ഭൂപടത്തിൽ നിന്ന് ഇല്ലാതാകുന്ന ബാക്ട്രിയൻ ഒട്ടകങ്ങൾ
Mail This Article
ഒട്ടകങ്ങൾ, മരുഭൂമിയിലെ കപ്പലെന്നു അറിയപ്പെടുന്ന ജീവികൾ. മണൽപ്പരപ്പിലൂടെ ചൂടും വരണ്ട കാറ്റും വകവയ്ക്കാതെ മുതുകിൽ ഭാരമുള്ള വസ്തുക്കൾ പേറി നടന്നകലുന്ന ഒട്ടകങ്ങൾ മനസിനെ ആഴത്തിൽ സ്പർശിക്കുന്ന ഒരു കാഴ്ചയാണ്. ഒട്ടകങ്ങൾ പലവിധമുണ്ടെങ്കിലും കൂട്ടത്തിൽ ശരീരഭംഗികൊണ്ടും വ്യത്യസ്തത കൊണ്ടും ശ്രദ്ധിക്കപ്പെടുന്നവയാണ് ബാക്ട്രിയൻ ഒട്ടകങ്ങൾ. മറ്റൊരു പ്രത്യേകത, ഡോഡോ പക്ഷികളെ പോലെയും ദിനോസറുകളെ പോലെയുമൊക്കെ നാളെ ഇല്ലാതായേക്കാവുന്ന ഒരു വിഭാഗമാണ് ബാക്ട്രിയൻ ഒട്ടകങ്ങൾ എന്നതാണ്.
മംഗോളിയൻ ഒട്ടകം എന്നും അറിയപ്പെടുന്ന ബാക്ട്രിയൻ ഒട്ടകങ്ങൾ മധ്യേഷ്യയിലെ വിവിധ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. വീടുകളിൽ ആവശ്യങ്ങൾക്കായി ഇണക്കി വളർത്തുന്ന ഇവയ്ക്ക് സാധാരണ ഒട്ടകങ്ങളിൽ നിന്നും വ്യത്യസ്തമായി ശരീരത്തിൽ രണ്ട് ഹമ്പുകളാണുള്ളത്. പുരാതന ചരിത്ര പ്രദേശമായ ബാക്ട്രിയയിൽ നിന്നാണ് ബാക്ട്രിയൻ ഒട്ടകങ്ങളുടെ വരവ് എന്നാണ് കരുതപ്പെടുന്നത്. ഏറെ തണുത്ത കാലാവസ്ഥയിലും എത്ര ഉയരമുള്ള പ്രദേശങ്ങളിലും സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയും എന്നതാണ് മരുഭൂമികളിൽ കാണപ്പെടുന്ന ഒട്ടകങ്ങളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത്.
കാമെലിഡേ കുടുംബത്തിൽ പെട്ടതാണ് ബാക്ട്രിയൻ ഒട്ടകം. പുരാതന ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടിൽ ഒട്ടകങ്ങളെ പറ്റി വിവരിച്ച തന്റെ പുസ്തകത്തിൽ രണ്ട് കൂമ്പുള്ള ബാക്ട്രിയൻ ഒട്ടകത്തെയും തിരിച്ചറിഞ്ഞതായി പറയപ്പെടുന്നു. അതിൽ നിന്നുതന്നെ വ്യക്തമാണ് ഇത്തരം ഒട്ടകങ്ങൾ പതിനെട്ടാം നൂറ്റാണ്ടിനു മുൻപ് തന്നെ സജീവ സാന്നിധ്യമായിരുന്നുവെന്ന്. കാട്ട് ബാക്ട്രിയൻ നാട്ട് ബാക്ട്രിയൻ ഒട്ടകവും വംശനാശം സംഭവിച്ച ഭീമൻ ഒട്ടക ഇനമായ കാമെലസ് നോബ്ലോച്ചിയുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ജനിതക തെളിവുകൾ സൂചിപ്പിക്കുന്നു.
160 മുതൽ 180 സെൻ്റീമീറ്റർ വരെ തോൾ ഭാഗ ഉയരവും 230 മുതൽ 250 സെൻ്റീമീറ്റർ വരെ മൊത്തത്തിലുള്ള ഉയരവുമുള്ള ജീവികളാണ് ബാക്ട്രിയൻ ഒട്ടകങ്ങൾ. വാൽ നീളം 35–55 സെൻ്റീമീറ്റർ വരെയാണുള്ളത്. 1,000 കിലോഗ്രാം വരെ ശരീരഭാരം ഇവയ്ക്കുണ്ട്. ശരീരത്തിൽ കമ്പിളി കോട്ട് പോലെ വ്യാപിച്ചു കിടക്കുന്ന രോമക്കുപ്പായം ഇവയുടെ പ്രത്യേകതയാണ്. പർവതനിരകൾ മുതൽ പരന്ന പുൽമേടുകൾ, വരണ്ട മരുഭൂമികൾ എന്നിവിടങ്ങളിലെല്ലാം യാത്രക്കും ചരക്ക് കൊണ്ടു പോകുന്നതിനുമായി ഇവയെ ഉപയോഗിക്കാറുണ്ട്. ചൈനയിലും മംഗോളിയയിലുമായി ഏകദേശം 1000 ൽ താഴെ ബാക്ട്രിയൻ ഒട്ടകങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതാണ് വലിയൊരു സത്യം. ഒരു കാലത്ത് ഗോബി മരുഭൂമി പ്രദേശത്ത് ഇവയെ ധാരാളമായി കണ്ടിരുന്നു.