ADVERTISEMENT

അടുത്ത അധ്യയനവർഷം എങ്ങനെ പ്ലാൻ ചെയ്യണം? ഓരോ ദിവസവും എന്തെല്ലാം കാര്യങ്ങൾ ചെയ്തു തീർക്കാം. ഈ വർഷം പഠിച്ചു മിടുക്കരാവാൻ ചില മാർഗങ്ങൾ ഇതാ. ഒപ്പം രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും...

അടുക്കളപ്പണിയിൽ സഹായിക്കാം
പഠിക്കാൻ ഏറെയുണ്ടെന്നു പറഞ്ഞു കുട്ടികളെ വീട്ടിലെ മറ്റു പണികളിൽ നിന്നു മാറ്റിനിർത്തുന്നതു ശരിയല്ല. പഠനത്തിനൊപ്പം വീട്ടിലെ ചെറിയ പണികളും അവർ ചെയ്തു പഠിക്കട്ടെ. ആൺകുട്ടി, പെൺകുട്ടി എന്ന തരംതിരിവു വീട്ടിലെ പണികൾക്ക് ആവശ്യമില്ല. ഒരു നേരമെങ്കിലും കുടുംബാംഗങ്ങൾ ഒരുമിച്ച് ആഹാരം പാകം ചെയ്യണം. വീട്, ശുചിമുറി, എന്നിവ വൃത്തിയാക്കൽ, പൂന്തോട്ടം, അടുക്കളത്തോട്ട നിർമാണം എന്നിവയ്ക്കും ആഴ്ചയിൽ ഒരിക്കലെങ്കിലും കുട്ടികളെ കൂടെ കൂട്ടണം.‌‌

ഉറക്കം നഷ്ടപ്പെടുത്തേണ്ട
കുട്ടികൾക്ക് 6–8 മണിക്കൂർ വരെ രാത്രി ഉറക്കം ആവശ്യമാണ്. ബുദ്ധി വികാസത്തിന് ഇത് അനിവാര്യമാണ്. ചിലർ അതിരാവിലെ എഴുന്നേൽക്കാൻ മടിയുള്ളവരാകും. നിർബന്ധിച്ച് അവരെ പുലർച്ചെ എഴുന്നേൽപ്പിക്കേണ്ട. രാത്രി 11 നും 12നും ഇടയിൽ മെലാടോണിൻ ഉൽപാദനം കൂടുതലാണ്. ഈ സമയമാണു സുഖനിദ്ര കിട്ടുക.

Representative image. Photo Credit : Deepak Sethi/iStock
Representative image. Photo Credit : Deepak Sethi/iStock

ക്വാളിറ്റി ടൈം
ദിവസവും അരമണിക്കൂർ എങ്കിലും കുട്ടികൾക്കായി മാതാപിതാക്കൾ മാറ്റിവയ്ക്കണം. രാത്രി കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കണം. കുട്ടികളെ ശാസിക്കാനോ ശിക്ഷിക്കാനോ ഉള്ള സമയമല്ല ഇത്. കുട്ടികൾക്കു പറയാനുള്ളതു കേൾക്കണം. അവരുടെ സംശയങ്ങൾക്കു മറുപടി നൽകണം. ഇതുവഴി കുട്ടികളുടെ ആശയ വിനിമയ ശേഷിയും പെരുമാറ്റവും മെച്ചപ്പെടുത്താനും അവരുമായി സൗഹൃദം സ്ഥാപിക്കാനും അവസരം ലഭിക്കും. പ്രണയം, സൗഹൃദം, ലൈംഗികത എന്നിവയെ സംബന്ധിച്ചു പറഞ്ഞാലും കുറ്റപ്പെടുത്താതെ ആരോഗ്യകരമായ മറുപടി നൽകണം. വീട്ടിലെ സാമ്പത്തികസ്ഥിതി സംബന്ധിച്ച കാര്യങ്ങളും കുട്ടികളുമായി തുറന്നു ചർച്ച ചെയ്യണം.

ആരോഗ്യത്തിൽ ശ്രദ്ധവേണം
പ്രഭാതഭക്ഷണം ഒഴിവാക്കി സ്കൂളിൽ പോകുന്ന ശീലം ഒഴിവാക്കണം. വളർച്ചയുടെ ഘട്ടമായതിനാൽ കുട്ടിക്കാലത്തു പോഷക സമൃദ്ധമായ ആഹാരം കഴിക്കണം. പഴങ്ങളും പച്ചക്കറികളും പാലും മുട്ടയും ഒക്കെ ആഹാരത്തിൽ ഉൾപ്പെടുത്തണം.കൗമാരക്കാരായ കുട്ടികളുടെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.

Ulkazhcha Column - Why is reading speed important
Representative Image. Photo Credit : Lemanna / Shutterstock.com

വായന ശീലിക്കാം
പത്രം, പുസ്തകങ്ങൾ എന്നിവ വായിക്കുന്നതിനു കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും ദിവസവും മാറ്റിവയ്ക്കണം. വായനയ്ക്കൊപ്പം ആവശ്യമുള്ളവ എഴുതി വയ്ക്കുന്നതും ശീലമാക്കാം. വിവിധ മത്സരങ്ങളിൽ വിജയിക്കാൻ ഈ ശീലം സഹായിക്കും. 

സ്കൂൾ അന്തരീക്ഷവുമായി പൊരുത്തപ്പെടണം
അറിവു നേടാൻ മറ്റു വഴികൾ ഉണ്ടെങ്കിലും കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുത്താൻ സ്കൂളുകൾ വലിയ പങ്കു വഹിക്കുന്നു. സ്കൂൾ അന്തരീക്ഷവുമായി കുട്ടികൾ പൊരുത്തപ്പെടണം. ചർച്ചകൾ, പ്രസംഗം, കലാകായിക മത്സരങ്ങൾ എന്നിവയിൽ പങ്കാളികളാകാൻ ശ്രമിക്കണം. ഒപ്പം എൻസിസി, എൻഎസ്എസ് പോലെയുള്ള സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമാകണം. 

ഇഷ്ടമുള്ള വിഷയം ആദ്യം പഠിക്കാം
ഇഷ്ടമുള്ള വിഷയം പഠനത്തിനായി ആദ്യം തിരഞ്ഞെടുക്കാം. ബുദ്ധിമുട്ടുള്ള വിഷയം അതിനു ശേഷം എന്ന രീതിയിൽ പഠിക്കാൻ ഇരിക്കാം. ചിലർക്ക് എഴുതി പഠിക്കുന്നതാവും ഇഷ്ടം. ചിലർക്കു വായിച്ചു പഠിക്കാനാവും താൽപര്യം. ഇത്തരം കാര്യങ്ങളിൽ കുട്ടികളുടെ ശീലം മാറ്റാൻ രക്ഷിതാക്കൾ ശ്രമിക്കേണ്ട. ബുക്കുകൾ അടുക്കിവയ്ക്കാൻ ഇഷ്ടമുള്ളവരും ഇല്ലാത്തവരും കാണും. എല്ലാം വൃത്തിയാകണമെന്നു വാശിപിടിക്കേണ്ട. ഒരു ദിവസം ഒരു ഇംഗ്ലിഷ് വാക്കും അതിന്റെ അർഥവും ഒരു ജനറൽ നോളജ് ചോദ്യവും ഉത്തരവും എന്ന രീതിയിൽ പഠിക്കുന്നത് ഒരു ശീലമാക്കണം.

ടു ഡു ലിസ്റ്റ്
അതതു ദിവസം ചെയ്യാനുള്ള പ്രവൃത്തികൾ പ്രാധാന്യമനുസരിച്ചും സമയം ക്രമീകരിച്ചും എഴുതി തയാറാക്കാം. ഉറങ്ങുന്നതിനു മുൻപ് ഇവ വിലയിരുത്തുന്നതും ഫലപ്രദമായ ടൈം മാനേജ്മെന്റിന് സഹായിക്കും.
കടപ്പാട് : സാനു സുഗതൻ കോ ഓർഡിനേറ്റർ (ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെൽ)
കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ

English Summary:

Smart academic year planning tips for success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com