ADVERTISEMENT

മാഷമ്മാവാ.. ഇന്നലെ വിനൂന്റെ വീട്ടിലുണ്ടായ തമാശയോർത്ത് ഞങ്ങളിന്ന് ഒരുപാടു ചിരിച്ചു.’
നാസ് പരീക്ഷയുടെ പ്രീപ്രീമോഡലും പ്രീമോഡലും മോഡലും ശാസ്ത്രമേളയും കായിക കലാമേളകളുമൊക്കെയായി തിരക്കോടു തിരക്കിനിടയിൽ പതിവുപോലെ പരിക്ഷീണിതനായി വൈകി വീട്ടിലെത്തിയതെയുള്ളൂ മാഷ്.
‘അതെന്താ ഗൗരീ, ഒരുപാടു ചിരിക്കാൻ മാത്രം എന്താ ഉണ്ടായേ?’

 മാഷിനു ജിജ്ഞാസ അടക്കാനായില്ല.
‘രസമെന്താണെന്നു വച്ചാൽ, വിനൂന്റെ അമ്മൂമ്മ, ഇന്നലെ അവരുടെ വീട്ടിലെ എല്ലാ മൊബൈലുകളും ലാപ്‌ടോപ്പുമൊക്കെ നിർബന്ധപൂർവം ഓഫാക്കി വപ്പിച്ചു. രാത്രി 12.30നും 3.30നുമിടയിൽ റേഡിയേഷനുണ്ടാക്കുന്ന അപകടകരമായ കോസ്‌മിക് രശ്മികൾ ഭൂമിയിലേക്ക് വരുന്നുണ്ടെന്ന് നാസയും ന്യൂയോർക്ക് ടൈംസും ബിബിസിയുമൊക്കെ മുന്നറിയിപ്പു നൽകിയിട്ടുണ്ടത്രെ.
അമ്മൂമ്മക്ക് ഫാമിലി വാട്സാപ് ഗ്രൂപ്പീന്ന് കിട്ടിയ വിവരമാണ്.’

‘ചിരിക്കപ്പുറം ചിന്തിക്കേണ്ട വിഷയമാണ് മോളേ ഇത്.. ഇത്തരം വിവരങ്ങളെ ‘ഹോക്സ്’(Hoax) എന്നാണ് പറയുന്നത്. മറ്റുള്ളവരെ പറ്റിക്കാനും അതിൽ ആനന്ദം കണ്ടെത്താനും താൽപര്യമുള്ള കുബുദ്ധികൾ പടച്ചുവിടുന്ന വ്യാജവാർത്തകളിലൊന്നാണത്. സോഷ്യൽ മീഡിയയുടെ വർധിച്ച സ്വാധീനം അവ എളുപ്പം പടരാൻ കാരണമാകുന്നു. ആളെ ഫൂളാക്കുന്നതു മുതൽ വൻ കലാപങ്ങൾക്കു വഴിമരുന്നിടും വരെ കാര്യങ്ങളെത്താം.. സത്യം ചെരിപ്പിട്ട് വരുമ്പോഴേക്കും നുണ കാതങ്ങൾ സഞ്ചരിച്ചുകഴിഞ്ഞിരിക്കും എന്നു കേട്ടിട്ടില്ലേ?’ 
ഗൗരി ഗൗരവത്തോടെ മാഷിരിക്കുന്ന കസേരയ്ക്കടുത്ത് ഇരിപ്പുറപ്പിച്ചു. കൂടുതൽ വിവരങ്ങളറിയാതെ അവളിനി തന്നെ അനങ്ങാൻ വിടില്ലെന്നു മാഷിനറിയാം.

‘വ്യാജവാർത്താ വിവരങ്ങൾ പ്രധാനമായും മൂന്നിനങ്ങളുണ്ട്. ഇംഗ്ലീഷിൽ Misinformation, Disinformation, Malinformation എന്നിങ്ങനെയാണ് പറയാറ്. ആദ്യത്തേത്, അതായതു Misinformation, കിട്ടിയ വിവരം സത്യമാണെന്നു വിശ്വസിച്ച് അതു മറ്റുള്ളവർക്കുകൂടി ഉപകാരപ്രദമാകണമെന്ന നല്ല ചിന്തയിൽ പ്രചരിപ്പിക്കുന്നത്. വിനുവിന്റെ അമ്മൂമ്മയുടെ വാട്‌സാപ് ഗ്രൂപ്പിൽ ആരോ ഫോർവേഡ് ചെയ്തപോലെ’

Representative Image. Photo Credit : BrianAJackson / iStockPhoto.com
Representative Image. Photo Credit : BrianAJackson / iStockPhoto.com

‘അപ്പോ ബാക്കി രണ്ടും?’
‘Disinformation എന്നാൽ, വിവരങ്ങൾ വ്യാജമാണെന്നറിഞ്ഞുകൊണ്ടുതന്നെ ചില പ്രത്യേക ലക്ഷ്യങ്ങൾക്കായി പടച്ചുവിടുന്നതാണ്. ഉദാഹരണമായി, പൊതുപരീക്ഷകളുടെ ഫലപ്രഖ്യാപനം കഴിഞ്ഞയുടൻ വലിയ സ്കോളർഷിപ്പുകളുടെ വ്യാജ വാർത്തകൾ പരക്കുന്നതു കാണാറുണ്ട്. റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് കൂടി അതിനൊപ്പം കാണും. കുട്ടികളുടെ വിവരങ്ങൾ ഫോൺ നമ്പറുകളടക്കം ശേഖരിച്ച് ആവശ്യക്കാർക്കു വിൽപന നടത്തുകയെന്ന ലക്ഷ്യവും അതിനുണ്ട്.

Malinformation എന്നത് സത്യമായ വിവരങ്ങളാണെങ്കിലും ആരെയെങ്കിലും അപകീർത്തിപ്പെടുത്താൻ അവരുടെ അനുവാദമില്ലാതെ, ഫോട്ടോകളോ വിഡിയോകളോ ഫോൺ സംഭാഷണ റിക്കോർഡിങ്ങുകളോ പ്രചരിപ്പിക്കുന്നതാണ്. തിരഞ്ഞെടുപ്പുകളൊക്കെ അടുക്കുമ്പോൾ മിക്കവാറും ഇത്തരം വാർത്തകൾ പരത്താറുണ്ട്. എല്ലാം കുറ്റകരം തന്നെ.’

Representative image.credits: KaimDH/ Shutterstock.com
Representative image.credits: KaimDH/ Shutterstock.com

‘വ്യാജവാർത്തകളെ എങ്ങനെ തിരിച്ചറിയും മാഷമ്മാവാ..?’
‘വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണത് ഗൗരീ.. രാജ്യാന്തരതലത്തിൽതന്നെ പരിഹാര സംവിധാനങ്ങൾ നിലവിലുണ്ട്. Snopes (www.snopes.com), Politifact (www.politifact.com) എന്നീ സൈറ്റുകളിൽ നമുക്ക് യഥാക്രമം പൊതുവായതും രാഷ്ട്രീയപരമായതുമായ ഫാക്ട് ചെക്കിങ് നടത്താം. Chatgpt, Gemini എന്നീ എഐ ചാറ്റ്‌ബോട്ടുകളോടു ചോദിച്ചാലും ഒരു പരിധിവരെ കാര്യം നടക്കും. വിവേചനപൂർവം ഗൂഗിൾ പോലുള്ള സെർച് എൻജിനുകൾ കൂടി ഉപയോഗപ്പെടുത്താം’

‘ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ ഒരു പ്രോഗ്രാം ഇത്തരത്തിലുണ്ടെന്നു കേട്ടിട്ടുണ്ട്....’
‘അതെ മോളേ.. നിങ്ങൾക്കു പരിശീലനം നൽകി, രക്ഷിതാക്കൾക്കു കൂടി ബോധവൽക്കരണം നടത്തുന്ന ഒരു മാതൃകാ പരിപാടിയാണത്. അഞ്ചാംക്ലാസ് മുതൽ പരിഷ്കരിച്ചുകൊണ്ടിരിക്കുന്ന ഐസിടി പാഠപുസ്തകങ്ങളിലൂം വ്യാജവാർത്തകളുടെ ഫാക്‌ട് ചെക്കിങ് ഉൾപ്പെടുത്തിയിട്ടുണ്ട്.’

‘ശരിയമ്മാവാ... അപ്പോൾ ഞാൻ ഒരു കാര്യം ഉറപ്പിച്ചു. രണ്ടുവട്ടം ആലോചിക്കാതെ ഒരു കാര്യവും പ്രചരിപ്പിക്കില്ലെന്ന്.’
‘രണ്ടുവട്ടം പോരാ.....
മൂന്നുവട്ടം.’
‘സെറ്റ്.’

English Summary:

Viral Lies: How to Spot Fake News on Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com