5 ചെയിനുകളിലായി 2930 വജ്രങ്ങൾ! ദുരൂഹതയിൽ മറഞ്ഞ പാട്യാല നെക്‌ലേസ്
Mail This Article
വർഷം 1888. ലോകത്തിൽ അതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഏഴാമത്തെ വജ്രം ദക്ഷിണാഫ്രിക്കയിൽ നിന്ന് ഖനനം ചെയ്‌തെടുത്തു. ഡി ബീർസ് വജ്രം എന്നു പേരു നൽകപ്പെട്ട ഈ രത്‌നം പാരിസ് യൂണിവേഴ്‌സന്റെ കഥ. പട്യാല മഹാരാജാവായിരുന്ന ഭൂപീന്ദർ സിങ് വളരെ ധനികനായിരുന്നു. പാരിസിലെ മേളയിൽ പ്രദർശനത്തിനു വച്ച ഡിബീർസ് വജ്രം അദ്ദേഹം വില കൊടുത്തുവാങ്ങി സ്വന്തമാക്കി. അക്കാലത്ത് വെറും 34 വയസ്സായിരുന്നു ഭൂപീന്ദർ സിങ്ങിന്‌റെ പ്രായം.
ഈ വജ്രം കേന്ദ്രസ്ഥാനത്തുവച്ച് കമനീയമായ ഒരു നെക്‌ലേസ് തയാറാക്കാൻ അദ്ദേഹം ആഭരണനിർമാതാക്കളായ കാർട്ടിയറെ ചുമതലപ്പെടുത്തി. 1928ൽ ആണ് ഈ ആഭരണം കാർട്ടിയർ പൂർത്തീകരിച്ചത്. അന്നത്തെ കാലത്ത് ലോകത്ത് ഏറ്റവും വിലകൂടിയ ആഭരണമായിരുന്നു പാട്യാല നെക്‌ലേസ്. അഞ്ച് നിരകളായി പ്ലാറ്റിനം ചെയിനുകൾ, അതിൽ 2930 വജ്രങ്ങൾ. അതിനൊപ്പം ചില ബർമീസ് മാണിക്യങ്ങളും. ഇന്നത്തെ കാലത്ത് ഏകദേശം 3 കോടി ഡോളർ മതിപ്പുവില വരുമായിരുന്നു ഈ ആഭരണത്തിന്.
ഇതു ധരിച്ചു നിൽക്കുന്ന മഹാരാജ ഭൂപീന്ദർ സിങ്ങിന്റെയും അദ്ദേഹത്തിന്റെ മകൻ യാദവീന്ദ്ര സിങ്ങിന്റെയും പോർട്രെയ്റ്റ് ചിത്രങ്ങൾ പ്രശസ്തമാണ്. എന്നാൽ പിന്നീട് 1948ൽ ആണ് വലിയ കോലാഹലം ഈ നെക്‌ലേസ് സംബന്ധിച്ചുണ്ടായത്. പാട്യാലയുടെ ആഭരണശേഖരത്തിൽ നിന്ന് ഈ നെക്‌ലേസ് കാണാതെ പോയി. തിരച്ചിലുകൾ നടന്നെങ്കിലും കണ്ടെത്തിയില്ല.
എന്നാൽ 1982ൽ ഈ നെക്‌ലേസിൽ ഉപയോഗിച്ച ഡി ബീർസ് വജ്രം ഒരു ആഭരണലേലത്തിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ വജ്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനൊപ്പമുള്ള നെക്‌ലേസ് കാണാനുണ്ടായിരുന്നില്ല. പിന്നീട് ലണ്ടനിലെ ഒരു പുരാവസ്തു വിപണന കേന്ദ്രത്തിൽ നിന്ന് ഈ നെക്‌ലേസിന്റെ ഒരു ഭാഗവും കണ്ടെത്തി. കാർട്ടിയർ അതു വാങ്ങുകയും നഷ്ടപ്പെട്ടു പോയ വജ്രങ്ങളുടെ സ്ഥാനത്ത് അവയുടെ അനുകരണങ്ങളുണ്ടാക്കി സ്ഥാപിച്ച് സൂക്ഷിക്കുകയും ചെയ്തു.