ADVERTISEMENT

എന്തുകൊണ്ടാണ് ഗാന്ധിജിയെപ്പോലെ ‘പല്ലില്ലാത്ത അപ്പൂപ്പൻ’ അല്ലാതിരുന്നിട്ടും പാൽപുഞ്ചിരി ഇല്ലാതിരുന്നിട്ടും നെഹ്റു കുട്ടികളുടെ ഇഷ്ടക്കാരനായത്?

ചെറുപ്പകാലം മുതൽ ഇപ്പോഴും എന്നെ കുഴപ്പത്തിലാക്കുന്നൊരു ചിന്തയാണത്. കുട്ടികളുടെ കണ്ണിലൂടെ നോക്കിയാൽ, രൂപത്തിലും ഭാവത്തിലും കുട്ടികളുടെ കൂട്ടുകാരനാകേണ്ടത് ഗാന്ധിജിയല്ലേ, നെഹ്റു അല്ലല്ലോ?!

അന്നും ഇന്നും അതിന് എനിക്ക് വ്യക്തമായൊരു ഉത്തരം ആരും തന്നിട്ടില്ല. അങ്ങനെയാണു ഞാൻ നെഹ്റുവിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചത്. ആ തീർഥാടനത്തിൽ ഞാൻ എത്തിച്ചേർന്നത് നമ്മൾ കാണുന്ന ജവാഹർ ലാൽ നെഹ്റുവിനേക്കാൾ ചാച്ചാ നെഹ്റുവിലാണ്, ചാച്ചാജിയുടെ നെഞ്ചിൽ... ആ ചുവന്ന പൂവിൽ.

കുട്ടികളെ നമ്മൾ പൂക്കളോടാണല്ലോ ഉപമിക്കാറുള്ളത്. അതെ, നെഹ്റു നെഞ്ചിൽ അണിഞ്ഞിരുന്ന ആ ചാച്ചാജിപ്പൂവ് കുട്ടികളുടെ മനസ്സായിരുന്നു. കുട്ടികളുടെ കണ്ണിലെ തിളക്കമായിരുന്നു. അതു നെഞ്ചിൽ വിരിഞ്ഞു നിൽക്കുമ്പോൾ ചാച്ചാജി എങ്ങനെ കുട്ടികളുടെ കൂട്ടുകാരൻ അല്ലാതാവും?

ഒരിക്കൽ നെഹ്റു കുട്ടികളെ ചിരിപ്പിക്കാൻ ഒരു ശ്രമം നടത്തി. തമാശകൾ പറഞ്ഞും മറ്റും നടത്തിയ ആ ശ്രമം പരാജയപ്പെട്ടു. ചാച്ചാജിയുടെ ആ നീണ്ടമൂക്കും തലയെടുപ്പുള്ള മുഖവും നൽകുന്ന ഗൗരവമല്ലേ മുന്നിൽ നിൽക്കുന്നത്.

ഒടുക്കം ചാച്ചാജി അടവുമാറ്റി. തലയിലെ ഗാന്ധിത്തൊപ്പി ഒന്ന് ഊരി. നല്ല മൊട്ടത്തല. അതോടെ കുട്ടികളിൽ ചെറുതായി ചിരിപൊട്ടി. ചാച്ചാജി അവിടെ നിർത്തിയില്ല, പോക്കറ്റിൽനിന്നു ചീപ്പെടുത്തു. ഒറ്റമുടി പോലുമില്ലാത്ത തല നീട്ടിച്ചീകി.

നിങ്ങളുടെ മുഖത്തും ഇപ്പോൾ ഒരു ചിരി ആരോ ചീകിവച്ചില്ലേ? ഉവ്വ്. അതുതന്നെ അന്നും സംഭവിച്ചു. കുട്ടികൾ ചിരിച്ചു, പൊട്ടിപ്പൊട്ടിച്ചിരിച്ചു.

നിഷ്കളങ്കത അതായിരുന്നു ജവാഹർ ലാൽ നെഹ്റുവിന്റെ ഏറ്റവും നല്ല ഭാവം. ശൈശവസഹജമായ നിഷ്കളങ്കത. മറ്റുള്ളവരിൽ കാലുഷ്യം കാണാത്ത മനസ്സ്. എല്ലാവരെയും ഒന്നുപോലെ കാണുന്ന കണ്ണ്, പ്രപഞ്ചത്തോടും കാലത്തോടുമുള്ള നിഷ്കളങ്കമായ ആലിംഗനം.

അതല്ലേ ശിശുക്കളുടെ മനസ്സ്. അതല്ലേ നമുക്കു വേണ്ടത്.

ഇപ്പോഴോ, നമ്മളൊക്കെ ആകെ മൂത്തു പോയിരിക്കുന്നു!

ചിരിക്കാനറിയാത്ത, എല്ലാവരെയും ഒരുപോലെ കാണാനറിയാത്ത,കുട്ടിത്തം ആസ്വദിക്കാൻ അറിയാത്ത മൂത്തുപോയ മൂപ്പന്മാർ!

നമ്മുടെ കുട്ടിത്തം കട്ടെടുത്തുകൊണ്ടുപോയത് ആരാണ്?

ഒന്നാലോചിച്ചാൽ ഇന്ത്യ തന്നെ മൂത്തുപോയില്ലേ? എല്ലാവരെയും ഒന്നുപോലെ കാണുന്ന ശൈശവത്വം, നാനാത്വത്തിലെ ഏകഭാവം കൈവിട്ടു പോയില്ലേ. അതെ, നാം മൂത്തു പോയി.

നമുക്ക്, നമ്മുടെ കാലത്തിന്, പ്രപഞ്ചത്തിന്, ഇന്ത്യയ്ക്ക്, നമ്മുടെ കാഴ്ചപ്പാടുകൾക്ക് ഈ മൂപ്പ് വേണ്ട. ശൈശവ നിഷ്കളങ്കതയിലേക്ക് ഒരു മടക്കം.

നമുക്കെല്ലാം തിരികെ കുട്ടികളായിക്കൂടേ? നെഞ്ചിൽ ചെഞ്ചോര സ്നേഹം ചാച്ചാജിപ്പൂവിതളായി വിടർന്നു നിൽക്കുന്ന കുട്ടിപ്പൂക്കൾ?

(പ്രശസ്ത നോവലിസ്റ്റാണ് പെരുമ്പടവം ശ്രീധരൻ)

English Summary:

Why Did Children Love Nehru More Than Gandhi? The Secret Lies in a Flower

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com