ADVERTISEMENT

കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാടാണ് രാജസ്ഥാൻ. വിനോദസഞ്ചാരികൾക്ക് കമനീയമായ കാഴ്ചാവിരുന്നൊരുക്കുന്ന അനേകം കോട്ടകൾ ഈ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നുണ്ട്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുർ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നാണ്. വലിയൊരു ചരിത്രവും ഈ നഗരത്തിനു പറയാനുണ്ട്.

പിങ്ക് നഗരമെന്നറിയപ്പെടുന്ന ജയ്പുരിൽ നിന്ന് 152 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചരിത്രനഗരമാണ് ആൾവാർ. ഇവിടെ സന്ദർശകരുടെ ശ്രദ്ധ ആകർഷിക്കുന്ന ഒരു നിർമിതിയാണ് ബാല ക്വില. പതിനഞ്ചാം നൂറ്റാണ്ടിലാണ് ബാല ക്വില കോട്ട പണിതത്. ഈ കോട്ടയ്ക്കുള്ളിൽ നികുംഭ മഹൽ കോട്ടാരവും മറ്റു കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നു.

അഞ്ചു നൂറ്റാണ്ടുകളുടെ ദീർഘമായ ചരിത്രമുള്ള ഈ കോട്ട പല രാജാക്കൻമാരുടെയും രാജവംശങ്ങളുടെയും അധീനതയിൽ വന്നിട്ടുണ്ട്. മുഗൾ രാജാവായ ജഹാംഗീർ ഒരിക്കൽ ഈ കോട്ടയിൽ 3 വർഷത്തോളം താമസിച്ചിരുന്നു. ജഹാംഗീറിന്റെ ഏതോ നടപടികൾ പിതാവായ അക്ബറിൽ അതൃപ്തിയുണ്ടാക്കിയതിനെത്തുടർന്ന് ആഗ്രയിൽ താമസിക്കുന്നതിന് അദ്ദേഹത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്നായിരുന്നു ബാല ക്വിലയിൽ ജഹാംഗീറിന്റെ പ്രവാസം. ഈ വാസത്തിനിടെ വലിയ അളവിൽ സമ്പത്ത് ജഹാംഗീർ ബാലക്വിലയിലേക്കു കൊണ്ടുവന്നെന്നും അതു കോട്ടയ്ക്കുള്ളിലെ വനത്തിൽ അദ്ദേഹം ഒളിപ്പിച്ചെന്നും തദ്ദേശീയമായ ഒരു ഐതിഹ്യമുണ്ട്.

ഈ നിധി ഇനിയും കണ്ടെത്തിയിട്ടില്ലത്രേ. ഇതിനുള്ളിൽ സവിശേഷമായ ഒരു വസ്തുവുമുണ്ടെന്ന് നാട്ടുകാരുടെ കഥകൾ പറയുന്നു. ഒറ്റ മരതകത്തിൽ തീർത്ത ഒരു കപ്പാണ് ഇത്. തറനിരപ്പിൽനിന്ന് ആയിരം അടിപൊക്കത്തിൽ ആരവല്ലി മലനിരകളിലാണ് ബാലക്വില കോട്ട സ്ഥിതി ചെയ്യുന്നത്. ആറു കവാടങ്ങളുണ്ട് ഈ കോട്ടയിലേക്ക്.

English Summary:

The Hidden Mughal Treasure: Bala Quila's Enigmatic Emerald Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com