യുറാനസിൽ 8000 കിലോമീറ്റർ ആഴമുള്ള ഒരു സമുദ്രം ഒളിച്ചിരിക്കുന്നെന്ന് പഠനം
Mail This Article
സൗരയൂഥത്തിലെ ഹിമഭീമൻ ഗ്രഹങ്ങളിലൊന്നായ യുറാനസിൽ 8000 കിലോമീറ്റർ ആഴമുള്ള ഒരു സമുദ്രം ഒളിച്ചിരിക്കുന്നുണ്ടെന്നു പഠനം. യുറാനസിൽ മാത്രമല്ല, അയൽഗ്രഹമായ നെപ്റ്റ്യൂണിലും സമാനമായ സമുദ്രമുണ്ടെന്നു പഠനം പറയുന്നു. യുറാനസും നെപ്റ്റ്യൂണും സൗരയൂഥത്തിലെ ഏറ്റവും കുറച്ചുമാത്രം പര്യവേക്ഷണം നടത്തിയിട്ടുള്ള ഗ്രഹങ്ങളാണ്. കംപ്യൂട്ടർ സിമുലേഷൻ ഉപയോഗിച്ചാണ് പഠനം നടത്തിയത്.
ഭൂമിയുടെ 15 ഇരട്ടി ഭാരവും നാലിരട്ടി വലുപ്പവുമുള്ള ഗ്രഹമാണ് യുറാനസ്. സൗരയൂഥത്തിലെ മൂന്നാമത്തെ വാതകഭീമനായ ഈ ഗ്രഹത്തിന്റെ പുറന്തോട് മുഴുവൻ വാതകങ്ങൾ നിറഞ്ഞതാണ്. സൗരയൂഥത്തിലെ ഏറ്റവും കൂളായ കക്ഷിയാണു യുറാനസ്. –216 ഡിഗ്രി സെൽഷ്യസാണ് താപനില.17 ഭൗമമണിക്കൂർ ചേരുമ്പോൾ ഇവിടെ ഒരു ദിവസമാകും. ഭൂമിയിലെ 84 വർഷങ്ങൾ ചേരുന്നതാണ് ഇവിടത്തെ ഒരുവർഷം. വ്യത്യസ്ത വലുപ്പത്തിലും രൂപത്തിലുമുള്ള 27 ചന്ദ്രൻമാരും ഇവിടെയുണ്ട്. മണിക്കൂറിൽ 900 കിലോമീറ്ററിലധികം വേഗത്തിൽ വീശിയടിക്കുന്ന മഞ്ഞുകാറ്റുകൾ ഗ്രഹത്തിലുണ്ട്.
യുറാനസിനെ വലംവയ്ക്കുന്ന 27 ചന്ദ്രൻമാരിൽ നാലെണ്ണത്തിനുള്ളിൽ മഹാസമുദ്രങ്ങളുണ്ടെന്ന് നാസ ഗവേഷകർ ഇടയ്ക്ക് കണ്ടെത്തിയിരുന്നു. യുറാനസിന്റെ പ്രധാന ചന്ദ്രൻമാരായ ഏരിയൽ, ഉംബ്രിയേൽ, ടൈറ്റാനിയ, ഒബെറോൺ എന്നീ ചന്ദ്രൻമാർക്കുള്ളിലാണ് ഉപ്പുരസമുള്ള സമുദ്രഘടനകൾ സ്ഥിതി ചെയ്യുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കിലോമീറ്ററുകളോളം ആഴമുള്ളതാണ് ഈ സമുദ്രങ്ങൾ. എങ്ങനെയാകും ഈ സമുദ്രങ്ങൾ കടുത്ത തണുപ്പിനുള്ളിലും ശിതീകരിച്ച് കട്ടിയാകാതെ ദ്രാവകങ്ങളായി നിലനിൽക്കുന്നത്. പല കാരണങ്ങൾ ഇതിനായി പറയുന്നുണ്ട്. യുറാനസിന്റെ ചന്ദ്രൻമാർക്കുള്ളിൽ നിന്നുള്ള കടുത്ത ചൂടാണ് ഒരു കാരണമായി പറയുന്നത്. അതുപോലെ തന്നെ ജലത്തിൽ സ്ഥിതി ചെയ്യുന്ന ഉപ്പുകൾ, മറ്റു ലവണങ്ങൾ, അമോണിയ തുടങ്ങിയവയും ഇത്തരമൊരു അവസ്ഥയ്ക്ക് വഴിവയ്ക്കാം.
നാസയുടെ വൊയേജർ ബഹിരാകാശ പേടകത്തിൽ നിന്നുള്ള വിവരങ്ങളാണ് യുറാനസിനെപ്പറ്റി കൂടുതൽ അറിവുകൾ പകർന്നത്. യുറാനസിനെപ്പറ്റിയുള്ള പല പഠനങ്ങളും നിഗൂഢത നിറഞ്ഞതാണ്. സൗരയൂഥത്തിന്റെ അവസാന ഗ്രഹമാണ് നെപ്റ്റ്യൂണ്‍. ഭൂമിയുടെ 17 ഇരട്ടി പിണ്ഡം ഈ ഗ്രഹത്തിനുണ്ട്. നല്ല നീലനിറമാണ് പുറംകാഴ്ചയിൽ ഗ്രഹത്തിന്. 16 മണിക്കൂറും ആറു മിനിറ്റുമാണ് ഇവിടത്തെ ദിവസങ്ങളുടെ ദൈർഘ്യം. നെപ്റ്റ്യൂണിൽ ‘ഗ്രേറ്റ് ഡാർക് സ്പോട്ട്’ എന്നൊരു സ്ഥലമുണ്ട്. മണിക്കൂറിൽ 2500 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കുന്ന സ്ഥലമാണ് ഇത്. 14 ചന്ദ്രൻമാർ ഗ്രഹത്തിനുണ്ട്. ഇതില‍് ഏറ്റവും പ്രശസ്തമാണ് ട്രീറ്റൺ.