അടുത്തിരിക്കുന്ന ആളുടെ കോട്ടുവായ് പകരുമോ? സംശയക്കുട്ടിയുടെ സംശയം
Mail This Article
നല്ല ക്ഷീണം തോന്നുമ്പോൾ കോട്ടുവായ് വരില്ലേ? അതെന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ? മനുഷ്യശരീരത്തിലെ ഒരു അനൈച്ഛികചേഷ്ടയാണ് കോട്ടുവായ്. ഓരോ കോട്ടുവായ് സമയത്തും ശ്വാസം ഉള്ളിലേയ്ക്ക് വലിയ്ക്കപ്പെടും. ഏതാനും സെക്കൻഡുകൾക്കുള്ളിൽ ശ്വാസം പുറത്തേയ്ക്കു തള്ളപ്പെടുന്നു
പൊതുവേ മനുഷ്യരിൽ ഉറക്കത്തിന് തൊട്ടു മുൻപും പിൻപും അതല്ലെങ്കിൽ ആയാസകരമായ പ്രവൃത്തികളിൽ ഏർപ്പെട്ടിരിയ്ക്കുമ്പോളോ ആണ് കോട്ടുവായ് ഉണ്ടാകുന്നത്. ക്ഷീണം, മാനസികസമ്മർദ്ദം, ഉറക്കച്ചടവ് തുടങ്ങിയവയാണ് കോട്ടുവായുടെ കാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്.
അടുത്തിരിക്കുന്ന ആളുടെ കോട്ടുവായ് പകരുന്നതും ഇടയ്ക്ക് കണ്ടിട്ടില്ലേ? ചിമ്പാൻസി, നായ്, പൂച്ച മുതലായ മൃഗങ്ങളിലും ചില പക്ഷികളിലും ഇത്തരം കോട്ടുവായ്കൾ കണ്ടെത്തിയിട്ടുണ്ട്. ഈ ഒരു കാര്യത്തിൽ പല പഠനങ്ങളും പലതാണ് പറയുന്നത്.
രക്തത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുമ്പോൾ ശരീരത്തിന് കൂടുതൽ ഓക്സിജൻ ഉള്ളിലേക്കെടുക്കാൻ സഹായത്തിനായാണ് കോട്ടുവായ് ഉണ്ടാകുന്നത് എന്നാണു ഒരു വാദം. ഇതോടൊപ്പം അധികമുള്ള കാർബൺ ഡൈ ഓക്സൈഡ് പുറത്തേയ്ക്കും പോകുമല്ലോ.
ജീവികളുടെ സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ടതാണ് മറ്റൊരു വാദം. മറ്റു ജീവികൾക്ക് ഇരയാകാതിരിയ്ക്കാനും അപകടങ്ങളെ നേരിടാനും ജീവികൾ എപ്പോഴും സജ്ജമായിരിക്കണം. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന കോട്ടുവായ്കൾ ജീവികളെ എപ്പോഴും ജാഗരൂകരായിരിക്കാൻ സഹായിയ്ക്കുന്നു. ഒരു ജീവി ഉറക്കം തൂങ്ങി ഇരിയ്ക്കുകയാണെങ്കിൽ അതിനു പെട്ടെന്ന് ഓടി രക്ഷപ്പെടാൻ കഴിഞ്ഞെന്നു വരില്ല. ഇത്തരം സന്ദർഭത്തിൽ 'പകരുന്ന' കോട്ടുവായ്കൾ അതിന് ജാഗരൂകനാകാനുള്ള സമയം നൽകുമല്ലോ.