അന്യഗ്രഹപേടകമോ നിരീക്ഷണ ഉപഗ്രഹമോ? ഇന്നും അവസാനിക്കാത്ത ഔമുവാമുവ ദുരൂഹത
Mail This Article
2017 ഒക്ടോബറിൽ ഹവായിയിലെ ഹാലികല ഒബ്സർവേറ്ററിയിൽ ജ്യോതിശ്ശാസ്ത്ര ഗവേഷകനായ റോബർട്ട് വെറിക് ഒരു പ്രത്യേകതരം വസ്തുവിനെ ബഹിരാകാശത്ത് കണ്ടെത്തി. ആദ്യം കണ്ടെത്തിയപ്പോൾ പാറക്കഷണമെന്ന് തോന്നിപ്പിച്ച അതിന് ധാരാളം പ്രത്യേകതകളുണ്ടായിരുന്നു.നമ്മുടെ ഭൂമിയുൾപ്പെട്ട സൗരയൂഥത്തിനു പുറത്തു നിന്നു വന്നതായിരുന്നു 400 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള ഒരു സിഗാറിന്റെ രൂപമുള്ള ഈ പാറക്കഷണം. സൗരയൂഥത്തിനു പുറത്തു നിന്നു വരുന്ന വസ്തുക്കളെ ഇന്റ്ർസ്റ്റെല്ലാർ എന്ന വിഭാഗത്തിനു കീഴിലാണു ഗണിക്കുക. ആരും ക്ഷണിക്കാതെ നമ്മുടെ സൗരയൂഥത്തിലേക്കു കടന്നു വന്ന ആ അതിഥിക്കു ശാസ്ത്രലോകം പേരുമിട്ടു..ഔമുവാമുവ.
അന്യഗ്രഹജീവൻ സംബന്ധിച്ച ഒട്ടേറെ ചർച്ചകളും ഔമുവാമുവയുടെ വരവോടെ തുടങ്ങി. ഔമുവാമുവ വെറുമൊരു പാറക്കഷണമല്ലെന്നും മറിച്ച് അതൊരു ബഹിരാകാശ പേടകമോ, പേടകഭാഗമോ ആയിരിക്കാൻ സാധ്യതയുണ്ടെന്നും ചില ജ്യോതിശാസ്ത്രജ്ഞർ പറഞ്ഞു. സ്വാഭാവികമായ പാറക്കഷണങ്ങളെക്കാൾ കൂടിയ വേഗം ഉള്ളതാണ് ഇതിനു കാരണമായി പറഞ്ഞത്. സൂര്യന്റെ ആകർഷണത്തിനപ്പുറം മറ്റേതോ ഊർജസംവിധാനം ഇതിലുള്ളതാകാം കാരണം.നമ്മുടെ വിമാനങ്ങളിലുള്ളതു പോലെ.
പല അച്ചുതണ്ടുകളിൽ കറങ്ങി മുന്നോട്ടു പോകുന്ന രീതിയിലായിരുന്നു ഔമുവാമുവയുടെ സഞ്ചാരം. കൃത്യമായ രൂപം എങ്ങനെയെന്ന് ആർക്കും തിട്ടമില്ല. സെക്കൻഡിൽ 87.3 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച ഔമുവാമുവ എവിടുന്നു വന്നു എന്നതു സംബന്ധിച്ച് ഇന്നും വ്യക്തതയില്ല. ആയിരക്കണക്കിനു വർഷങ്ങള്‍ മുന്നേ യാത്ര പുറപ്പെട്ടതാകാം. എത്തിയ സ്ഥാനം പരിഗണിക്കുമ്പോൾ ലൈറ എന്ന നക്ഷത്രസമൂഹത്തിലാകാം ഔമുവാമുവയുടെ ജനനം എന്നും ചിലർ അനുമാനിക്കുന്നു. ആദ്യം കണ്ടെത്തിയപ്പോൾ ഔമുവാമുവ ഒരു വാൽനക്ഷത്രമാണെന്നാണു കരുതപ്പെട്ടത്. എന്നാൽ വാൽനക്ഷത്രങ്ങള്‍ പൊടിയും വാതകങ്ങളും പുറത്തുവിട്ടാണു വരുന്നത്. ഔമുവാമുവയ്ക്ക് ഈ പ്രത്യേകത ഇല്ലായിരുന്നു. തുടർന്നു ഛിന്നഗ്രഹമെന്നു വിലയിരുത്തിയെങ്കിലും ഒടുവിൽ ഇന്റർസ്റ്റെല്ലാർ എന്ന പ്രത്യേകഗണത്തിൽ പെടുത്തുകയായിരുന്നു.
ഔമാമുവ അന്യഗ്രഹപേടകമാണെന്ന് വാദിച്ച പ്രമുഖ ശാസ്ത്രജ്ഞനാണ് ആവി ലീബ്. ഇദ്ദേഹം ഹാർവഡിലെ ഒരു ഉന്നത ശാസ്ത്രജ്ഞനാണ്. തന്റെ നിഗമനങ്ങളും ചിന്താഗതികളും ചേർത്ത് അദ്ദേഹം ഔമാമുവയെക്കുറിച്ച് ഒരു പുസ്തകമെഴുതി. ഇതു വലിയ വിജയമാകുകയും ചെയ്തു. പ്രകാശം കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള വികിരണങ്ങൾ കൊണ്ടോ പ്രവർത്തിക്കുന്ന ‘ലൈറ്റ് സെയിൽ’ വിഭാഗത്തിലുള്ള ബഹിരാകാശപേടകമാകാം ഔമുവാമുവയെന്നായിരുന്നു പലരും മുന്നോട്ടുവച്ച സാധ്യത. മറ്റു ഗ്രഹങ്ങളിലെയും നക്ഷത്രസംവിധാനങ്ങളിലെയും ജീവസാധ്യത നിരീക്ഷിക്കാനുള്ള ചാരപേടകമാകാം ഔമുവാമുവ.ഇന്നു ലോകരാജ്യങ്ങൾ മറ്റു രാജ്യങ്ങളെ നിരീക്ഷിക്കാനായി ഡ്രോണുകളും മറ്റും വിടുന്നതു പോലെ. ഏതായാലും ലോകത്തെ പ്രമുഖ ശാസ്ത്രസ്ഥാപനങ്ങളൊന്നും ഈ വാദങ്ങളൊന്നും അംഗീകരിച്ചിട്ടില്ല.