ഓരോ യുദ്ധത്തിനു ശേഷവും നെപ്പോളിയൻ കഴിച്ച ഭാഗ്യ ചിക്കൻകറി! ഇത് സത്യമോ മിഥ്യയോ
Mail This Article
ചിക്കൻ ലോകത്തെല്ലാവരുടെയും പ്രിയഭക്ഷണങ്ങളിലൊന്നാണ്. ലോകത്ത് അസംഖ്യം ചിക്കൻ വിഭവങ്ങളുണ്ട്. അതിൽ ഫ്രാൻസിൽ നിന്നുള്ളതാണ് ചിക്കൻ മറെംഗോ. ഒട്ടേറെ സവിശേഷതകളുള്ളതാണ് ഈ ചിക്കൻ കറി. ഇത് ഒരു പോരാട്ടവുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതിന്റെ പേരും ഒരു പോരാട്ടത്തിന്റെ പേരിൽ നിന്നുള്ളതാണ്.ആ പോരാട്ടം യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ യുദ്ധപോരാട്ടങ്ങളിലൊന്നായിരുന്നു. ബാറ്റിൽ ഓഫ് മരെങ്കോ എന്ന് ആ യുദ്ധം അറിയപ്പെടുന്നു.
നെപ്പോളിയന്റെ ഫ്രഞ്ച് സേനയും ഓസ്ട്രിയൻ സേനയും തമ്മിൽ ഇറ്റലിയിലെ പൈഡ്മൗണ്ടിലാണ് ഈ യുദ്ധം നടന്നത്. ഓസ്ട്രിയക്കാർ ഫ്രഞ്ച് സൈന്യത്തിനു നേർക്ക് അപ്രതീക്ഷിത ആക്രമണം നടത്തുകയായിരുന്നു. എന്നാൽ ഫ്രഞ്ച് സൈന്യം ഈ ആക്രമണത്തെ പരാജയപ്പെടുത്തി തിരിച്ചടിച്ചു. ഓസ്ട്രിയൻ സേന ഇറ്റലി വിട്ടോടേണ്ടിയും വന്നു. ഫ്രഞ്ച് ചക്രവർത്തിയായുള്ള നെപ്പോളിയന്റെ നില ശക്തമാക്കി മാറ്റിയ ഈ യുദ്ധവിജയം അദ്ദേഹം ശരിക്കും ആഘോഷിച്ചു. ഈ യുദ്ധത്തിന് വ്യാപകമായി സ്മാരകങ്ങളുയർത്തി. നാവികക്കപ്പലുകൾക്ക് മരെങ്കോയെന്ന് പേരിട്ടു.
ഈ യുദ്ധകാലമാണ് മാരെങ്കോ ചിക്കൻ കറിയുടെ ഉദ്ഭവത്തിനു വഴിവച്ചത്. അന്ന് ഫ്രഞ്ച് സേനയിലെ പാചകപ്രമുഖൻ തയാറാക്കിയതാണ് ഈ ചിക്കൻകറി. ഇത് ശരിക്കും ഇഷ്ടമായ നെപ്പോളിയൻ പിന്നീട് എല്ലാ യുദ്ധങ്ങളിലും ഇതുണ്ടാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതു കഴിച്ചാൽ യുദ്ധത്തിൽ വിജയം നേടുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നത്രേ. എന്നാൽ ഈ കഥ ഒരു കെട്ടുകഥയാണെന്ന് ഇന്നത്തെ പല ചരിത്രകാരൻമാരും അഭിപ്രായപ്പെടുന്നു. യുദ്ധം ജീവിതമാക്കിയ ആളായിരുന്നു നെപ്പോളിയൻ. അസംഖ്യം യുദ്ധങ്ങളിലും പോരാട്ടങ്ങളിലും നെപ്പോളിയൻ തന്റെ മിലിറ്ററി ജീനിയസ് പ്രകടമാക്കി. യൂറോപ്പിലെ മറ്റു ശക്തികളുടെ നിരീക്ഷണനിഴലിലായിരുന്ന ഫ്രാൻസിന് ധാരാളം യുദ്ധവിജയങ്ങൾ നെപ്പോളിയൻ വഴിയെത്തി.
1769 ൽ ജനിച്ച നെപ്പോളിയൻ ഫ്രഞ്ച് വിപ്ലവ കാലത്താണ് സൈനിക റാങ്കുകളിൽ ഉയർന്നത്. 1799 ൽ അട്ടിമറിയിലൂടെ ഫ്രാൻസിന്റെ അധികാരം പിടിച്ച അദ്ദേഹം വിവിധ യൂറോപ്യൻ രാജ്യങ്ങളുമായി യുദ്ധം ചെയ്ത്, തന്റെ സാമ്രാജ്യത്തിന്റെ വിസ്തൃതി കൂട്ടി. വളരെ ബുദ്ധിമാനും നയതന്ത്രചാതുരി ഉള്ളയാളുമായിരുന്നു നെപ്പോളിയൻ. 1802ൽ ഫ്രാൻസിന്റെ ചക്രവർത്തിയായി അദ്ദേഹം അഭിഷിക്തനായി.
ബ്രിട്ടനുമായി നേർക്കുനേർ യുദ്ധം ചെയ്തു നിന്ന നെപ്പോളിയനെ 1805 ൽ ബ്രിട്ടൻ ട്രാഫൽഗർ യുദ്ധത്തിൽ പരാജയപ്പെടുത്തിയെങ്കിലും അതേവർഷം തന്നെ റഷ്യയ്ക്കും ഓസ്ട്രിയയ്ക്കും എതിരായി നടന്ന ഓസ്റ്റർലിസ് യുദ്ധത്തിൽ നെപ്പോളിയൻ വിജയകിരീടം ചൂടി. തൊട്ടടുത്ത വർഷം തന്നെ ബ്രിട്ടനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.1812ൽ നെപ്പോളിയൻ റഷ്യയിൽ അധിനിവേശം നടത്തി അധികാരം പിടിച്ചെടുക്കാൻ നോക്കി. എന്നാൽ റഷ്യൻ പ്രതിരോധം ശക്തമായതോടെ തോറ്റു. ഈയൊരു യുദ്ധം നെപ്പോളിയന്റെ പടയോട്ടത്തിന് വലിയ ക്ഷീണം നൽകി
1815 ജൂൺ 22നു നടന്ന വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ ബ്രിട്ടനോട് പരാജയപ്പെട്ടു. തുടർന്ന് ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിൽ ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള സെന്റ് ഹെലീന എന്ന ദ്വീപിലേക്ക് അദ്ദേഹത്തെ നാടുകടത്തി. അവിടെയായിരുന്നു അദ്ദേഹത്തിന്റെ മരണവും ശവസംസ്‌കാരവും.1821 മേയ് അഞ്ചിനു സെന്റ് ഹെലേന ദ്വീപിൽ ഏകാന്തതടവുകാരനായിരിക്കെയാണു നെപ്പോളിയൻ മരിച്ചത്. ആമാശയത്തിലെ അർബുദമാണ് മരണകാരണമായി പറയപ്പെട്ടത്.