വിമാനങ്ങളിലെ ബോംബ് വ്യാജഭീഷണി: എന്താണ് പിന്നീടുള്ള നടപടിക്രമങ്ങൾ
Mail This Article
നിരന്തരമായി ലഭിക്കുന്ന വ്യാജ ബോംബ് ഭീഷണികളാൽ വലയുകയാണ് ഇന്ത്യൻ വൈമാനികരംഗം. ഒരു വിമാനത്തിന് ഭീഷണി ലഭിച്ചുകഴിഞ്ഞാൽ നിർബന്ധമായും ചെയ്യേണ്ടുന്ന പല സുരക്ഷാനടപടികളുമുണ്ട്. ഒരു വിമാനത്തിന് ആക്രമണഭീഷണി ലഭിച്ചാൽ ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാമോ? അതിൽ ആദ്യത്തേത്, തൊട്ടടുത്ത വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുക എന്നതാണ്. അതിനുശേഷം വിമാനത്തിൽനിന്ന് ആളുകളെ ഇറക്കിയ ശേഷം സൂക്ഷ്മ പരിശോധനകൾ നടത്തും. ഭീഷണികളിൽ ഭൂരിഭാഗവും വ്യാജമാണെങ്കിലും വ്യോമയാന മേഖലയിലെ അധികൃതർ ഒരു ഭീഷണിയെയും അവഗണിക്കാറില്ല.
ഒരു വിമാനം പുറപ്പെട്ട് ആകാശത്തുകൂടി സഞ്ചരിക്കുമ്പോഴാണ് ഭീഷണി വരുന്നതെങ്കിൽ ബോംബ് ത്രെറ്റ് അസസ്‌മെന്‌റ് കമ്മിറ്റി എന്ന സമിതി എയർപോർട്ടിൽ യോഗം കൂടും. ഇവർ ഭീഷണിയുടെ തീവ്രതയും ശരിയാകാനുള്ള സാധ്യതയും പരിശോധിക്കും. തുടർന്നാണ് പൈലറ്റിന് വേണ്ട നിർദേശങ്ങൾ കൊടുക്കുന്നത്. ഇനി ഒരു വിമാനം പുറപ്പെടുന്നതിനു മുൻപാണ് ഭീഷണിയുണ്ടാകുന്നതെങ്കിൽ ആളൊഴിഞ്ഞ ഒരു ബേയിലേക്ക് വിമാനം മാറ്റി പരിശോധനകൾ നടത്തും.
ഒരു രാജ്യാന്തര വിമാനം ഇന്ത്യൻ വ്യോമമേഖലയിലേക്കു വരുമ്പോഴാണ് ഭീഷണി ഉടലെടുക്കുന്നതെങ്കിൽ ഇന്ത്യൻ അധികൃതർ രാജ്യാന്തര എയർ ട്രാഫിക് കൺട്രോൾ അധികൃതരെയും സുരക്ഷാ ഏജൻസികളെയും ബന്ധപ്പെടും. തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് വിമാനം ഇറക്കാൻ ഉടനടി നിർദേശവും നൽകും. വ്യാജബോംബ് ഭീഷണികളെത്തുടർന്ന് വിമാനം ഇറക്കുന്നതും വീണ്ടും പറത്തുന്നതുമെല്ലാം ഇന്ധനച്ചെലവേറിയ കാര്യങ്ങളാണ്. ഇതിനു നല്ല തുക ചെലവാകും. അതുപോലെ തന്നെ ഓരോ വിമാനവും സമഗ്രമായി പരിശോധന നടത്തേണ്ട അവസ്ഥയുമെത്തുന്നതോടെ വീണ്ടും ചെലവ് കൂടും. ഇതിനെല്ലാമപ്പുറം വ്യാജബോംബുകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ മൂലം യാത്രക്കാരുടെ വിലയേറിയ സമയം കൂടിയാണ് നഷ്ടമാകുന്നത്.