ADVERTISEMENT

ഇന്ന് ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി സ്മാര്‍ട്ഫോണുകള്‍ മാറിക്കഴിഞ്ഞു. ആശയവിനിമയത്തിൽ മാത്രമല്ല വിനോദവും അറിവു തേടലും മുതൽ സാമ്പത്തിക ഇടപാടുകൾ വരെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും അവയ്ക്കു വലിയ പങ്കുണ്ട്. അതോടൊപ്പം, കുട്ടികളുടെ അമിതമായ സ്മാര്‍ട്ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ക്ക് വലിയ ആശങ്കയുമായി. കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുന്ന സ്മാര്‍ട്ഫോണ്‍ ആസക്തിയെ അതിജീവിക്കാന്‍ ചില പൊടിക്കൈകള്‍ നോക്കാം.


Representative Image. Photo Credit : YakobchukOlena / iStockPhoto.com
Representative Image. Photo Credit : YakobchukOlena / iStockPhoto.com

എന്താണ് സ്മാര്‍ട്ഫോണ്‍ അഡിക്‌ഷന്‍
ദൈനംദിന ജീവിത പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയില്‍ സ്മാര്‍ട്ഫോണുകളുടെ അമിത ഉപയോഗത്തെ സ്മാര്‍ട്ഫോണ്‍ അഡിക്‌ഷന്‍ എന്ന് വിളിക്കാം. കുട്ടികളില്‍ ഈ ആസക്തിക്ക് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. അവ കുട്ടികള്‍ക്ക് എളുപ്പം ലഭിക്കുന്ന സാഹചര്യവും സമപ്രായക്കാരുടെ സ്വാധീനവും പരിധിയില്ലാത്ത ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും രക്ഷിതാക്കളുടെ മേല്‍നോട്ടത്തിന്റെ അഭാവവുമെല്ലാം കുട്ടികൾ അമിതമായി ഫോണുപയോഗിക്കാൻ കാരണമാകാറുണ്ട്. ഗെയിമുകള്‍, സോഷ്യല്‍ മീഡിയ, സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്‍ തുടങ്ങി ആകര്‍ഷകമായ ഉള്ളടക്കങ്ങള്‍ സുലഭമായി ലഭിക്കുമ്പോള്‍ കുട്ടികള്‍ നീണ്ട സ്‌ക്രീന്‍ സമയത്തിലേക്കു വീഴും.

Representative Image. Photo Credit : BrianAJackson / iStockPhoto.com
Representative Image. Photo Credit : BrianAJackson / iStockPhoto.com

കുട്ടികളിലെ അമിതമായ സ്മാര്‍ട്ഫോണ്‍ ഉപയോഗം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അമിതമായ സ്‌ക്രീന്‍ സമയം കുട്ടികളുടെ വൈജ്ഞാനിക വികാസത്തെ, പ്രത്യേകിച്ച് ഓര്‍മശക്തി, പ്രശ്നപരിഹാര കഴിവുകള്‍ എന്നിവയെ സാരമായി ബാധിച്ചേക്കാം. സ്മാര്‍ട്ഫോണ്‍ ദീര്‍ഘനേരം ഉപയോഗിക്കുന്ന കുട്ടികളില്‍ ഉദാസീനമായ പെരുമാറ്റം, അമിതവണ്ണം, ഉറക്കക്കുറവ് തുടങ്ങിയ നിരവധി ശാരീരിക പ്രശ്നങ്ങളും ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. 

Representative image. Photo Credits: / Shutterstock.com
Representative image. Photo Credits: / Shutterstock.com

കുട്ടികളിലെ അമിതമായ സ്മാര്‍ട്ഫോണ്‍ ഉപയോഗം പരിഹരിക്കുന്നതിന് മാതാപിതാക്കളുടെ സജീവമായ ഇടപെടല്‍ ആവശ്യമാണ്. രക്ഷിതാക്കള്‍ക്കു ചെയ്യാവുന്ന ചില കാര്യങ്ങള്‍ നോക്കാം.

പരിധികളും അതിരുകളും നിശ്ചയിക്കാം:
കുട്ടികളുടെ സ്മാര്‍ട്ഫോൺ ഉപയോഗത്തിനു പരിധി നിശ്ചയിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേക സന്ദര്‍ഭങ്ങളില്‍ സ്മാര്‍ട് ഫോണുകളുടെ ഉപയോഗം (ഉദാ. ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങാന്‍ കിടക്കുമ്പോഴും) തടയുന്നതും വീട്ടില്‍ 'ടെക്-ഫ്രീ' സോണുകള്‍ ഉണ്ടാക്കുന്നതുമെല്ലാം സ്‌ക്രീന്‍ ടൈം കാര്യമായി കുറക്കാന്‍ സഹായിക്കും.

ആരോഗ്യകരമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക: 
സദാ സമയവും കുട്ടികള്‍ക്ക് ഒരു ഫോണും നല്‍കി രക്ഷിതാക്കള്‍ അവരുടെ ഉത്തരവാദിത്തങ്ങളില്‍ മുഴുകുന്നതിന് പകരം സ്പോര്‍ട്സ്, ഹോബികള്‍, ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണം. കുട്ടികള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ സ്വാഭാവികമായും സ്മാര്‍ട്ഫോണുകള്‍ അമിതമായി ഉപയോഗിക്കുന്നതിൽനിന്ന് കുട്ടികൾ ഒഴിവാകും.

തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കാം: 
മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ തുറന്ന ആശയവിനിമയം അത്യാവശ്യമാണ്. കുട്ടികളുടെ അമിതമായ ഫോണ്‍ ഉപയോഗത്തെ ആരോഗ്യകരമായി കൈകാര്യം ചെയ്യാൻ ഈ തുറന്ന ആശയ വിനിമയം സഹായിക്കും.

കുട്ടികളുടെ സ്മാര്‍ടഫോണുകളുടെ ലോകം നിരീക്ഷിക്കാം: 
കുട്ടികള്‍ ഉപയോഗിക്കുന്ന ആപ്പുകളുടെ ഉള്ളടക്കവും സമൂഹമാധ്യമങ്ങളുമെല്ലാം രക്ഷിതാക്കള്‍ നിര്‍ബന്ധമായും നിരീക്ഷിക്കേണ്ടതാണ്. ഇത് കുട്ടികളുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമല്ല, മറിച്ചു ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കാനുള്ള രക്ഷിതാക്കളുടെ വിവേകമാണ്. നിരവധി ചതിക്കുഴികള്‍ പതിയിരിക്കുന്ന സൈബര്‍ ലോകത്ത് മാതാപിതാക്കളുടെ സജീവമായ ഇടപെടല്‍, പ്രത്യേകിച്ചും കുട്ടികള്‍ ആക്സസ് ചെയ്യുന്ന ഉള്ളടക്കവും ആപ്പുകളും പതിവായി അവലോകനം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുന്നത്, വലിയ അപകടങ്ങള്‍ ഒഴിവാക്കും.

ആവശ്യമെങ്കില്‍ പ്രഫഷനല്‍ സഹായം തേടാം: 
സ്മാര്‍ട്ഫോണ്‍ ആസക്തി കുട്ടികളെ സാരമായി ബാധിക്കുന്നുണ്ടെങ്കില്‍ പ്രഫഷനലുകളുടെ സഹായം തേടുന്നതില്‍ മടി കാണിക്കേണ്ടതില്ല. അവര്‍ക്ക് ശാസ്ട്രീയമായ രീതിയില്‍ കുട്ടികളെ കൂടുതല്‍ സഹായിക്കാനാകും.

English Summary:

Tame Your Child's Tech Habits: Expert Tips to Fight Smartphone Addiction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com