അമേരിക്കയും റഷ്യയും ഇടയുന്നു! വരുമോ മൂന്നാം ലോകയുദ്ധം?
Mail This Article
300 കിലോമീറ്റർ ദൂരപരിധിയുള്ള യുഎസ് നിർമിത മിസൈലുകൾ റഷ്യയ്ക്കെതിരെ ഉപയോഗിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്ന് അനുമതി നൽകിയത് കഴിഞ്ഞ ദിവസത്തെ പ്രധാനപ്പെട്ട വാർത്തകളിൽ ഒന്നായിരുന്നു. റഷ്യയിലെ കുർസ്ക് മേഖലയിൽ ഉപയോഗിക്കാനാണ് അനുമതി. മൂന്നാം ലോകയുദ്ധത്തിന്റെ ആരംഭമാണിതെന്നായിരുന്നു റഷ്യ പ്രതികരിച്ചത്. കുർസ്കിന് പുറമേയുള്ള മേഖലകളിലും മിസൈൽ ആക്രമണം നടത്താൻ ബൈഡൻ അനുവദിച്ചേക്കുമെന്നാണ് ചില വിദഗ്ധരൊക്കെ പറയുന്നത്.
മൂന്നാം ലോകയുദ്ധം എന്ന സങ്കൽപം രണ്ടാം ലോകയുദ്ധം അവസാനിച്ച നാൾ മുതൽ തന്നെ ഉദിച്ച ആശയവും ആശങ്കയുമാണ്. പിന്നീട് അരങ്ങേറിയ ശീതയുദ്ധം മൂന്നാം ലോകയുദ്ധത്തിന്റെ കാഹളമാണെന്ന് വിദഗ്ധർ ഉൾപ്പെടെ കണക്കുകൂട്ടിയെങ്കിലും ശക്തിപ്രകടനങ്ങൾക്കപ്പുറം ഇതൊരു യഥാർഥയുദ്ധമായി പരിണമിച്ചില്ല. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നു വിവിധരാജ്യങ്ങളായതോടെ ഈ സാധ്യത ഇല്ലാതെയായി. യുഎസ് ലോകത്തെ ഒന്നാം നമ്പർ ശക്തിയുമായി മാറി. പിൽക്കാലത്ത് പല രാജ്യങ്ങൾ തമ്മിൽ മൂന്നാം ലോകയുദ്ധത്തിനു തുടക്കമിടുമെന്ന ആശയങ്ങൾ വന്നിട്ടുണ്ട്. ഒടുവിൽ ചൈന–യുഎസ് എന്നിവർ തായ്‌വാനെ ചൊല്ലി യുദ്ധത്തിലേർപ്പെടുമെന്നും ഇതു മൂന്നാംയുദ്ധമായി മാറുമെന്നും വരെ അഭ്യൂഹങ്ങളുണ്ട്. കിഴക്കൻ യൂറോപ്യൻ രാജ്യവും മുൻ സോവിയറ്റ് റിപ്പബ്ലിക്കുമായ യുക്രെയിനിൽ റഷ്യ നടത്തുന്ന യുദ്ധം മൂന്നാം ലോകയുദ്ധത്തിലേക്കു നയിക്കുമെന്ന് ഇടയ്ക്ക് വളരെ ശക്തമായ അഭ്യൂഹമുണ്ടായിരുന്നു.
യുക്രെയ്ൻ റഷ്യ യുദ്ധം വരാനിരിക്കുന്ന പല യുദ്ധങ്ങളുടെ തുടക്കം മാത്രമാണെന്നാണു പല ദുരൂഹതക്കാരും പറയുന്നത്. യുക്രെയ്നിൽ റഷ്യ തിരിച്ചടികൾ നേരിടുകയാണ്. യുദ്ധം മൂലം പാശ്ചാത്യ രാജ്യങ്ങളടക്കം വലിയ ഉപരോധങ്ങളും റഷ്യയ്ക്കു മേൽ ചുമത്തിയിട്ടുണ്ട്. ഇതിൽ കോപാകുലനാകുന്ന റഷ്യൻ ഭരണാധികാരി വ്ലാഡിമിർ പുട്ടിൻ അവസാനം ആണവായുധമോ മറ്റോ പ്രയോഗിക്കുന്നതിലേക്കു കാര്യങ്ങൾ എത്തുമെന്നും ദുരൂഹതാ സിദ്ധാന്തക്കാർ വാദിക്കുന്നു. അങ്ങനെ സംഭവിച്ചാൽ മൂന്നാമതൊരു ലോകയുദ്ധത്തിനാകും അരങ്ങുണരുകയെന്നും അവർ പറയുന്നു. ഇത്രയും ആയുധങ്ങൾ ഇല്ലാതിരുന്നിട്ട് ഒന്നാം ലോകയുദ്ധകാലത്തും രണ്ടാം ലോകയുദ്ധകാലത്തും ഭൂമിയിൽ സംഭവിച്ചത് വൻ നാശനഷ്ടമാണ്. അപ്പോൾ പിന്നെ ആണവായുധങ്ങളുള്ള ഈ കാലത്തോ? ഭൂമി ഇതുവരെ കാണാത്ത സർവനാശത്തിനാകും അരങ്ങുണരുക.
എന്നാൽ അങ്ങനെ സംഭവിക്കില്ലത്രേ. അതിനു മുൻപായി അന്യഗ്രഹജീവികൾ രംഗത്തെത്തി ആണവയുദ്ധനീക്കം തടയുമെന്ന് ദുരൂഹതാ സിദ്ധാന്തക്കാർ പറയുന്നു. ബ്രിട്ടിഷ് സർക്കാരിന്റെ യുഎഫ്ഒ റിപ്പോർട്ടുകൾ തയാറാക്കിയ നിക്ക് പോപ്പാണ് ദുരൂഹതാ സിദ്ധാന്തക്കാരുടെ ഈ വിശ്വാസത്തെപ്പറ്റി പറയുന്നത്. ഇതെല്ലാം പോരാഞ്ഞിട്ട് മറ്റൊരു വിചിത്രമായ മൂന്നാം ലോകയുദ്ധ സാധ്യത ഒരാൾ പ്രവചിച്ചിരുന്നു. പാക്ക് രാഷ്ട്രീയ നേതാവായ ഫൈസൽ റാസ അബീദിയാണ് അത്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി അംഗവും സിന്ധിൽ നിന്നുള്ള മുൻ പാർലമെന്റംഗവുമായ അദ്ദേഹം പ്രവചിക്കുന്നത് മൂന്നാം ലോകയുദ്ധം തുടങ്ങുന്നത് പാക്കിസ്ഥാനിൽ ആയിരിക്കുമെന്നാണ്. ഒരു വർഷം മുൻപായിരുന്നു ഈ പ്രവചനം. യുദ്ധസമയത്ത് രക്ഷപ്പെടാനായി വീടിനു താഴെ ബങ്കറുകളുണ്ടാക്കാൻ തുടങ്ങാനും അദ്ദേഹം അന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ ഒരു ലൈവ് ന്യൂസ് ചാനൽ ചർച്ചയിലായിരുന്നു ആബിദിയുടെ അഭിപ്രായപ്രകടനങ്ങൾ. എന്നാൽ ഇതൊന്നും കാര്യമാക്കേണ്ടതില്ലെന്നും ട്രംപ് അധികാരത്തിലെത്തുന്നതോടെ യുദ്ധം തീരുമെന്നും പല വിദഗ്ധരും പ്രതീക്ഷ വച്ചുപുലർത്തുന്നു.