ADVERTISEMENT

അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസ ലോകമെങ്ങും പ്രശസ്തമാണ്. സമൂഹമാധ്യമങ്ങളിലും ശക്തമായ സാന്നിധ്യമുള്ള നാസ ഇൻസ്റ്റഗ്രാമിലും സജീവമാണ്. നാസയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നാലായിരത്തിലധികം ചിത്രങ്ങളും മറ്റുമുണ്ട്. പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവുകളുടെ കലവറയാണ് ഈ ഇൻസ്റ്റഗ്രാം അക്കൗണ്ട്. നാസയുടെ അക്കൗണ്ട് 9.8 കോടി ആളുകൾ ഫോളോ ചെയ്യുന്നുണ്ട്. എന്നാൽ നാസ വെറും 77 അക്കൗണ്ടുകളേ പിന്തുടരുന്നുള്ളൂ. അതിൽ ബഹിരാകാശ സഞ്ചാരികളുണ്ട്, ജ്യോതിശ്ശാസ്ത്ര മേഖലയിലെ സ്ഥാപനങ്ങളുണ്ട്. നാസ പിന്തുടരുന്ന 77 പേരിൽ രണ്ട് പേർ ഇന്ത്യൻ വംശജരാണ്.അതിലൊരാൾ രാജാ ചാരിയാണ്.‌

ഡോ. അനിൽ മേനോൻ
ഡോ. അനിൽ മേനോൻ

യുഎസ് വ്യോമസേനാ കേണലായ രാജാചാരി ആർട്ടിമിസ്, ചൊവ്വ ദൗത്യങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനത്തിനായി നാസ തിരഞ്ഞെടുത്ത 11 പേരുടെ പട്ടികയിൽ രാജാ ഉൾപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ പിതാവ് ഇന്ത്യക്കാരനും മാതാവ് അമേരിക്കക്കാരിയുമാണ്. മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നു ഏയ്‌റോസ്‌പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ രാജ യുഎസ് വ്യോമസേനയുടെ 461ാം സ്‌ക്വാഡ്രന്റെ കമാൻഡറായിരുന്നു. ഡിഫൻസ് മെറിറ്റോറിയസ് സർവീസ് മെഡൽ, ഏരിയൽ അച്ചീവ്‌മെന്റ് മെഡൽ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ കരസ്ഥമാക്കിയ മുൻനിര സൈനികനാണു ചാരി.ആർട്ടിമിസ് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിലാണു മനുഷ്യർ യാത്ര ചെയ്യാൻ പോകുന്നത്. ഒരു പുരുഷനും ഒരു സ്ത്രീയുമാകും യാത്രികർ.

നാസ പിന്തുടരുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജൻ ലഫ് കേണൽ ഡോ. അനിൽമേനോനാണ്. ഇദ്ദേഹത്തിനു മലയാളി വേരുകളുണ്ട്. മലയാളിയായ ശങ്കരൻ മേനോന്റെയും ഉക്രെയ്ൻകാരിയായ ലിസ സാമോലെങ്കോയുടെയും മകനാണു 45 കാരനായ അനിൽ മേനോൻ. യുഎസ് എയർഫോഴ്‌സിൽ മുൻ ലഫ്റ്റനന്‌റ് കേണലും മെഡിക്കൽ ഡോക്ടറായ അനിൽമേനോൻ സ്‌പേസ് എക്‌സ് കമ്പനിയുടെ ആദ്യ ബഹിരാകാശ മനുഷ്യദൗത്യത്തിന്റെ സർജനായും ജോലി ചെയ്തു. ബഹിരാകാശത്തേക്കു പോയ യാത്രികരുടെ ആരോഗ്യപരിപാലനമായിരുന്നു അനിൽ മേനോന്റെ പ്രധാന കടമ. ഇതു കൂടാതെ നാസയുടെ നിരവധി ബഹിരാകാശ നിലയദൗത്യങ്ങളിലും ഗ്രൗണ്ട് ഡ്യൂട്ടി സ്റ്റാഫംഗമായി അനിൽ പ്രവർത്തിച്ചിട്ടുണ്ട്.

യുഎസിലെ മിനിയപ്പലിസിൽ ജനിച്ചുവളർന്ന അനിൽ മേനോൻ, സ്‌പേസ് എക്‌സിൽ ജോലി ചെയ്യുന്ന അന്നയെയാണു വിവാഹം കഴിച്ചിരിക്കുന്നത്. ദമ്പതികൾക്കു രണ്ടു കുട്ടികളുമുണ്ട്. പൈലറ്റ് എന്ന നിലയിൽ ആയിരത്തിലധികം മണിക്കൂർ പറക്കൽ പരിചയവും ഇദ്ദേഹത്തിനുണ്ട്. മിനസോട്ടയിലെ സെന്‌റ് പോൾ അക്കാദമിയിൽ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം അനിൽ മേനോൻ വിവിധ മേഖലകളിൽ ഉന്നതവിദ്യാഭ്യാസം നേടി. 1995ൽ വിഖ്യാതമായ ഹാർവഡ് സർവകലാശാലയിൽ നിന്നു ന്യൂറോ ബയോളജിയിൽ ബിരുദം നേടിയ അദ്ദേഹം തുടർന്ന് മറ്റൊരു പ്രശസ്ത സർവകലാശാലയായ സ്റ്റാൻഫഡ് സർവകലാശാലയിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് വൈദ്യ മേഖലയിൽ തിരിച്ചെത്തിയ അദ്ദേഹം സ്റ്റാൻഫഡ് മെഡിക്കൽ സ്‌കൂളിൽ നിന്നു ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം 2004ൽ നേടി. എയ്‌റോ സ്‌പേസ് മെഡിസിൻ, പബ്ലിക് ഹെൽത്ത് എന്നിവയിലും ഡോ.മേനോന് ബിരുദങ്ങളുണ്ട്.

English Summary:

NASA Follows Two Indian-Origin Astronauts: Raja Chari and Anil Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com