ്ട്.
ബുഷ് എലിഫന്റ്, ഡെസേർട്ട് എലിഫന്റ്, ആഫ്രിക്കൻ ഫോറസ്റ്റ് എലിഫന്റ് എന്നീ വിഭാഗങ്ങളിൽ ആഫ്രിക്കൻ ആനകൾ വേർതിരിക്കപ്പെട്ടിരിക്കുന്നു. മരുഭൂമിയിൽ ജീവിക്കാൻ പറ്റിയ നിലയിലുള്ള ശാരീരിക സവിശേഷതകൾ ഡെസേർട്ട് എലിഫന്റുകൾക്കുണ്ട്. വിശാലമായ പുൽമേടുകളിലാണ് ബുഷ് എലിഫന്റുകളുടെ ആവാസവ്യവസ്ഥ. ഫോറസ്റ്റ് എലിഫന്റ് പേര് സൂചിപ്പിക്കുന്നതു പോലെ നിബിഡവനങ്ങളിലും താമസിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യമായി കണക്കാക്കപ്പെടുന്ന രാജ്യം ബോട്‌സ്വാനയാണ്. ഏകദേശം 130000 ആനകൾ ഇവിടെയുണ്ടെന്നാണ് കണക്ക്. തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ആനകളും മനുഷ്യരുമായുള്ള സംഘട്ടനങ്ങളും രൂക്ഷമാണ്. ആഫ്രിക്കയിൽ ധാരാളം ആനകളുണ്ടായിരുന്ന സ്ഥലമാണ്. എന്നാൽ 1979 വരെ ഇവിടെ നിലനിന്ന വമ്പൻ ആനവേട്ട ഈ എണ്ണം കുറച്ചു.