സന്തോഷത്തിന്റെ ലഡു! ഹാരപ്പൻ കാലത്തോളം പഴയ ഇന്ത്യൻ പലഹാരം
Mail This Article
ഇന്ത്യൻ മധുര പലഹാരങ്ങളിൽ പ്രാചീനകാലത്തോളം പഴക്കമുള്ള ഒന്നാണ് ലഡു. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും പ്രതീകമാണ് ഈ മധുരപലഹാരം. തിരഞ്ഞെടുപ്പ് വിജയങ്ങളിലും മറ്റും ധാരാളം ലഡു വിതരണം ചെയ്യുന്നത് നാം കാണാറുണ്ട്. കടലമാവ് അല്ലെങ്കിൽ മറ്റേതെങ്കിലും ധാന്യം, പഞ്ചസാര, നെയ്യ്, ഉണക്കമുന്തിരി, കശുവണ്ടി തുടങ്ങിയവ ചേർത്താണു ലഡു ഉണ്ടാക്കുന്നത്.വിവിധ സ്ഥലങ്ങളിൽ വിവിധ രീതിയാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ള മോട്ടിച്ചുർ ലഡു,ഗുജറാത്തിലെ ചൂർമ ലഡു, ദക്ഷിണേന്ത്യയിലെ തേങ്ങാ ലഡു, അസമിലെ തിൽ ലഡു, മഹാരാഷ്ട്രയിലെ ഡിങ്കാച്ചേ ലഡു, ആന്ധ്ര പ്രദേശിലെ ബൻധർ, സന്ന ലഡു, ബൂണ്ടി ലഡുവിന്റെ വകഭേദമായ കേരള ലഡു തുടങ്ങിയവയൊക്കെ പ്രശസ്തമാണ്. ഇന്ത്യയിൽ മാത്രമല്ല, പാക്കിസ്ഥാനിലും നേപ്പാളിലും ബംഗ്ലദേശിലും ലഡുവുണ്ട്. എന്നാൽ ഇന്ത്യയുടെ സാംസ്കാരിക കളിത്തൊട്ടിലായ ഹാരപ്പൻ കാലം മുതൽ ലഡു ഉണ്ടെന്നറിയാമോ? ഇപ്പോൾ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി സ്ഥിതി ചെയ്യുന്ന ഹാരപ്പൻ മേഖലയിൽ പണ്ടു താമസിച്ചിരുന്ന ആളുകൾ ലഡു ഉണ്ടാക്കി തിന്നിരുന്നെന്ന് ശാസ്ത്രജ്ഞർ ഗവേഷണത്തിലൂടെ ഇടക്കാലത്ത് തെളിയിച്ചിരുന്നു. 4600 വർഷങ്ങൾക്കു മുൻപുള്ള ലഡുവും കണ്ടെടുത്തിരുന്നു.
പടിഞ്ഞാറൻ രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഹാരപ്പൻ സാംസ്കാരിക കേന്ദ്രമായ ബിൻജോറിൽനിന്നാണ് ലഡു കിട്ടിയത്. ഇവിടെ നിന്ന് ഒരേവലുപ്പമുള്ള ഏഴ് ലഡു ശാസ്ത്രജ്ഞർ കണ്ടെത്തി. ബ്രൗൺ നിറത്തിൽ കാണപ്പെട്ട ഇവ മണ്ണുരുളകളാണെന്നാണ് ശാസ്ത്രജ്ഞർ ആദ്യം വിചാരിച്ചത്. എന്നാൽ ഇവയിൽ വെള്ളം പുരട്ടിയപ്പോൾ ചുവപ്പ് കലർന്ന രീതിയിലേക്കു നിറം മാറി. തുടർന്ന് ഈ ലഡു സാംപിളുകൾ ലബോറട്ടറികളിലേക്ക് അയച്ച് കൂടുതൽ പരിശോധനകൾ നടത്തി.
ബാർലി, ഗോതമ്പ്, ചില പരിപ്പുകൾ എന്നിവയ്ക്കൊപ്പം നല്ല പ്രോട്ടീനടങ്ങിയ പയർവർഗങ്ങളുടെ പൊടിയും ഈ ലഡുവിൽ ഉപയോഗിച്ചിരുന്നു. കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യം ഈ ലഡുവിൽ കണ്ടെത്തിയിട്ടുണ്ട്.
ആയുർവേദത്തിലെ പ്രശസ്ത ആചാര്യനായ ശുശ്രുതൻ ശസ്ത്രക്രിയയ്ക്ക് വിധേയരായ തന്റെ രോഗികൾക്ക് മരുന്നും ശർക്കരയും ചില പരിപ്പുകളും ചേർത്ത് തേൻ ചാലിച്ച ലഡു നൽകിയിരുന്നു. ഗർഭിണികൾക്ക് ലഡു കൊടുക്കുന്ന പതിവ് ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലുണ്ട്. ഇന്ത്യയിലെ ചില വൈദ്യൻമാർ കയ്പൻ മരുന്നുകൾ ലഡുവിൽ ചേർത്തു നൽകി അവരെക്കൊണ്ട് കഴിപ്പിക്കാറുണ്ടായിരുന്നു. ഉത്തരേന്ത്യയിൽ പല ക്ഷേത്രങ്ങളിലും ലഡു പ്രസാദമായി നൽകാറുണ്ട്. തിരുപ്പതി ക്ഷേത്രത്തിലെ ലഡു ലോക പ്രശസ്തമാണ്.