കുഞ്ഞിന് ആറുമാസമാകും മുൻപ് പാൽ അല്ലാതെ മറ്റെന്തെങ്കിലും നൽകാമോ?
Mail This Article
ചോദ്യം : ഞാൻ 26 വയസ്സുള്ള യുവതിയാണ്. എന്റെ കുഞ്ഞിന് ഇപ്പോൾ അഞ്ചുമാസമായി. ഇതു വരെ മുലപ്പാൽ മാത്രമാണ് നൽകുന്നത്. കുഞ്ഞിന്റെ ഭാരം 5.5 കിലോഗ്രാം ആണ്. എപ്പോഴാണ് മറ്റ് ആഹാരങ്ങൾ നൽകേണ്ടത്? ഏതെല്ലാം ആഹാരങ്ങളാണ് നൽകേണ്ടതെന്ന് ഒന്ന് വിശദമാക്കാമോ?
ഉത്തരം: കുഞ്ഞിന് ആറ് മാസം പൂർത്തിയാകുന്നതു വരെ മുലപ്പാൽ മാത്രം മതിയാകും. അത് കഴിഞ്ഞാൽ മുലപ്പാലിനൊപ്പം മറ്റ് ആഹാരപദാർഥങ്ങൾ നൽകാവുന്നതാണ്. ആറുമാസത്തിനു മുൻപ് പാൽ അല്ലാതെ മറ്റെന്തെങ്കിലും നൽകുന്നത് സ്വീകരിക്കാൻ കുഞ്ഞിന്റെ ദഹനവ്യവസ്ഥ പാകമായിരിക്കില്ല. അങ്ങനെ ചെയ്യുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ആദ്യ ദിവസങ്ങളിൽ ഏതെങ്കിലും ഒരു ധാന്യം (അരി, മുത്താറി തുടങ്ങിയവ) കുഴമ്പു രൂപത്തിൽ വേവിച്ചു നൽകാവുന്നതാണ്. ഇത് കൂടുതൽ രുചികരവും പോഷകസമ്പുഷ്ടവും ആക്കാൻ ശർക്കര, നെയ്യ്, തേങ്ങാപാൽ എന്നിവ ചേർക്കാവുന്നതാണ്. ആദ്യ ആഴ്ചയിൽ ഇതേ ഭക്ഷണം ഒരു നേരം ആക്കാം.
തുടർന്നുള്ള ആഴ്ചകളിൽ ഇതുപോലെ മറ്റു ധാന്യവർഗങ്ങൾ ഓരോന്നായി നൽകാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കുഞ്ഞിന് ഏതെങ്കിലും ഭക്ഷണപദാർഥത്തോട് അലർജിയുണ്ടെങ്കിൽ എളുപ്പം തിരിച്ചറിയാൻ സാധിക്കും. ആദ്യ ദിവസങ്ങളിൽ 2–3 സ്പൂൺ മാത്രം നൽകുകയും ക്രമേണ അളവ് കൂട്ടി വരാവുന്നതുമാണ്. ക്രമേണ കുറുക്കിന്റെ കൂടെ പയറുവർഗങ്ങൾ, ഉരുളക്കിഴങ്ങ് എന്നിവ വേവിച്ച് ഉടച്ചു ചേർക്കാവുന്നതാണ്. മറ്റ് കിഴങ്ങുവർഗങ്ങളും ഇതുപോലെ നൽകാം. എട്ടുമാസം ആകുമ്പോഴേക്കും മുട്ടയുടെ മഞ്ഞയും നൽകിത്തുടങ്ങാം. കുഞ്ഞിന് അലർജിയൊന്നും ഇല്ലെന്ന് ഉറപ്പായാൽ 1–2 ആഴ്ചകൾക്കു ശേഷം വെള്ളയും നൽകാവുന്നതാണ്. 9–10 മാസം ആകുമ്പോഴേക്കും ലഘുവായതും അധികം എരിവില്ലാത്തതുമായ സാധാരണ ഭക്ഷണപദാർഥങ്ങൾ നൽകിത്തുടങ്ങാവുന്നതാണ്.
(ലേഖകൻ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ നിയോ നാറ്റോളജി വിഭാഗം മേധാവിയും സ്റ്റാർ കെയർ ഹോസ്പിറ്റലിൽ കൺസൽറ്റന്റുമാണ്)
കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ