പൊള്ളുന്ന ചൂടിൽ നിന്ന് കുഞ്ഞിനും രക്ഷ വേണം, ഉടുപ്പ് തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Mail This Article
മുമ്പെങ്ങുമില്ലാത്ത വിധം പൊള്ളുന്ന ചൂടുമായി വേനൽക്കാലം ഒരു ദയയുമില്ലാതെ മുന്നോട്ട് പോകുകയാണ്. മുതിർന്നവർക്ക് ചൂടിൽ നിന്ന് രക്ഷ നേടാൻ പല വിധത്തിൽ ശ്രമിക്കാം. ഇടയ്ക്കിടയ്ക്ക് കുളിക്കാം, ഫാനിട്ട് ഇരിക്കാം, ആ കാറ്റും പോരെങ്കിൽ വിശറി എടുത്ത് വീശാം, തണുത്ത വെള്ളം കുടിക്കാം, ചൂടിനെ പ്രതിരോധിക്കുന്ന ഉടുപ്പുകൾ ഇടാം അങ്ങനെ എത്രയെത്ര കാര്യങ്ങൾ. എന്നാൽ ഈ ചൂടുകാലത്ത് എന്ത് ചെയ്യണമെന്നറിയാതെ ചൂട് സഹിക്കാൻ വയ്യാതെ സദാസമയവും കരഞ്ഞു കൊണ്ടിരിക്കുന്ന കുറച്ചാളുകൾ ഉണ്ട്. മറ്റാരുമല്ല, കുഞ്ഞുങ്ങളാണത്.
അതുകൊണ്ടു തന്നെ കുഞ്ഞുങ്ങൾക്ക് ചൂടിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തേണ്ടത് മാതാപിതാക്കളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രധാനമായും ചൂടുകാലത്ത് കുഞ്ഞുങ്ങളെ ധരിപ്പിക്കുന്ന ഉടുപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ചൂടുകാലത്ത് കുട്ടികളെ ധരിപ്പിക്കുന്ന ഉടുപ്പുകൾ ശരീരത്തിന് കൂടുതൽ ചൂട് നൽകുന്നതല്ലെന്ന് ഉറപ്പു വരുത്തണം. കുട്ടികൾക്ക് സമാധാനവും സ്വസ്ഥതയും നിറഞ്ഞ ഒരു വേനൽക്കാലം സമ്മാനിക്കാൻ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
കുഞ്ഞുങ്ങൾക്ക് കോട്ടൺ ഉടുപ്പുകൾ തിരഞ്ഞെടുക്കാം
കുഞ്ഞുങ്ങൾക്ക് ഉടുപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ഒരിക്കലും ചൂടുകാലത്ത് പോളിസ്റ്റർ, സിൽക് തുണിത്തരങ്ങൾ കൊണ്ടുള്ള ഉടുപ്പുകൾ കുഞ്ഞുങ്ങൾക്ക് നൽകരുത്. ചൂടുകാലത്ത് ഇത്തരം ഉടുപ്പുകൾ കുഞ്ഞുങ്ങൾക്ക് കൂടുതൽ അസ്വസ്ഥത നൽകും. കോട്ടൺ ഉടുപ്പുകൾ കുഞ്ഞുങ്ങൾക്കായി തിരഞ്ഞെടുക്കാം. പരുത്തി വസ്ത്രങ്ങളും മുള കൊണ്ടുള്ള വസ്ത്രങ്ങളും കുട്ടികൾക്ക് അനുയോജ്യമാണ്. ഓർഗാനിക് പരുത്തി വളരെ കനം കുറഞ്ഞതും ഈടു നിൽക്കുന്നതുമാണ്. കനം കുറഞ്ഞ ഉടുപ്പ് ആയതുകൊണ്ടു തന്നെ ചൂടു സമയത്ത് ശരീരത്തിന് ഇടയ്ക്ക് ഒരു ചെറിയ കാറ്റ് പോലെ തോന്നിക്കും. മുള കൊണ്ടുള്ള ഉടുപ്പാണ് ധരിക്കുന്നതെങ്കിൽ അത് കുഞ്ഞിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് ശ്വസനക്ഷമതയ്ക്ക് പേര് കേട്ടതാണ് മുള. ഇത്തരത്തിലുള്ള ഉടുപ്പുകൾ ധരിക്കുമ്പോൾ കുഞ്ഞിന് തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. ഇത്തരം ഉടുപ്പുകൾ ശരീരത്തിൽ നിന്ന് ഈർപ്പം വലിച്ചെടുക്കുകയും ചെയ്യും. അതിനാൽ തന്നെ വിയർത്ത് നനഞ്ഞിരിക്കുന്ന അവസ്ഥ ഉണ്ടാകില്ല. കുഞ്ഞുങ്ങൾക്ക് ചൂടുകാലത്തെ നേരിടാൻ ഏറ്റവും അനുയോജ്യമായ വസ്ത്രമാണ് മുള കൊണ്ടുള്ള കുട്ടിക്കുപ്പായങ്ങൾ.
ഇറക്കം കുറഞ്ഞ ഉടുപ്പുകൾ അനുയോജ്യം
കുട്ടികളുമായി ചൂടുകാലത്ത് പുറത്തിറങ്ങുമ്പോൾ ഏറ്റവും നല്ലത് ഇറക്കം കുറഞ്ഞ ഉടുപ്പുകൾ ഉപയോഗിക്കുക എന്നുള്ളതാണ്. ചെറിയ സ്ലീവ്, ഷോർട് ബോട്ടം എന്നിവയാണ് ഈ സമയത്ത് കുഞ്ഞുങ്ങൾക്ക് ധരിക്കാൻ നല്ലത്. അതുകൊണ്ടു തന്നെ ബോഡി സ്യൂട്ടുകൾ കുഞ്ഞുങ്ങൾക്ക് ഈ സമയത്ത് വളരെ നല്ലതാണ്. കുഞ്ഞുങ്ങളുടെ ശരീരം വളരെ സെൻസിറ്റീവ് ആണ്. അതുകൊണ്ടു തന്നെ വെയിലും ചൂടും അവരുടെ ചർമത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടാകാം. അത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാൻ ഓർഗാനിക് സൺസ്ക്രീൻ ഉപയോഗിക്കാവുന്നതാണ്. പുറത്തിറങ്ങുമ്പോൾ കുഞ്ഞുങ്ങളുടെ ദേഹത്ത് വെയിൽ അടിക്കാതിരിക്കാൻ എപ്പോഴും തണലിൽ കുഞ്ഞുമായി നിൽക്കുക. മറ്റ് തണലുകൾ ലഭ്യമല്ലെങ്കിൽ നേർത്ത മസ്ലിൻ തുണി ഉപയോഗിച്ച് കുഞ്ഞിന് തണൽ നൽകുക. ആറു മാസം പൂർത്തിയായ കുഞ്ഞുങ്ങളുടെ ദേഹത്ത് മാത്രമേ സൺസ്ക്രീൻ പുരട്ടാവൂ. കുഞ്ഞ് ആറുമാസത്തിൽ താഴെയാണെങ്കിൽ വെയിൽ ഏൽക്കാതെ സംരക്ഷിക്കുക.
കൈവശം എപ്പോഴും ഒരു ജോഡി വസ്ത്രം കൂടി കരുതുക
കുഞ്ഞുങ്ങൾക്ക് എപ്പോഴും ചൂടുകാലം ഒരു വില്ലൻ തന്നെയാണ്. അതുകൊണ്ടു തന്നെ കനം കുറഞ്ഞ വസ്ത്രങ്ങൾ അവർക്കു വേണ്ടി തിരഞ്ഞെടുക്കുമ്പോഴും അവരെ ധരിപ്പിക്കുമ്പോഴും കൈവശം മറ്റൊരു ജോഡി വസ്ത്രം കൂടി നിർബന്ധമായും കരുതിയിരിക്കണം. കാരണം, പെട്ടെന്ന് കാലാവസ്ഥ മാറിയാൽ കുഞ്ഞിനെ ധരിപ്പിക്കാൻ കഴിയുന്ന ഒരു ജോഡി വസ്ത്രം കൂടി കൈയിൽ കരുതണം. ബോഡിസ്യൂട് ആണ് കുഞ്ഞിനെ ധരിപ്പിച്ചിട്ടുള്ളതെങ്കിൽ ലോംഗ് സ്ലീവും ലെഗ്ഡ് സ്ലീപ്സ്യൂടും അല്ലെങ്കിൽ യോഗ പാന്റും ടി ഷർടും കൈയിൽ കരുതാവുന്നതാണ്. കാലാവസ്ഥ ഏതായാലും കുഞ്ഞിനെ സുരക്ഷിതമായ വസ്ത്രം ധരിപ്പിക്കാൻ ഇതിലൂടെ സാധിക്കും. എന്നാൽ, ഈ വസ്ത്രങ്ങളൊന്നും കുഞ്ഞിന് വളരെ ചൂടോ തണുപ്പോ നൽകുന്നല്ലെന്ന് ഉറപ്പു വരുത്തണം.
കാലുകൾ സ്വതന്ത്രമാകട്ടെ
മുതിർന്നവരെ പോലെ തന്നെ കുഞ്ഞുങ്ങൾക്ക് കാലിൽ നിന്നും തലയിൽ നിന്നും ചൂട് നഷ്ടപ്പെടും. അതുകൊണ്ടു തന്നെ ശരീരത്തിന്റെ താപനില നിയന്ത്രിക്കാൻ കുഞ്ഞുങ്ങളുടെ പാദത്തിൽ ഒന്നും ധരിക്കാത്തതാണ് നല്ലത്. കുഞ്ഞുങ്ങൾ നടന്നു തുടങ്ങിയിട്ടില്ലെങ്കിൽ അവരുടെ കാലിൽ ഷൂസോ സോക്സോ ധരിക്കേണ്ടതില്ല. കാൽവിരലുകൾ ഒക്കെ ചലിപ്പിച്ച് അൽപം കൂൾ ആയി ഇരിക്കാൻ ഇത് കുഞ്ഞുങ്ങളെ സഹായിക്കും. കുഞ്ഞുങ്ങൾ നടന്നു തുടങ്ങിയിട്ടുണ്ടെങ്കിൽ വായു സഞ്ചാരമുള്ള ചെരുപ്പുകൾ അവർക്ക് നൽകാവുന്നതാണ്. അതാണ് ആരോഗ്യകരവും.
തൊപ്പി വെക്കാം, അധികസംരക്ഷണം നൽകാം
സൂര്യൻ ഒരു ദയയുമില്ലാതെ കത്തി ജ്വലിച്ചു നിൽക്കുമ്പോൾ നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് അധിക സംരക്ഷണം നൽകുന്നതിനെക്കുറിച്ച് പ്രത്യേകം കരുതലെടുക്കണം. ബ്രിം ഉള്ള തൊപ്പി കുഞ്ഞുങ്ങളുടെ തലയിൽ വെച്ചു നൽകാവുന്നതാണ്. ഇത് വെയിൽ നേരിട്ട് തലയിൽ അടിക്കുന്നതിൽ നിന്ന് സംരക്ഷണം നൽകുന്നു. തൊപ്പിയുടെ മുമ്പോട്ട് നീണ്ടു നിൽക്കുന്ന ഭാഗം സൂര്യരശ്മികൾ കുഞ്ഞിന്റെ മുഖത്ത് പതിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു. സൂര്യപ്രകാശത്തിന്റെ കാര്യം വരുമ്പോൾ കണ്ണുകൾ അതിലോലമാണ്. പകൽ സമയത്ത് കുഞ്ഞുമായി പുറത്തു പോകേണ്ടി വരുന്ന സാഹചര്യം ആണെങ്കിൽ കുഞ്ഞിന് ധരിക്കാൻ നല്ല ഒരു സൺഗ്ലാസ് കരുതുന്നതും വളരെ ഗുണകരമാണ്. കുഞ്ഞിന്റെ കണ്ണുകൾ പൊടിയിൽ നിന്നും ചൂടിൽ നിന്നും സംരക്ഷിക്കാൻ അത് ഉത്തമമായ മാർഗമാണ്.
കുഞ്ഞിന് സുഖകരമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക
കുഞ്ഞുങ്ങൾ നന്നായി ഉറങ്ങുന്നത് അവരുടെ വളർച്ചയെ സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ്. അതുകൊണ്ട് തന്നെ കുഞ്ഞ് ഉറങ്ങുമ്പോൾ മുറിയിലെ താപനില എത്രയെന്നതിനെ ആശ്രയിച്ചിരിക്കും സമാധാനത്തോടെ കുഞ്ഞ് ഉറങ്ങുന്ന സമയവും. മുറിയിലെ താപനില 20 സെൽഷ്യസിലും കൂടുതലാണെങ്കിൽ കുഞ്ഞിനെ ഒരു ഷോർട് സ്ലീവ് ബോഡിസ്യൂട് ധരിപ്പിക്കാം. നിങ്ങൾ ഉറങ്ങുന്ന സമയത്ത് എത്തരത്തിൽ വസ്ത്രം ധരിക്കണമെന്നാണ് ആഗ്രഹിക്കുന്നത് അതുപോലെ കുഞ്ഞിനെയും വസ്ത്രം ധരിപ്പിക്കാം. കുഞ്ഞിന്റെ കഴുത്തിന്റെ പിൻഭാഗം ഇടയ്ക്കിടയ്ക്ക് പരിശോധിക്കാം. കുഞ്ഞിന് തണുപ്പാണോ ചൂടാണോ അനുഭവപ്പെടുന്നതെന്ന് ഇതിലൂടെ മനസിലാക്കാൻ സാധിക്കും.
അമ്മമാർ സ്ലിംഗ് ഉപയോഗിക്കുന്നവരാണെങ്കിൽ യാത്രയിൽ അവർക്ക് അത് വളരെ നല്ല രീതിയിൽ ഗുണം ചെയ്യും. അതേസമയം, ചൂടുകാലത്ത് സ്ലിംഗ് ഉപയോഗിക്കുമ്പോൾ അത് അമ്മയ്ക്കും കുഞ്ഞിനും അമിതമായ ഉഷ്ണം നൽകുന്ന വിധത്തിൽ ആകരുത്. ആറു മാസത്തിന് മുകളിലേക്കുള്ള കുഞ്ഞുങ്ങൾക്ക് പുഷ് ചെയർ ഉപയോഗിക്കാവുന്നതാണ്. കുഞ്ഞുങ്ങളുമായി അവധിക്കാല യാത്രകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് നിങ്ങളെങ്കിൽ ഒരു സ്ട്രോളർ വാങ്ങുന്നത് യാത്രകൾക്ക് കൂടുതൽ സുഖവും സൌകര്യവും നൽകും.