പരീക്ഷാപ്പേടി സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടോ? ടെന്ഷന്ഫ്രീയാകാന് ചില ടിപ്സ് പരീക്ഷിച്ചാലോ
Mail This Article
പരീക്ഷക്കാലം അടുത്തു വരികയാണ്. വിദ്യാർഥികള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രതിസന്ധിയാണ് പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദം. ചില കുട്ടികളെയെങ്കിലും ഇത് വളരെ മോശമായി ബാധിക്കാറുമുണ്ട്. കുട്ടികളിലെ ഈ പരീക്ഷാ സമ്മര്‍ദം ലഘൂകരിക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കും. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
സമ്മര്‍ദത്തിന്റെ ഉറവിടം മനസ്സിലാക്കുക
പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദത്തെ ഫലപ്രദമായി നേരിടുന്നതിനുള്ള ആദ്യപടി അതിന്റെ ഉറവിടം കണ്ടെത്തുകയാണ്. പരാജയ ഭയം, ടൈം മാനേജ്‌മെന്റ് പ്രശ്‌നങ്ങള്‍, പരീക്ഷാഫലത്തെക്കുറിച്ചുള്ള അമിത പ്രതീക്ഷ തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിനുണ്ട്. കുട്ടികളുടെ സമ്മര്‍ദങ്ങളുടെ ഉറവിടം തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും മാതാപിതാക്കള്‍ കുട്ടികളുമായി തുറന്ന ആശയവിനിമയം നടത്തേണ്ടത് അത്യാവശ്യമാണ്.
പോസിറ്റീവ് പഠന അന്തരീക്ഷം സൃഷ്ടിക്കാം
പരീക്ഷയുമായി ബന്ധപ്പെട്ട പിരിമുറുക്കം ലഘൂകരിക്കുന്നതിനു ക്രിയാത്മകമായ ഒരു പോസിറ്റീവ് പഠനാന്തരീക്ഷം വീട്ടില്‍ സൃഷ്ടിക്കുന്നത് നിര്‍ണായകമാണ്. എപ്സ്റ്റെയിന്റെ (Epstein) 'പേരന്റ്‌സ് ഇന്‍വോള്‍വ്‌മെന്റ് തിയറിയില്‍' (2010) പറയുന്നതനുസരിച്ച് കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കളുടെ പങ്കാളിത്തം അവരുടെ അക്കാദമിക്ക് വിജയത്തെ ഗണ്യമായി സ്വാധീനിക്കുന്നു. കുട്ടികള്‍ക്ക് പഠിക്കാനായി ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതും ആവശ്യമായ പഠന വിഭവങ്ങള്‍ നല്‍കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.
ഒരുക്കം നേരത്തേ ആരംഭിക്കാം, ടൈം മാനേജ്‌മെന്റ് മറക്കരുത്
പല കുട്ടികളും പരീക്ഷയുമായി ബന്ധപ്പെട്ട പിരിമുറുക്കം അനുഭവിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഒരുക്കമില്ലായ്മയാണ്. പരീക്ഷയുടെ ടൈം ടേബിള്‍ കയ്യില്‍ കിട്ടിയതിനു ശേഷം മാത്രം പഠനം ആരംഭിക്കുന്ന കുട്ടികളുണ്ട്. അവരെ സംബന്ധിച്ച് വളരെ വലിയ സിലബസ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പഠിച്ചു തീര്‍ക്കേണ്ടി വരുന്നു. സ്വാഭാവികമായും പല കാര്യങ്ങളും അവര്‍ക്ക് പഠിക്കാന്‍ സാധിക്കില്ല. തുടര്‍ന്ന് പരീക്ഷ അവര്‍ക്കൊരു പേടിസ്വപ്നമായി മാറുന്നു. മാതാപിതാക്കളുടെ സഹായത്തോടെ നേരത്തേയുള്ള ഒരുക്കം ഈ പരീക്ഷാ പേടി മാറ്റാന്‍ ഒരു പരിധി വരെ കുട്ടികളെ സഹായിക്കും.
സമ്മര്‍ദത്തിന്റെ മറ്റൊരു പ്രധാന കാരണം മോശം ടൈം മാനേജ്മെന്റാണ്. ഫ്രാന്‍സിസ്‌കോ സിറില്ലോയുടെ 'പോമോഡോറോ ടെക്നിക്' പോലുള്ള വിദ്യകള്‍ ഉപയോഗിക്കുന്നത് ഫലപ്രദമായ ടൈം മാനേജ്മെന്റിനു കുട്ടികളെ സഹായിക്കും. (പഠനസമയം 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ഭാഗങ്ങളായി തിരിച്ച് ഓരോ 25 മിനിറ്റും ശ്രദ്ധയോടെയുള്ള പഠനത്തിന് ശേഷം 5 മിനിറ്റ് നിര്‍ബന്ധമായും ഇടവേള എടുക്കുന്നു. മൂന്ന് പ്രാവശ്യം ഇങ്ങനെ കഴിയുമ്പോള്‍ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള നീണ്ട ഒരു ഇടവേള എടുക്കുന്നു. വീണ്ടും ഇതേ പ്രക്രിയ തുടരുന്നു).
കളി വേണ്ട, ഉറങ്ങണ്ട, കുത്തിയിരുന്ന് പഠിക്കണം
പരീക്ഷയെടുക്കുമ്പോള്‍ ചില മാതാപിതാക്കളെങ്കിലും കുട്ടികളോട് പറയുന്നത് ഇനി കളികളും വ്യായാമവുമൊന്നും വേണ്ടെന്നാണ്. പരീക്ഷയ്ക്ക് പഠിക്കാന്‍ കൂടുതല്‍ സമയം ലഭിക്കും എന്നതാണ് കാരണം. എന്നാല്‍ ശാരീരിക ക്ഷമതയും അക്കാദമിക് പ്രകടനവും തമ്മില്‍ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് കുട്ടികളിലെ സമ്മര്‍ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. പതിവായുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ വൈജ്ഞാനിക മണ്ഡലങ്ങളെയും അക്കാദമിക് നേട്ടത്തെയും ഗുണപരമായി സ്വാധീനിക്കുന്നുവെന്നാണ് ചാള്‍സ് ഹില്‍മാന്‍ തുടങ്ങിയവരുടെ ഗവേഷണങ്ങള്‍ തെളിയിക്കുന്നത് (2008). സ്ഥിരതയോടെ വ്യായാമം ചെയ്യാനും സമീകൃതാഹാരം കഴിക്കാനും മതിയായ ഉറക്കം ഉറപ്പാക്കാനും മാതാപിതാക്കള്‍ കുട്ടികളെ സഹായിക്കണം. കാരണം ഈ ശീലങ്ങള്‍ സമ്മര്‍ദത്തെ പ്രതിരോധിക്കാന്‍ കുട്ടികളെ സഹായിക്കും.
സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകള്‍ പരിശീലിക്കാം
പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകള്‍ ഉപയോഗിക്കാം. പരീക്ഷാസമയത്തെ സമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നതിന് ആഴത്തിലുള്ള ശ്വസനം, ധ്യാനം തുടങ്ങിയ കാര്യങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
കൈവരിക്കാവുന്ന ലക്ഷ്യങ്ങള്‍ ക്രമീകരിക്കാം
കുട്ടികളുടെ പഠന നിലവാരത്തോട് പുലബന്ധം പോലുമില്ലാത്ത പ്രതീക്ഷകള്‍ വച്ച് പുലര്‍ത്തുന്ന രക്ഷിതാക്കള്‍ പരീക്ഷ സമയത്ത് കുട്ടികളില്‍ വലിയ സമ്മര്‍ദം ചെലുത്താറുണ്ട്. കുട്ടികളുടെ കഴിവുകളും താല്‍പര്യങ്ങളും അടിസ്ഥാനമാക്കി കൈവരിക്കാവുന്ന ലക്ഷ്യങ്ങള്‍ അവർക്കു മുന്നില്‍ വയ്ക്കാന്‍ മാതാപിതാക്കള്‍ക്കു സാധിക്കണം. തങ്ങളുടെ അമിത പ്രതീക്ഷകളുടെ ഭാരം കുട്ടികളില്‍ പിരിമുറുക്കം സൃഷ്ടിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം. പരീക്ഷയുടെ റിസള്‍ട്ടിനേക്കാള്‍ കുട്ടികളുടെ പരിശ്രമങ്ങളെ അംഗീകരിക്കാനും അഭിനന്ദിക്കാനും രക്ഷിതാക്കള്‍ക്കാവണം. അത് പഠനത്തോട് വളരെ പോസിറ്റീവ് ആയ ആഭിമുഖ്യം കുട്ടികളില്‍ വളര്‍ത്തുകയും യാതൊരു പിരിമുറുക്കവും പരാജയ ഭീതിയുമില്ലാതെ പരീക്ഷകളെ നേരിടാന്‍ കുട്ടികളെ സഹായിക്കുകയും ചെയ്യും.