മക്കളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുമോ? കാത്തിരിക്കുന്നത് കടുത്ത മാനസിക പ്രശ്നങ്ങൾ
Mail This Article
പല രക്ഷിതാക്കളുടെയും സന്തോഷവും വെല്ലുവിളികളുമെല്ലാം അവരുടെ കുട്ടികളുടെ വിജയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികളെക്കുറിച്ചുള്ള ഇത്തരം ആഗ്രഹങ്ങള്‍ രക്ഷിതാക്കള്‍ക്കിടയില്‍ മത്സരത്തിനും കാരണമാകാറുണ്ട്. സ്വന്തം കുട്ടിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ വല്ലാത്ത ആവേശം കാണിക്കുന്ന മാതാപിതാക്കളുണ്ട്. മറ്റു കുട്ടികളുമായി സ്വന്തം കുട്ടികളെ താരതമ്യപ്പെടുത്തി, മറ്റുള്ളവരുടെ മക്കളെക്കാള്‍ കേമന്മാരാണ് തങ്ങളുടെ മക്കളെന്ന് തെളിയിക്കേണ്ടത് ഒരത്യാവശ്യമായി മാറുന്ന തരത്തിൽ ഈ ആവേശം ചെന്നെത്താറുണ്ട്. ഈ മത്സരങ്ങള്‍ രക്ഷിതാക്കള്‍ക്കിടയില്‍ ശത്രുതയും കുട്ടികള്‍ക്കിടയില്‍ കടുത്ത മാനസിക പ്രശ്‌നങ്ങളും സൃഷ്ടിക്കും. ഈ അവസ്ഥയെ പാരന്റല്‍ വണ്‍-അപ്മാന്‍ഷിപ് എന്ന് വിളിക്കാം.
കുട്ടികളുടെ നേട്ടങ്ങള്‍, അക്കാദമിക് പ്രകടനങ്ങള്‍, പാഠ്യേതര നേട്ടങ്ങള്‍, തങ്ങളുടെ രക്ഷാകര്‍തൃ ശൈലി തുടങ്ങിയവ താരതമ്യം ചെയ്തു കൊണ്ട് പല രക്ഷിതാക്കളും ഈ മത്സരബുദ്ധി പ്രകടിപ്പിക്കാറുണ്ട്. പാരന്റല്‍ വണ്‍-അപ്മാന്‍ഷിപ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന മാതാപിതാക്കളെയും ഈ മത്സരത്തിന് ഇരകളാകുന്ന കുട്ടികളെയും സാരമായി ബാധിക്കും. അതോടൊപ്പം ഈ മത്സരം പലപ്പോഴും കുടുംബത്തിനപ്പുറത്തേക്ക് വ്യാപിക്കുകയും സമൂഹത്തിനുള്ളിലെ ബന്ധങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുകയും ചെയ്‌തേക്കാം.
സമാധാനം നഷ്ടപ്പെടുന്ന മാതാപിതാക്കള്‍
ഈ കിടമത്സരത്തിന്റെ ആദ്യ ഇരകള്‍ മാതാപിതാക്കള്‍ തന്നെയാണ്. രക്ഷാകര്‍തൃത്വവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നന്നായി നിര്‍വഹിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കാതെ വരും. കാരണം കുട്ടികളുടെ മികവു പുറത്തെടുക്കുന്നതിനു പകരം മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തുന്നതിലായിരിക്കും മാതാപിതാക്കളുടെ ശ്രദ്ധ. പരസ്പരം പിന്തുണ നല്‍കേണ്ട മാതാപിതാക്കള്‍ തമ്മില്‍ അനാവശ്യ സ്പര്‍ദ്ധയും അസൂയയും ഉടലെടുക്കുന്നു. അത്തരം ശ്രമങ്ങളില്‍ സാമ്പത്തിക ബാധ്യതകള്‍ പോലും ഉണ്ടാകാം. ചുരുക്കത്തില്‍ സമാധാനം നഷ്ടപ്പെട്ട്, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഗുണമില്ലാത്ത അനാവശ്യ മത്സരങ്ങളില്‍ രക്ഷിതാക്കള്‍ കുടുങ്ങിപ്പോകുന്നു.
കുട്ടികളെ സ്വാധീനിക്കുന്നതെങ്ങനെ?
മാതാപിതാക്കള്‍ക്കിടയിലുള്ള ഈ മത്സരത്തില്‍ പലപ്പോഴും വലിയ വില കൊടുക്കേണ്ടി വരുന്നത് നിരപരാധികളായ കുട്ടികളാണ്. മത്സരത്തിന്റെ ഫലമായി കുട്ടികള്‍ക്കിടയില്‍ ഉണ്ടാകുന്ന അനാവശ്യമായ ശത്രുതയും മത്സരത്തില്‍ വിജയിക്കാനുള്ള ഉയര്‍ന്ന സമ്മര്‍ദവും തോറ്റു പോകുമോ എന്ന ഉത്കണ്ഠയും വികലമാക്കപ്പെടുന്ന ആത്മാഭിമാനബോധവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. കുട്ടികളുടെ അക്കാദമിക് നേട്ടങ്ങളും പാഠ്യേതര നേട്ടങ്ങളും അവരുടെ വ്യക്തിഗത നേട്ടങ്ങളല്ല, മറിച്ചു മാതാപിതാക്കളുടെ കിടമത്സരത്തിന്റെ മൂല്യനിര്‍ണയത്തിനുള്ള അളവുകോലുകളായി മാറുന്നു.
സമൂഹത്തില്‍ സൃഷ്ടിക്കുന്ന വിള്ളല്‍
മാതാപിതാക്കളുടെ മത്സരം കുടുംബത്തില്‍ അവസാനിക്കുന്നില്ല. അത് സാവധാനം പിരിമുറുക്കത്തിന്റെയും താരതമ്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുകയും സമൂഹത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഇത് രക്ഷിതാക്കള്‍ക്കിടയിലുള്ള ബന്ധം വഷളാക്കുകയും തുറന്ന ആശയവിനിമയത്തെ തടസ്സപ്പെടുത്തുകയും പരസ്പരമുള്ള ഐക്യത്തെയും സഹായ മനോഭാവത്തെയും മോശമായി സ്വാധീനിക്കുകയും ചെയ്യുന്നു. രക്ഷിതാക്കള്‍ക്ക് പരസ്പരം പിന്തുണ നല്‍കാനോ പ്രോത്സാഹിപ്പിക്കാനോ സാധിക്കാതെ വരുന്നു.
പാരന്റല്‍ വണ്‍-അപ്മാന്‍ഷിപ് അതിജീവിക്കാന്‍ ചില പ്രായോഗിക നിര്‍ദേശങ്ങള്‍
1. തിരിച്ചറിവിന്റെ പാഠങ്ങള്‍
നമ്മുടെ കുട്ടികള്‍ വിജയിക്കുന്നത് കാണാനുള്ള ആഗ്രഹത്തില്‍ നിന്നാണ് മറ്റു കുട്ടികളോടും അവരുടെ മാതാപിതാക്കളോടുമുള്ള ഈ മത്സരം ഉണ്ടാകുന്നത് എന്ന് തിരിച്ചറിയണം. മറ്റു കുട്ടികളെപ്പോലെ സ്വന്തം കുഞ്ഞുങ്ങളെ വാര്‍ത്തെടുക്കുന്നവരല്ല, സ്വന്തം കുട്ടികളുടെ ആഗ്രഹങ്ങളും അഭിരുചികളും തിരിച്ചറിഞ്ഞ് ആ വഴിയിലൂടെ അവരെ കൈ പിടിച്ചു നടത്തുന്നവരാണ് നല്ല മാതാപിതാക്കൾ. അവിടെ മറ്റുള്ള കുട്ടികളുമായുള്ള താരതമ്യമല്ല, സ്വന്തം കുട്ടിയുടെ മികവു പുറത്തെടുക്കുകയാണ് മാതാപിതാക്കളുടെ ഉത്തരവാദിത്തം എന്ന് മറക്കരുത്.
2. കുട്ടിയുടെ വ്യക്തിത്വത്തെ അംഗീകരിക്കുക
മാതാപിതാക്കള്‍ ഓരോ കുട്ടിയുടെയും വ്യക്തിത്വത്തെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത് മറ്റു കുട്ടികളുമായി താരതമ്യം ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കുട്ടികളെ താരതമ്യം ചെയ്യുന്നതിനു പകരം കുട്ടിയുടെ വ്യക്തിഗത പുരോഗതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
3. രക്ഷിതാക്കള്‍ക്ക് വേണ്ടി പ്ലാറ്റ്ഫോമുകള്‍ സൃഷ്ടിക്കാം
സ്‌കൂളുകളിലും മറ്റും പിടിഎ പോലെയുള്ള നിരവധി പ്ലാറ്റു
ഫോമുകള്‍ നന്നായി ഉപയോഗപ്പെടുത്താനാവണം. പരസ്പരം മത്സരിക്കുന്നതിന് പകരം കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താനും പരിപോഷിപ്പിക്കാനും പരസ്പരം സഹായിക്കാനാകുന്ന വേദികളായി ഇത്തരം കൂട്ടായ്മകള്‍ മാറണം. മാതാപിതാക്കള്‍ക്ക് ഈ പ്ലാറ്റുഫോമുകളിലൂടെ മികച്ച അറിവുകള്‍ ലഭിക്കുന്നത് അനാവശ്യമായ താരതമ്യങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് മാത്രമല്ല പരസ്പരം സഹായിക്കുന്നതിനുള്ള അവസരങ്ങള്‍ സഹകരണത്തിന്റെ ഒരു സംസ്‌കാരം സൃഷ്ടിക്കുകയും ചെയ്യും.
കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ