ADVERTISEMENT

ഈ വർഷം ചരിത്രപരമായ ഒരു യാത്രയുടെ 555ാം വാർഷികം കൂടിയാണ്. 1469ൽ ഇന്നത്തെ ഗുജറാത്തിന്റെ ഭാഗമായ പ്രദേശത്ത് കപ്പൽവഴി ഒരു റഷ്യൻ സഞ്ചാരിയെത്തി. വലിയൊരു യാത്രയ്ക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ വരവ്. താൻ സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ സംസ്‌കാരങ്ങളും ചരിത്രവുമൊക്കെ പഠിക്കാനും അതൊക്കെ രേഖപ്പെടുത്തി വയ്ക്കാനുമൊക്കെ ശ്രമിച്ച ഒരു പണ്ഡിതൻ കൂടിയായിരുന്നു അദ്ദേഹം.1958ൽ സോവിയറ്റ് യൂണിയനും ഇന്ത്യൻ പ്രൊഡക്ഷൻ ഹൗസായ നയാ സൻസാറും ചേർന്ന് ജേർണി ബിയോണ്ട് ദ ത്രീ സീസ് എന്ന പേരിൽ ഒരു സിനിമ നിർമിച്ചു. പർദേശി എന്ന പേരിൽ ഇന്ത്യയിൽ റിലീസ് ചെയ്ത ആ സിനിമയിൽ നർഗീസ് ദത്തും പൃഥ്വിരാജ് കപൂറുമുൾപ്പെടെയുള്ളവർ അഭിനയിച്ചിരുന്നു. ആ റഷ്യൻ സഞ്ചാരിയുടെ യാത്രയുടെ കഥയാണ് സിനിമ പറഞ്ഞ. വാസ്‌കോ ഡി ഗാമ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങിയത് 1498ലാണ്. ഇതിനും മുൻപ് ഇന്ത്യയിലെത്തിയ റഷ്യക്കാരനായിരുന്നു അഫനാസി നികിറ്റിൻ. റഷ്യയിലെ ട്വവറിൽ നിന്നു പുറപ്പെട്ട് ഇന്ത്യ വരെ നീണ്ട യാത്ര മൂന്നു സാഗരങ്ങൾ താണ്ടിയുള്ള യാത്ര എന്ന പുസ്തകത്തിലും എഴുതി. ഇന്ത്യയിലേക്ക് ആദ്യമായെത്തിയ റഷ്യക്കാരനാണു നികിറ്റിൻ.

റഷ്യയിലെ ട്വവർ ഒബ്ലാസ്റ്റിൽ സ്ഥിതി ചെയ്യുന്ന മനോഹര നഗരമാണ് ട്വവർ. റഷ്യയുടെ ജീവനാഡിയായ നദി വോൾഗയുടെയും മറ്റൊരു നദിയായ ട്വെർസയുടെയും സംഗമസ്ഥാനത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.ഇവിടെയാണു നികിറ്റിൻ ജനിച്ചത്. വോൾഗ നദിയിലൂടെ യാത്ര ചെയ്താണ് അദ്ദേഹം തന്റെ സാഹസിക ഉദ്യമത്തിനു തുടക്കമിട്ടത്. വർത്തമാന കാല റഷ്യയുടെ തെക്കേയറ്റത്തെ പ്രദേശമായ ആസ്ട്രഖാനിലെത്തിയ നികിറ്റിനെ കൊള്ളക്കാർ ആക്രമിച്ചെങ്കിലും അതിൽ നിന്നു രക്ഷപ്പെട്ട അദ്ദേഹം കാസ്പിയൻ സമുദ്രക്കരയിൽ സ്ഥിതി ചെയ്യുന്ന തുറമുഖനഗരമായ ദെർബെൻഡിലെത്തി. ഇന്ന് റഷ്യയുടെ ദാഗെസ്ഥാൻ പ്രവിശ്യയിലാണ് ഈ നഗരം. കൊള്ളക്കാരുടെ ആക്രമണത്തിൽ ഭയന്നതിനാലാകണം തിരിച്ച് റഷ്യയിലെത്താനുള്ള മാർഗങ്ങൾ അദ്ദേഹം ദെർബെൻഡിൽ തിരഞ്ഞു. പക്ഷേ ഒന്നും നടന്നില്ല.

ഇതെത്തുടർന്ന് അദ്ദേഹം കാസ്പിയൻ കടലിലൂടെ സഞ്ചരിച്ച് അതു താണ്ടി ഇന്നത്തെ അസർബൈജാന്റെ തലസ്ഥാനനഗരമായ ബാക്കുവിലെത്തി. ഇവിടെ നിന്നും ഇറാനിലേക്കുമെത്തി. ഒരു വർഷത്തോളം അദ്ദേഹം ഇറാനിൽ താമസിച്ചു. പിന്നീട് ഇറാനിൽ നിന്ന് അറബിക്കടൽ താണ്ടി അദ്ദേഹം ഇന്ത്യയിലെത്തി. ഇന്നത്തെ കാലത്തെ ദാമൻദിയു മേഖലയിലാണ് അദ്ദേഹം ആദ്യം എത്തിയതെന്നു കരുതപ്പെടുന്നു. അക്കാലത്ത് ഇന്ത്യയിൽ മഹാരാഷ്ട്രയുൾപ്പെടുന്ന ഭാഗങ്ങൾ ഭരിച്ചിരുന്നത് ബാഹ്‌മനി സുൽത്താൻമാരായിരുന്നു. ബാഹ്‌മനിയിൽ നികിറ്റിൻ 3 വർഷത്തോളം താമസിച്ചു. ഉപജീവനത്തിനായി ഇക്കാലയളവിൽ അദ്ദേഹം കുതിരക്കച്ചവടത്തിലും ഏർപ്പെട്ടിരുന്നെന്ന് പറയപ്പെടുന്നു.

പിന്നീട് നികിറ്റിൻ ഇന്ത്യയിൽ നിന്നു തിരിച്ചുപോയി. ഒമാനിലെ മസ്‌കത്ത്, സൊമാലിയ തുടങ്ങിയ സ്ഥലങ്ങളൊക്കെ സന്ദർശിച്ചായിരുന്നു യാത്ര. 1972ൽ അദ്ദേഹം കരിങ്കടൽ കടന്ന് ക്രൈമിയയിൽ എത്തിച്ചേർന്നു. പിന്നീട് റഷ്യയിലെ സ്‌മോലെൻസ്‌ക് വഴി ട്വവറിലേക്കു തിരികെയുള്ള യാത്രയ്ക്കിടെ അസുഖബാധിതനായി അദ്ദേഹം അന്തരിച്ചു.ഇന്ത്യയിലെ താമസവേളയിൽ ഇവിടത്തെ ജനസമൂഹങ്ങളെപ്പറ്റിയും ഭരണസംവിധാനങ്ങളെയുമൊക്കെ പഠിക്കാൻ നികിറ്റിൻ ശ്രമിച്ചിരുന്നു. ഇന്ത്യയിലെ സൈനികരീതികളെപ്പറ്റിയും പരിശീലനം നേടിയ ആനകളെ യുദ്ധത്തിനുപയോഗിക്കുന്നതിനെപ്പറ്റിയുമൊക്കെ അദ്ദേഹം എഴുതി. അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും പ്രബലമായ തുറമുഖങ്ങളിലൊന്നായ കോഴിക്കോട് തുറമുഖത്തെ കച്ചവടങ്ങളെപ്പറ്റിയും അദ്ദേഹത്തിന്റെ വിവരണങ്ങളിലുണ്ട്. റഷ്യയും ഇന്ത്യയും തമ്മിലുള്ള സാമ്യങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും എടുത്തുകാട്ടപ്പെടുന്നവയാണ്. റഷ്യയിലെ ട്വവറിൽ നികിറ്റിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പ്രശസ്ത സോവിയറ്റ് ശിൽപിയായ സെർജി ഓർലോവാണ് ഇതിന്റെ നിർമാണം നടത്തിയത്. 

English Summary:

Before Vasco da Gama: Discover the Incredible 555-Year-Old Journey of Afanasy Nikitin to India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com