ADVERTISEMENT

വിഷാദം എന്ന വാക്ക് നമ്മളെല്ലാം സാധാരണയായി ഉപയോഗിക്കുന്നതാണ്. സമൂഹമാധ്യമങ്ങളിലൊക്കെ ‘ഞാൻ ഡിപ്രസ്ഡ്’ ആണ്, ‘ഡിപ്രഷനാണ്’ എന്നൊക്കെ പലരും കുറിക്കുന്നതും പതിവാണ്. എന്നാൽ ഇത്രയും ലൂസായി ഉപയോഗിക്കാൻ പറ്റുന്ന ഒരു വാക്കാണോ ഡിപ്രഷൻ? തീർച്ചയായിട്ടും അല്ല. എപ്പോഴാണ് ഒരാൾക്ക് വിഷാദമുണ്ടെന്ന് നമുക്ക് പറയാൻ സാധിക്കുന്നത്? വിഷാദരോഗത്തിന് 9 ലക്ഷണങ്ങൾ ഉണ്ട്. ഈ 9 ലക്ഷണങ്ങളിൽ 5 എണ്ണമെങ്കിലും സ്ഥായിയായി രണ്ടാഴ്ചയിൽ കൂടുതൽ നിലനിന്നാൽ മാത്രമേ ഒരാൾക്ക് വിഷാദരോഗം ഉണ്ടെന്ന് പറയാൻ സാധിക്കൂ.

1. സ്ഥായിയായ വിഷാദ ഭാവം
വെറുതെയൊരു സങ്കടമൊന്നുമല്ല വിഷാദരോഗത്തിന്റെ വിഷാദഭാവം എന്നു പറയുന്നത്. എത്ര സന്തോഷമുള്ള കാര്യങ്ങൾ നടന്നാലും എത്ര പൊട്ടിച്ചിരിക്കാനുള്ള സന്ദർഭങ്ങൾ ഉണ്ടായാലും സന്തോഷം അനുഭവിക്കാൻ സാധിക്കുന്നില്ല. സ്ഥായിയായി വിഷാദഭാവം രണ്ടാഴ്ചയിൽ കൂടുതലായിട്ടുണ്ടെങ്കിൽ അത് വിഷാദരോഗത്തിന്റെ രോഗലക്ഷണമാണ്.

2. ക്ഷീണം (fatigue)
എന്തു ചെയ്താലും ക്ഷീണം മാറുന്നില്ല. രാവിലെ കട്ടിലില്‍നിന്ന് എഴുന്നേൽക്കുമ്പോൾത്തന്നെ ഭയങ്കര ക്ഷീണം അനുഭവപ്പെടുക.

3. താൽപര്യക്കുറവ് (anhedonia)
പണ്ട് വളരെ താൽപര്യത്തോടു കൂടി ചെയ്തിരുന്ന പല പ്രവർത്തനങ്ങളിലും ഒരു താൽപര്യവും ഇല്ലാത്ത അവസ്ഥ. പത്രം വായിക്കാനോ സിനിമ കാണാനോ കൂട്ടുകാരോടൊപ്പം പുറത്തു പോകാനോ പോലും താൽപര്യമില്ലാത്ത അവസ്ഥ.

4. ഉറക്കക്കുറവ്
രാത്രികാലങ്ങളിൽ തീരെ ഉറങ്ങാൻ സാധിക്കാത്ത അവസ്ഥ

5. വിശപ്പില്ലായ്മ
നല്ല സ്വാദുള്ള ഭക്ഷണങ്ങൾ മുന്നിൽ കൊണ്ടു വച്ചാലും വിശപ്പു തോന്നാതിരിക്കുക.

child-depression-symptoms-causes-therapies-expert-opinions1
Representative image. Photo Credits: Prostock-studio/ Shutterstock.com

6. നെഗറ്റീവ് ചിന്തകൾ
എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല, എന്റെ ഭാവി ശരിയാകുമെന്ന് തോന്നുന്നില്ല, ഇത് എനിക്ക് ഒട്ടും അനുകൂലമായ അന്തരീക്ഷമല്ല, ഞാൻ എന്താണ് ഇങ്ങനെ? തുടങ്ങിയ നെഗറ്റീവ് ചിന്തകളാണ് വേറൊരു ലക്ഷണം.. നിരാശ, ഏകാന്തത ഇതൊക്കെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്.

7. ഏകാഗ്രതക്കുറവ്
ഒരു കാര്യവും ശ്രദ്ധയോടെ ചെയ്യാൻ സാധിക്കുന്നില്ല. പലപ്പോഴും ഒപിയില്‍ വരുന്ന പേഷ്യന്റ്സ് പറയാറുള്ളത് അവർക്കു മറവിയുണ്ടെന്നാണ്. പക്ഷേ പരിശോധിച്ചാൽ കൂടുതലും വിഷാദരോഗത്തിന്റെ ശ്രദ്ധക്കുറവായിരിക്കാം.

8. ആത്മഹത്യാപ്രവണത
ഞാൻ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്, എനിക്ക് മരിച്ചാൽ മതി, ഞാൻ ഇന്ന ദിവസം ഇന്ന സമയത്ത് ആത്മഹത്യ ചെയ്യാൻ പോവുകയാണ് തുടങ്ങിയ ആത്മഹത്യാപരമായ ചിന്തകളും വിഷാദരോഗത്തിന്റെ ലക്ഷണമാണ്.

9. സൈക്കോമോട്ടോർ റിട്രാഡേഷൻ
കാര്യങ്ങൾ ചെയ്യാൻ ഒരു മന്ദിപ്പ്, ഒന്നിനും ഒരു ഇനിഷ്യേറ്റീവ് എടുക്കില്ല, എല്ലാക്കാര്യങ്ങളും വളരെ സാവധാനം മാത്രം ചെയ്യുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍

child-depression-symptoms-causes-therapies-expert-opinions2
Representative image. Photo Credits: Anubhab Roy/ Shutterstock.com

കൊച്ചു കുട്ടികളിൽ അല്ലെങ്കിൽ കൗമാരക്കാരിൽ ഇത്തരം രോഗലക്ഷണങ്ങൾ ഉണ്ടാകാറുണ്ടോ? മുതിർന്നവരെ വച്ചു നോക്കുമ്പോൾ കുട്ടികൾക്ക് അല്ലെങ്കിൽ കൗമാരക്കാർക്ക് വിഷാദരോഗത്തിന്റെ ലക്ഷണങ്ങളിൽ കുറച്ച് വ്യത്യാസമുണ്ട്. മേൽപറഞ്ഞ വിഷാദഭാവം മാറി കൂടുതലും ഇറിറ്റബിലിറ്റി അല്ലെങ്കിൽ എന്തിനും ഏതിനും ദേഷ്യഭാവം കാണിക്കുകയാണ് ചെയ്യുന്നത്. സ്വതവേ ദേഷ്യക്കാരനായ കുട്ടി ദേഷ്യഭാവം കാണിക്കുന്നതല്ല ഇത്. ദേഷ്യപ്പെടുന്ന സ്വഭാവം ഒട്ടുമില്ലാത്ത കുട്ടി പെട്ടെന്നു വല്ലാതെ ദേഷ്യപ്പെടുക, മുൻപു ദേഷ്യപ്പെടുന്നവർ പെട്ടെന്ന് അതിനെക്കാളേറെ ദേഷ്യപ്പെടുക, നിസ്സാര കാരണങ്ങൾക്കു പോലും വല്ലാതെ ദേഷ്യം കാട്ടുക തുടങ്ങിയ പെരുമാറ്റം രണ്ടാഴ്ചയിലേറെ തുടരുകയാണെങ്കിൽ അതൊരു രോഗലക്ഷണമാണ്.

മുതിർന്നവർക്ക് വിഷാദരോഗം വരുമ്പോൾ സാധാരണയായി വിശപ്പില്ലായ്മയെ ഉറക്കക്കുറവോ ഒക്കെയാണ് വരുന്നത്. പക്ഷേ കുട്ടികൾക്കു വന്നാൽ, കൂടുതൽ നേരം കിടന്നുറങ്ങുക, കൂടുതലായി ഭക്ഷണം കഴിക്കുക, അമിതമായി ചോക്ലേറ്റ് അല്ലെങ്കിൽ മധുരപലഹാരങ്ങളോടു കൊതി കാണിക്കുക ഇതൊക്കെയാണ് വ്യത്യാസം. ചെറിയ കുട്ടികൾ ചിലപ്പോൾ വയറുവേദന, തലവേദന, ഛര്‍ദി, പനി എന്നൊക്കെ പറഞ്ഞ് പല വട്ടം സ്കൂളിൽ പോകാതിരിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണമാകാം.

കുട്ടികളിൽ കണ്ടുവരുന്ന വേറൊരു ലക്ഷണം സ്ക്രീൻ അഡിക്‌ഷനാണ്. കൂട്ടുകാരോടൊന്നും മിണ്ടുന്നില്ല, കളിക്കുന്നില്ല, പകരം വീട്ടിലിരുന്ന് മൊബൈൽ കാണുന്നു, ഗെയിം കളിക്കുന്നു, ഇന്റർനെറ്റിനോട് കൂടുതൽ അടിമത്തം കാണിക്കുന്നു. ആൽക്കഹോൾ, ലഹരി മരുന്നുകളുടെ ഉപയോഗം ഇതൊക്കെ വിഷാദരോഗത്തിന്റെ ലക്ഷണമാകാം.

എന്തുകൊണ്ടാണ് വിഷാദരോഗം ഉണ്ടാകുന്നത്?
വിഷാദം വരാൻ പല കാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനം ന്യൂറോബയോളജിക്കലാണ്. അതായത് നമ്മുടെ തലച്ചോറിൽ ചെറിയ തരത്തിലുള്ള മാറ്റങ്ങൾ വരും. നാഡീവ്യൂഹങ്ങളിൽ സെറാടോണിൻ, ഡോപമിൻ പോലെയുള്ള രാസവസ്തുക്കൾക്ക് ഏറ്റക്കുറച്ചിലുകൾ വരുമ്പോൾ ഡിപ്രഷൻ വരാം. രണ്ടാമത്തെ കാരണം ജനിതകമാണ്. ഏകദേശം 40–60 ശതമാനം പേരിലും പാരമ്പര്യമായി വരുന്നതാണ്. നമ്മുടെ രക്ഷിതാക്കൾക്കോ ഗ്രാൻഡ് പേരന്റ്സിനോ ഒക്കെ വിഷാദരോഗം ഉണ്ടെങ്കിൽ കൊച്ചു കുട്ടികൾക്ക് അല്ലെങ്കില്‍ കൗമാരപ്രായക്കാർക്ക് 40–60 ശതമാനം വിഷാദരോഗം വരാൻ ചാൻസുണ്ട്. മൂന്നാമത്തേത് മനഃശാസ്ത്രപരമായ കാരണങ്ങളാണ്. അതായത് മാതാപിതാക്കൾ‌ തമ്മിലുള്ള വഴക്ക്, തർക്കം, മാതാപിതാക്കളുടെ വിവാഹമോചനം, രക്ഷിതാവും കുട്ടിയും തമ്മിലുള്ള ചേർച്ചയില്ലായ്മ, രക്ഷിതാക്കളുടെ ക്രൂരമായ പെരുമാറ്റം, കുട്ടിയോടുള്ള അവഗണന ഇതൊക്കെ കുട്ടികൾക്ക് വിഷാദരോഗം വരാൻ സാധ്യതയുള്ള സാഹചര്യങ്ങളാണ്.

മുതിർന്നവരില്‍ സ്ത്രീകളിലും കുട്ടികളിൽ പെൺകുട്ടികളിലുമാണ് വിഷാദരോഗം കൂടുതല്‍ വരാനുള്ള സാധ്യത കാണുന്നത്. കാരണം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമൊക്കെ ഹോർമോണൽ മാറ്റങ്ങളും ശാരീരിക മാറ്റങ്ങളും ഒരുപാട് വരാറുണ്ട്. ഋതുമതിയാകുന്ന സമയത്തും ഗർഭാവസ്ഥയിലും മുലയൂട്ടലിന്റെ സമയത്തൊക്കെ ഒരുപാട് ഹോർമോണൽ വ്യതിയാനങ്ങൾ വരികയും അതിനോടനുബന്ധിച്ച് വിഷാദം പോലുള്ള മൂഡ് ഡിസോർഡറുകളുണ്ടാവുകയും ചെയ്യും. അതിന് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കു സാധ്യത കൂടുതലാണ്.

വിഷാദരോഗത്തിന് എത്ര തരങ്ങളുണ്ട്
വിഷാദരോഗത്തിനു മൂന്നു തരങ്ങളുണ്ട്– മൈൽഡ്, മോഡറേറ്റ്, സിവിയർ. മേൽപറഞ്ഞ ലക്ഷണങ്ങളിൽ ഒരു പെർമ്യൂട്ടേഷൻ കോംബിനേഷൻ പോലെയാണ് മൈൽഡ്, മോഡറേറ്റ്, സിവിയർ എന്നു പറയുന്നത്. പേരുകൾ സൂചിപ്പിക്കുന്നതു പോലെ മൈൽഡ് ഡിപ്രഷന് വളരെ ലഘുവായ ലക്ഷണങ്ങളേ ഉള്ളൂ. ഇതില്‍ ആത്മഹത്യാപ്രവണതയോ ക്ലിനിക്കൽ സിംപ്റ്റംസോ ഒന്നും കാണില്ല. മോഡറേറ്റ് ഡിപ്രഷന് രോഗലക്ഷണങ്ങൾ കുറച്ചു കൂടി അധികമായിരിക്കും. ലക്ഷണങ്ങളുടെ തീവ്രത കൂടുതലായിരിക്കും. സിവിയര്‍ ഡിപ്രഷനില്‍ ഒരു ആത്മഹത്യാ ചേഷ്ടകൾ, ആത്മഹത്യാപ്രവണത, അല്ലെങ്കിൽ മരിക്കണമെന്നുള്ള ചിന്തകൾ ഒക്കെയുണ്ടാവും.

ഡിപ്രഷനെപ്പറ്റി പൊതുവേയുള്ള ധാരണ മനഃശാസ്ത്രപരമോ മാനസികാരോഗ്യ സംബന്ധിയോ ആണെന്നാണ്. പക്ഷേ ഇതൊരു തെറ്റിദ്ധാരണയാണ്. ശാരീരിക പ്രശ്നങ്ങളും രോഗാവസ്ഥകളും കാരണവും കുട്ടികൾക്ക് വിഷാദരോഗം വരാം. ഇതിൽ ഏറ്റവും പ്രധാനം ഹൈപ്പോതൈറോയ്ഡിസം ആണ്. ചില കുട്ടികൾക്ക് ൈഹപ്പോതൈറോയ്ഡിസം കാരണം വിഷാദരോഗത്തിന് സമമായിട്ടുള്ള ലക്ഷണങ്ങൾ വരാം. ഒരു ഡോക്ടറെന്ന നിലയിൽ, ‍‍വിഷാദരോഗം മാനസികാരോഗ്യ പ്രശ്നമാണെന്നു മാത്രം പറഞ്ഞു ചികിൽസിക്കാറില്ല.

എങ്ങനെ ചികിത്സിക്കാം
മേൽപറഞ്ഞ മൂന്ന് കാറ്റഗറി വച്ചു തന്നെയാണ് ട്രീറ്റ്മെന്റ്. വളരെ ലഘുവായ വിഷാദരോഗ ലക്ഷണങ്ങളേ ഉള്ളുവെങ്കിൽ സാധാരണയായി മരുന്നുകളൊന്നും കൊടുക്കാറില്ല. വിതശൈലി മാറ്റങ്ങളിലൂടെ അതു ഭേദമാക്കാം. കുട്ടികളുടെ ദിനചര്യയിൽ മാറ്റങ്ങൾ കൊണ്ടു വരിക. ചിലപ്പോൾ ചെറിയ പ്രശ്നങ്ങൾ കൊണ്ടാകാം കുട്ടി ഇങ്ങനെയുള്ള അവസ്ഥയിലേക്ക് പോകുന്നത്. പ്രണയത്തകർച്ച, പ്രണയ പരാജയം, പരീക്ഷാതോൽവി, അച്ഛനമ്മമാർക്കിടയിലെ സ്വരച്ചേർച്ചയില്ലായ്മ എന്നിവയാണ് കാരണമെങ്കിൽ പരിഹാരമാര്‍ഗങ്ങൾ കുട്ടിക്ക് പറഞ്ഞു കൊടുക്കുക. പരീക്ഷാപ്പേടിയോ ഉത്കണ്ഠയോ ഉള്ള കുട്ടികൾക്ക് ശ്വസന വ്യായാമം വഴി ഒരു പരിധി വരെ ഇവ കൈകാര്യം െചയ്യാൻ പറ്റും. മോഡറേറ്റ് അല്ലെങ്കിൽ സിവിയർ വെറൈറ്റി ഓഫ് ‍ഡിപ്രഷനാണെങ്കിൽ തീർച്ചയായും മരുന്നുകളുടെ സഹായം ആവശ്യം ഉണ്ട്. മരുന്നുകളില്ലാതെ അതിനെ പൂർണമായി ഭേദമാക്കാൻ പ്രയാസമാണ്.

ചികിത്സിക്കപ്പെടാത്ത വിഷാദരോഗത്തിന്റെ ഏറ്റവും വലിയ ഫലം ആത്മഹത്യയാണ്. ആത്മഹത്യയിലേക്ക് കുട്ടിയെ തള്ളിവിടുകയാണ് നമ്മൾ ചെയ്യുന്നത്. അതിന് തീർച്ചയായും വൈദ്യസഹായം കൊടുക്കണം. ഒരു ചികിത്സിക്കപ്പെടാത്ത ഡിപ്രഷൻ കൊണ്ടുള്ള പ്രശ്നം അത് വീണ്ടും വരാനുള്ള സാധ്യതയാണ്. 20–25 സെഷൻസ് കഴിയുമ്പോൾ മരുന്ന് നിർത്തുകയാണ് ചെയ്യുന്നത്. സാധാരണ 6–9 മാസം കഴിഞ്ഞു കഴിയുമ്പോൾ കുട്ടി പരിപൂർണമായി ഡിപ്രഷനിൽ നിന്ന് വിമുക്തി നേടും. ഡിപ്രഷൻ എന്നു പറയുന്നത് ട്രീറ്റ് ചെയ്തു ഭേദമാക്കാൻ പറ്റുന്ന ഒരു രോഗാവസ്ഥയാണ്.

വിവരങ്ങൾക്ക് കടപ്പാട് : ഡോ. ചിക്കു മാത്യു, കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, കാരിത്താസ്, കോട്ടയം

English Summary:

Child depression symptoms causes therapies expert opinions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com