ADVERTISEMENT

മാപ്പുകൾ അഥവാ ഭൂപടങ്ങൾ നമുക്ക് വളരെയേറെ ആവശ്യമുള്ള സാമഗ്രികളാണ്. ഇന്നത്തെ കാലത്ത് ഗൂഗിൾ മാപ്പ് വഴി ഏതുവഴിയും ഏതു സ്ഥലവും അറിയാം. എന്നാൽ പണ്ട് അതായിരുന്നില്ല സ്ഥിതി. കൃത്യമായി വിവരിക്കപ്പെട്ട മാപ്പുകൾ ഉപയോഗിച്ചാണു നാവികരും മറ്റും യാത്ര നടത്തിയിരുന്നത്. എന്നാൽ പല മാപ്പുകളിലും ഇല്ലാത്ത സ്ഥലങ്ങൾ കടന്നുവന്നിരുന്നു.പല തട്ടിപ്പ് മാപ്പുകളും ഇറങ്ങിയിട്ടുമുണ്ട്. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമാണ് ഓസ്ട്രേലിയയിലെ തടാകം. പത്തൊൻപതാം നൂറ്റാണ്ടിൽ ഓസ്ട്രേലിയ കണ്ടെത്തിയിരുന്നെങ്കിലും പൂർണമായി പര്യവേക്ഷണം ചെയ്തിരുന്നില്ല. 

എന്നാൽ നദികളൊഴുകുന്ന ദിശനോക്കി ഓസ്‌ട്രേലിയയിലെ മധ്യഭാഗത്ത് ഒരു പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രദേശമുണ്ടെന്ന് വിചാരിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ തോമസ് മാസ്‌ലൻ എന്ന ബ്രിട്ടിഷുകാരൻ ഓസ്ട്രേലിയയുടെ ഒരു മാപ്പ് തയാർ ചെയ്തു. നടുക്ക് ഒരു ക‌ടൽപോലെ വലുപ്പമുള്ള ഒരു തടാകവും അടയാളപ്പെടുത്തിവച്ചു. എന്നാൽ അതു തേടിച്ചെന്നവർക്ക് നിരാശയായിരുന്നു ഫലം. അവിടെയുണ്ടായിരുന്നത് ഒരു മരുഭൂമി ആയിരുന്നു.സിംസൺ മരുഭൂമി എന്ന് ഇന്നതറിയപ്പെടുന്നു. കലിഫോർണിയ ഒരു ദ്വീപാണെന്ന് പഴയ ചില സ്പാനിഷ് മാപ്പുകളിലുണ്ടായിരുന്നു. ഇതു തെറ്റാണെന്നറി‍ഞ്ഞിട്ടും ഈ രീതി തുടർന്നിരുന്നു ഒരുപാടുകാലം.

∙സർവകലാശാലയെ പറ്റിച്ച ഭൂപടം
അര നൂറ്റാണ്ടിലേറെയായി മറഞ്ഞിരുന്ന പുരാവസ്തുത്തട്ടിപ്പ് 2021ൽ മറനീക്കി പുറത്തുവന്നിരുന്നു. അമേരിക്കൻ സർവകലാശാലകളിൽ ഏറ്റവും പ്രമുഖമായവ ഉൾപ്പെടുന്ന ഐവി ലീഗിലെ അംഗമായ യേൽ സർവകലാശാലയുടെ കൈവശമുള്ള വിൻലാൻഡ് ഭൂപടം വ്യാജമാണെന്നാണ് അന്നു തെളിഞ്ഞത്. 15ാം നൂറ്റാണ്ടിലേതെന്ന് പ്രചരിപ്പിച്ചിരുന്ന ഈ ഭൂപടം യഥാർഥത്തിൽ 1920ൽ ആണു തയാറാക്കിയത്.

യുഎസിന്റെ ചരിത്രത്തെ നേരിട്ടു സ്വാധീനിക്കുന്നതായിരുന്നു ഇതിന്റെ അവകാശവാദം. 15ാം നൂറ്റാണ്ടിൽ വടക്കൻ അമേരിക്കയിലെത്തിയ വൈക്കിങ്ങുകൾ തയാറാക്കിയ മാപ്പെന്നായിരുന്നു വിൻലാൻഡ് ഭൂപടം അറിയപ്പെട്ടിരുന്നത്.വടക്കൻ അമേരിക്കയുടെ നിരവധി പ്രദേശങ്ങൾ ഇതിൽ അടയാളപ്പെടുത്തിയിരുന്നു. അപ്രകാരം ആലോചിക്കുമ്പോൾ, യുഎസ് ഉൾപ്പെടുന്ന ‘ന്യൂ വേൾഡ്’ ആദ്യമായി കണ്ടെത്തി മനസ്സിലാക്കിയത് ക്രിസ്റ്റഫർ കൊളംബസല്ല, മറിച്ച് വൈക്കിങ്ങുകളാണെന്നു വരും.

യഥാർഥത്തിൽ ക്രിസ്റ്റഫർ കൊളംബസ് എത്തുന്നതിനു മുൻപ് തന്നെ അമേരിക്കൻ വൻകരയിൽ ഐസ്‌ലൻ‍‍ഡിൽ നിന്നുള്ള വൈക്കിങ്ങുകൾ എത്തിയിട്ടുണ്ടെന്നു തന്നെ ചരിത്രം പറയുന്നു. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻ‍ഡിലും മറ്റും വൈക്കിങ്ങുകളുടെ താത്കാലിക താമസമേഖലകൾ കണ്ടെത്തിയിട്ടുമുണ്ട്. ഇതെക്കുറിച്ച് പ്രശസ്തമായ രണ്ട് നാടോടിക്കഥകളും ഐസ്‌ലൻഡിലുണ്ട്.

എന്നാൽ അതൊരു ചെറിയ കാര്യമായിരുന്നെന്നും വടക്കൻ അമേരിക്കയെക്കുറിച്ച് സമഗ്രമായി വൈക്കിങ്ങുകൾ മനസ്സിലാക്കിയിരുന്നില്ലെന്നും ചരിത്രകാരൻമാർ പറഞ്ഞിരുന്നു. വടക്കൻ അമേരിക്കയെ സമഗ്രമായി വൈക്കിങ്ങുകൾ മനസ്സിലാക്കിയിരുന്നെന്ന് വാദിച്ചവർ ഉയർത്തിക്കാട്ടിയിരുന്ന മാപ്പാണ് വിൻലാൻഡ്. ഇതാണു പിൽക്കാലത്ത് വ്യാജമാണെന്നു തെളിഞ്ഞത്.

1965ലാണ് വലിയ പ്രശസ്തിയോടെ യേൽ സർവകലാശാല വിൻലാൻഡ് മാപ്പ് പുറത്തിറക്കിയത്.1957ൽ ലോറൻസ് വിറ്റെൻ എന്ന പുരാവസ്തുസ്നേഹി യൂറോപ്പിൽ നിന്നെവിടെ നിന്നോ  സംഘടിപ്പിച്ചതായിരുന്നു ഈ മാപ്പ്. പിന്നീട് വിറ്റെൻ ഇതു പോൾ മെലോൻ എന്ന ധനികനു വിറ്റു. മെലോൻ 1965ൽ ഇതു യേലിനു സംഭാവനയായി നൽകുകയായിരുന്നു.

English Summary:

*Australia's "Sea-Sized" Lake Mystery: A Map's Deceptive Desert Deception

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com