ഗെയിമിങ്ങിനു നിയന്ത്രണം, ഹോംവർക്ക് കുറച്ചു; ചൈനയുടെ കുട്ടികളിലെ മടിമാറ്റൽ വിജയം
Mail This Article
2021ൽ ചൈന കുട്ടികളിലെ മടി മാറ്റാനും അവരെ സജീവതയുള്ളവരാക്കാനും ദേശീയതലത്തിൽ നയങ്ങൾ കൊണ്ടുവന്നിരുന്നു. മൂന്നുവർഷങ്ങൾക്കിപ്പുറം ബ്രിട്ടനിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ ഈ നയങ്ങളെപ്പറ്റി പഠനം നടത്തുകയും ഈ പ്രവർത്തനങ്ങൾ വിജയിച്ചിരിക്കുകയാണെന്ന വിലയിരുത്തലിൽ എത്തിച്ചേരുകയും ചെയ്തതാണ് പുതിയ വാർത്ത.
100 വർഷങ്ങറൾക്കപ്പുറമുള്ള മനുഷ്യരുടെ ശാരീരികാധ്വാനം ഇന്നു പലർക്കുമില്ല. കൂടുതലും ശരിരീത്തിന് ആയാസരഹിതമായ പ്രവർത്തനങ്ങളാണ് ആളുകളിൽ പലരും നടത്തുന്നത്. കുട്ടികളിലും ഈ രീതി നന്നായി പ്രകടമാണ്. പഴയൊരു കാലത്തെ കുട്ടികൾക്ക് കിട്ടിയ വ്യായാമം ഇന്നത്തെ കുട്ടികൾക്ക് കിട്ടുന്നില്ലെന്ന സാഹചര്യം മനസ്സിലാക്കിയാണ് ചൈന പുതിയ നടപടികളിലേക്ക് തിരിഞ്ഞത്.
ക്ലാസ്‌റൂമിൽ കൂടുതൽ സമയവും ഇരുന്ന് പഠിത്തം, പിന്നെ ഹോംവർക് ചെയ്യാനായി വീണ്ടും ഇരിപ്പ്. ഇതു കഴിഞ്ഞാൽ സോഫയിൽ ഇരുന്ന് വീണ്ടും വിശ്രമം. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇരിപ്പ് ശാരീരികവ്യായാമം കുറയ്ക്കുന്നു, ഇതിനെ ചെറുക്കാനായി ലോകത്താദ്യമായി ചൈനയാണ് സർക്കാർ തലത്തിൽ നടപടികൾ കൊണ്ടുവന്നത്. ഓൺലൈൻ ഗെയിമിങ് കമ്പനികൾക്ക് സർക്കാർ സമയക്രമവും നിയന്ത്രണവും നടപ്പാക്കി. സ്‌കൂൾ തലത്തിൽ ഹോംവർക്കുകളും അസൈൻമെന്റുകളും നൽകുന്നത് കുറയ്ക്കാൻ അധ്യാപകർക്ക് നിർദേശം നൽകി, ഇതു പാലിക്കുന്നുണ്ടോയെന്ന് സമയാസമയം വിലയിരുത്തുകയും ചെയ്തു.
ഈ നടപടികൾ നടപ്പാക്കിക്കഴിഞ്ഞ് 3 വർഷങ്ങൾ കഴിഞ്ഞ് ഇപ്പോൾ നടത്തിയ പഠനത്തിൽ ചൈനീസ് പ്രവിശ്യയായ ഗ്വാങ്‌സിയിലെ 14 നഗരങ്ങളിലുള്ള 31 സ്ഥലങ്ങളിൽ പഠിക്കുന്ന 7000 വിദ്യാർഥികളിൽ സർവേ നടത്തി. കുട്ടികൾ വെറുതെയിരിക്കുന്ന സമയത്തിൽ ശരാശരി 46 മിനുട്ടുകൾ കുറവുവരുത്താൻ ഈ നടപടികൾക്ക് സാധിച്ചെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. നഗരപ്രദേശങ്ങളിലുള്ള വിദ്യാർഥികളിലാണ് ഈ മാറ്റം കൂടുതൽ പ്രകടമായത്.
വ്യായാമമില്ലായ്മ കാരണം കുട്ടികളിൽ അമിതവണ്ണം പല രാജ്യങ്ങളിലും ഒരു പ്രശ്‌നം തന്നെയാണ്. കുട്ടിക്കാലത്ത് തന്നെ വ്യായാമമുറകളും ശാരീരികാധ്വാനം വേണ്ട കളികളിൽ ഏർപ്പെടുന്നതുമൊക്കെ ആരോഗ്യത്തിനു മാത്രമല്ല മാനസിക നില മെച്ചപ്പെടുത്താനും സഹായകമാണെന്ന വിദഗ്ധരുടെ വിലയിരുത്തൽ പണ്ടേയുണ്ട്.