മൾട്ടീമീഡിയ ഉള്ളടക്കങ്ങൾ നിമിഷങ്ങൾക്കുള്ളിൽ; ജനറേറ്റീവ് എഐ
Mail This Article
നാം നൽകുന്ന നിർദ്ദേശങ്ങളിൽ നിന്ന് ടെക്സ്റ്റ്, ചിത്രങ്ങൾ, ഓഡിയോ,വിഡിയോ, സിന്തറ്റിക് ഡേറ്റ തുടങ്ങി വ്യത്യസ്ത ഉള്ളടക്കങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപവിഭാഗമാണ് ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഉയർന്ന നിലവാരമുള്ള മൾട്ടീമീഡിയ ഉള്ളടക്കങ്ങൾ നിമിഷങ്ങൾക്കുള്ളിൽ സൃഷ്‌ടിക്കുന്നതിനുള്ള ഇന്റർഫേസുകളുടെ ലാളിത്യമാണ് ജനറേറ്റീവ് എഐയുടെ വൻ പ്രചാരത്തിനു കാരണം. ചാറ്റ്ജിപിറ്റിയും ഗൂഗിൾ ജെമിനിയും മെറ്റാ എഐ യുമൊക്കെ, തന്നിരിക്കുന്ന നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി സ്വാഭാവിക ഭാഷാ ശൈലികൾ നിർമിക്കാൻ കഴിയുന്ന ജനറേറ്റീവ് എഐ മോഡലുകളാണ് . ഈ പരിവർത്തനത്തിന്റെ പിന്നിൽ ഓപ്പൺ എഐ കമ്പനി ആണെന്ന് പറയാം.
∙ലാർജ് ലാംഗ്വേജ് മോഡൽ
ജനറേറ്റീവ് എഐ ഉപയോഗിക്കുന്ന മെഷീൻ ലേണിങ് മോഡലിനെ ലാർജ് ലാംഗ്വേജ് മോഡൽ എന്നാണ് പറയുക. ഇത് മനുഷ്യരെപ്പോലെയുള്ള ശൈലിയിൽ ടെക്സ്റ്റ് മനസ്സിലാക്കുകയും സൃഷ്‌ടിക്കുകയും ചെയ്യുന്ന, പരിശീലനം ലഭിച്ച, ആഴത്തിലുള്ള പഠന മാതൃകയാണ്. സംഭാഷണപരമായ രീതിയിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, വാചകം വിവർത്തനം ചെയ്യുക തുടങ്ങിയ വിവിധ നാച്വറൽ ലാംഗ്വേജ് പ്രോസസിങ് ജോലികൾ എളുപ്പത്തിൽ ഈ മോഡലിൽ ചെയ്യാൻ സാധിക്കും. മോഡലുകൾ ഒന്നിലധികം ഭാഷകളിൽ പരിശീലിപ്പിക്കപ്പെടുമ്പോൾ, ജനറേറ്റീവ് എഐയെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രാഥമിക ഭാഷ ഇംഗ്ലിഷ് ആണ്. സാധാരണ മനുഷ്യർ ഭാഷ ഉപയോഗിക്കുന്നതുപോലെ, ഭാഷ ഉപയോഗിക്കാനും മനസ്സിലാക്കാനും സൃഷ്ടിക്കാനും കംപ്യൂട്ടറിനെ പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യയാണ് നാച്വറൽ ലാംഗ്വേജ് പ്രോസസിങ്.
∙ ജനറേറ്റീവ് അഡ്‌വേഴ്സേറിയൽ നെറ്റ്‌വർക്ക്
ഒരു വിവരണത്തിൽ നിന്ന്, അതിനനുസരിച്ചുള്ള തികച്ചും സ്വാഭാവികമായി തോന്നുന്ന ഒരു ചിത്രം സൃഷ്ടിച്ചെടുക്കുന്ന ജനറേറ്റീവ് എഐയുടെ മറ്റൊരു വകഭേദമാണ് ജനറേറ്റീവ് അഡ്‌വേഴ്സേറിയൽ നെറ്റ്‌വർക്ക്. പക്ഷികളും പൂക്കളും മരങ്ങളും മറ്റുമടങ്ങിയ പ്രകൃതി ദൃശ്യങ്ങൾ തുടങ്ങി നൽകുന്ന വിവരണങ്ങൾ അടിസ്ഥാനമാക്കി ചിത്രങ്ങൾ സൃഷ്ടിക്കുന്നു. ഈ നൂതന സമീപനം സർഗാത്മക മേഖലകൾ, ആശയവിനിമയം, വിദ്യാഭ്യാസം എന്നിവയിൽ പുതിയ സാധ്യതകൾ തുറക്കുന്നു.
∙ ഡീപ്പ് ഫേക്ക്
ഇൻറർനെറ്റിൽ ലഭ്യമായ ചിത്രങ്ങളോ വിഡിയോകളോ എടുത്ത് ജനറേറ്റീവ് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ തികച്ചും വ്യത്യസ്തമായ, യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന മറ്റൊരു വിഡിയോയോ ചിത്രമോ നിർമ്മിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഡീപ് ഫേക്ക് സാങ്കേതികവിദ്യ. ഡേറ്റ പ്രൈവസി പോളിസികളിലെ അപാകതകൾ മുതലെടുത്ത് ഓൺലൈൻ കമ്പനികൾ ശേഖരിക്കുന്ന വ്യക്തിപരമായ ഡേറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ ഉപയോഗപ്പെടുത്തി, മറ്റൊരു വ്യക്തിയെ സൃഷ്ടിച്ച് അനായാസം തട്ടിപ്പ് നടത്താനാകും. ജനറേറ്റീവ് എഐയുടെ സുസ്ഥിരമായ പ്രവർത്തങ്ങൾക്ക് ഉതകുന്ന സമഗ്രമായ നിയമങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.