ബ്രിട്ടിഷുകാർ പീരങ്കി പ്രയോഗിച്ചിട്ടും കിട്ടാത്ത വമ്പൻനിധി; ബിംബിസാരന്റെ അളവറ്റ സമ്പത്ത് മറഞ്ഞിരിക്കുന്ന ഗുഹ
Mail This Article
ഇന്ത്യൻ ചരിത്രത്തിലെ വളരെ പ്രശസ്തനായ മഹാരാജാവായിരുന്നു ബിംബിസാരൻ. ഹര്യാൻക സാമ്രാജ്യത്തിന്റെ സ്ഥാപകനും ഇന്ത്യയിലെ ആദ്യത്തെ ചക്രവർത്തിയുമായി ബിംബിസാരൻ പരിഗണിക്കപ്പെടുന്നു. ബുദ്ധ, ജൈന ലിഖിതങ്ങളിലും ബിംബിസാരനെക്കുറിച്ച് പരാമർശമുണ്ട്. ആദിമ ഇന്ത്യയിലെ ശക്തമായ സാമ്രാജ്യമായിരുന്നു മഗധ. പാടലീപുത്ര എന്ന നഗരമാണ് മഗധയുടെ തലസ്ഥാനമായി ഏറെ പ്രശസ്തമെങ്കിലും പാടലീപുത്ര പ്രബലമാകുന്നതിനു മുൻപ് രാജ്ഗിറായിരുന്നു മഗധയുടെ തലസ്ഥാനം.
ഇന്ത്യൻ ചരിത്രത്തിൽ വളരെയേറെ പ്രാധാന്യമുള്ള നഗരമാണ് രാജ്ഗിർ. ബിംബിസാരനു ശ്രീബുദ്ധൻ ധർമോപദേശങ്ങൾ നൽകിയെന്ന് കരുതപ്പെടുന്നത് രാജ്ഗിറിലാണ്. രാജ്ഗിറും പാടലീപുത്രയുമൊക്കെ ഇന്നു സ്ഥിതി ചെയ്യുന്നത് ബിഹാർ സംസ്ഥാനത്തിലാണ്. രാജ്ഗിറിലുള്ള ഗുഹയാണ് സോൻ ഭണ്ഡാർ. രാജ്ഗിറിലെ വൈഭർ മലകളിൽ സ്ഥിതി ചെയ്യുന്ന സോൻ ഭണ്ഡാർ ഗുഹകൾ മലതുരന്ന് കൃത്രിമമായി നിർമിച്ചവയാണ്. ജെയിൻ സന്ന്യാസിയായിരുന്നു വൈരാദേവ മുനിയാണ് ഈ ഗുഹകൾ നിർമിക്കാൻ മുൻകയ്യെടുത്തതെന്ന് കരുതിപ്പോരുന്നു. 319 മുതൽ 180 ബിസി വരെയുള്ള കാലയളവിലാണ് ഇവ നിർമിച്ചതെന്നും കരുതപ്പെടുന്നുണ്ട്.
ഈ ഗുഹയ്ക്ക് ചരിത്രപരമായി ഏറെ പെരുമ അവകാശപ്പെടാനുണ്ട്. ഒപ്പം കൗതുകകരമായ ഒരു ഐതിഹ്യവും ഇതുമായി ബന്ധപ്പെട്ടുണ്ട്. സോൻ ഭണ്ഡാർ എന്ന പേരിനർഥം സ്വർണം സൂക്ഷിച്ചിരിക്കുന്ന സ്ഥലമെന്നാണ്. ഈ ഗുഹയുമായി ബന്ധപ്പെട്ട് വളരെ പ്രശസ്തമായ് ഒരു നിധിയുടെ കഥയും പ്രാബല്യത്തിലുണ്ട്. ബിംബിസാരന്റെ പക്കലുള്ള അളവറ്റ സമ്പത്ത് ഈ ഗുഹയിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഐതിഹ്യം. മകനായ അജാതശത്രു ബിംബിസാരനെ തടവിലാക്കിയതിനു പിന്നാലെയാണത്രേ ഈ നിധി ഗുഹയിലേക്ക് മാറ്റിയത്. എന്നാൽ ബിംബിസാരന്റെയല്ല, മറിച്ച് ജരാസന്ധൻ എന്ന ഇതിഹാസങ്ങളിലെ രാജാവിന്റേതാണ് ഈ നിധിയെന്നും കഥയുണ്ട്.
ഏതായാലും ഈ നിധി കണ്ടെത്താൻ ഒരു വാക്യമറിയണം എന്നാണ് തദ്ദേശീയരുടെ വിശ്വാസം. ഈ ഗുഹയ്ക്കുള്ളിലെ ഒരു വാതിലിനു സമീപം ഒരു ലിഖിതമുണ്ട്. ഈ ലിഖിതം മനസ്സിലാക്കിയാൽ നിധിയിലേക്കുള്ള രഹസ്യവാക്ക് അറിയാൻ സാധിക്കുമെന്നും ഇവർ കരുതുന്നു. സോൻ ഭണ്ഡാർ ഗുഹയ്ക്കുള്ളിലെ നിധി കണ്ടെത്താനായി ഒട്ടേറെ ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ആരും വിജയിച്ചില്ല. ബ്രിട്ടിഷുകാർ നിധി കണ്ടെടുക്കാനായി പീരങ്കികൊണ്ട് വെടിവച്ച് ഗുഹാഭിത്തി തകർക്കാൻ പോലും നോക്കി. എന്നാൽ ഒന്നും ഫലവത്തായില്ല. ഈ ഗുഹകൾ തേടി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഒട്ടേറെ സഞ്ചാരികൾ രാജ്ഗിറിലെത്താറുണ്ട്.