ADVERTISEMENT

പാൽക്കട്ടി അഥവാ ചീസ് പലരുടെയും ഇഷ്ടവിഭവമാണ്. എന്നാൽ ഇതൊരു പുതിയ ഭക്ഷണമൊന്നുമല്ല. കാലങ്ങളായി മനുഷ്യരാശി പാൽക്കട്ടി ഉപയോഗിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും പഴക്കമുള്ള പാൽക്കട്ടിയേതെന്നറിയുമോ? കൃത്യമായി പറയാൻ സാധിക്കില്ലെങ്കിലും അടുത്തിടെ വളരെ പഴകിയ ഒരു പാൽക്കട്ടി കണ്ടെത്തിയിരുന്നു. ചൈനയിലെ തക്‌ലമാക്കൻ മരുഭൂമിയിലെ താരിം ബേസിനിലുള്ള ഷിയോഹെയിൽ നിന്നു കണ്ടെത്തിയ ഒരു മമ്മിയുടെ കഴുത്തിലാണു മാല പോലെ പാൽക്കട്ടി കിടന്നിരുന്നത്. പഴയകാലത്ത് മൃതശരീരം അടക്കുന്ന ചടങ്ങുകളോടൊപ്പം നിത്യോപയോഗ സാധനങ്ങളും വയ്ക്കുമായിരുന്നു. ഈ പാൽക്കട്ടിയും അങ്ങനെ വച്ചതാണ്.

ചൈനയിലെ ദുഷ്കരമായ മരുഭൂമിയായ തക്‌ലമാക്കനിൽ വേറെയും മമ്മികൾ കണ്ടെത്തപ്പെട്ടിട്ടുണ്ട്. താരിം മമ്മികൾ എന്നറിയപ്പെടുന്ന ഇവയെക്കുറിച്ചുള്ള വിവരങ്ങൾ ഇന്നും പൂർണമായി ശാസ്ത്രലോകത്തിനറിയില്ല. ഗോബിയാണ് ചൈനയിലെ ഏറ്റവും പ്രശസ്തമായ മരുഭൂമിയെങ്കിലും രാജ്യത്തു പൂർണമായി സ്ഥിതി ചെയ്യുന്ന തക്‌ലമാക്കൻ മരുഭൂമി ചൈനയുടെ തെക്കുകിഴക്കൻ പ്രവിശ്യയായ സിൻജിയാങ്ങിലാണ്. പഴയകാലത്ത് പട്ടുപാത അഥവാ സിൽക്ക് റൂട്ട് കടന്നുപോയിരുന്ന മരുഭൂമിയാണ് ഇത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തക്‌ലമാക്കനിൽ പര്യവേക്ഷണങ്ങൾ നടത്തി. സ്വെൻ ഹെഡിൻ, ആൽബർട് വോൺ ലെ കോക്, സർ ഔറൽ സ്റ്റെയ്ൻ തുടങ്ങിയ പ്രശസ്ത പര്യവേക്ഷകർ ഇവിടെയെത്തി. ഇവരുടെ പര്യവേക്ഷണങ്ങളിലുടെയാണു താരിം മമ്മികൾ ലോകത്തിനു മുന്നിലെത്തിയത്. സിൻജിയാങ്ങിലെ ലോപ്നുർ, സുബേഷി, ടർപാൻ, ലൗലാൻ, കുമുൾ, ഖോട്ടാൻ, നിയ, ചെർച്ചൻ തുടങ്ങിയിടങ്ങളിൽ നിന്നാണ് കൂടുതൽ മമ്മികളെയും കിട്ടിയത്. ആറടിയോളം പൊക്കവും, ചുവന്ന തലമുടിയും യൂറോപ്യൻ ശരീരഘടനയുമുള്ള ചാർച്ചാൻ മാൻ, ഹാമി മമ്മി, സുബേഷിയിലെ മന്ത്രവാദിനികൾ, സിയോഹേയിലെ രാജകുമാരി തുടങ്ങി ഒട്ടേറെ മമ്മികൾ ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഏറ്റവും പ്രശസ്തം 1980ൽ കണ്ടെത്തപ്പെട്ട ബ്യൂട്ടി ഓഫ് ലൗലാൻ എന്ന മമ്മിയാണ്. ചെമ്പൻ തലമുടിയും കമ്പിളി വസ്ത്രങ്ങളും ഈ മമ്മിക്കുണ്ട്.

തക്‌ലമാക്കനിൽ പ്രകൃതി തന്നെയാണ് മമ്മിവത്കരണം നടത്തിയത്. മരുഭൂമിയിലെ വരണ്ട അന്തരീക്ഷം സ്വാഭാവിക രീതിയിൽ മമ്മികളെ സംരക്ഷിക്കുകയായിരുന്നു. തക്‌ലമാക്കാനിലെ മമ്മികളുടെ ജനിതകം, ഇവരുടെ രൂപം, വേഷവിതാനം തുടങ്ങിയവയിൽ നടത്തിയ പഠനത്തിൽ കൗതുകകരമായ ഒരു കാര്യം വെളിവായി. ഈ മമ്മികൾക്ക് ഇന്നത്തെ ചൈനീസ് ജനതയുമായി യാതൊരു ബന്ധവുമില്ല, ജനിതകപരമായും സാമൂഹികപരമായും  ഇവ മറ്റാരോ ആണ്. ഇവർ യൂറോപ്പിൽ നിന്നോ മധ്യേഷ്യയിലെ മലകളിൽ നിന്നോ വന്നവരാണെന്ന സാധ്യതയാണ് തെളിഞ്ഞത്. പിന്നീട് ഇതിനെ എതിർത്തു കൊണ്ട് ഇവർ തക്‌ലമാക്കൻ മരുഭൂമിയിൽ തന്നെയുള്ളവരായിരുന്നെന്ന മറ്റൊരു സിദ്ധാന്തവും പുറത്തിറങ്ങി.

English Summary:

Ancient Mummy's Necklace: World's Oldest Cheese Discovered!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com