ADVERTISEMENT

കൗമാരപ്രായക്കാരെക്കുറിച്ചും യൗവനത്തിലേക്ക് കാലൂന്നുവരെക്കുറിച്ചും ചിന്തിക്കുമ്പോൾ മാതാപിതാക്കൾ ഉൾപ്പെടെ എല്ലാവരും ഒരു 'ഈസി'മട്ടിലാണ് അതിനെ കാണുന്നത്. ഒരു പക്ഷേ, ഒട്ടനവധി തെറ്റിദ്ധാരണകളും ഈ പ്രായത്തിലുള്ളവരെക്കുറിച്ച് മാതാപിതാക്കൾക്ക് ഉൾപ്പെടെയുള്ളവർക്ക് ഉണ്ടാകാം. കൗമാരപ്രായക്കാരെക്കുറിച്ച് പൊതുവെയുള്ള ഒരു പരാതിയാണ് ഒരു ശ്രദ്ധയുമില്ലാത്തവരാണ് എന്നത്. മാത്രമല്ല, ലോകത്തെക്കുറിച്ച് ഒരു ചിന്തയുമില്ലാതെയാണ് ഇവർ ജീവിക്കുന്നതെന്നും പറയും. എന്നാൽ, യഥാർത്ഥത്തിൽ ഇതൊന്നുമല്ല ശരി. നിരവധി മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന പ്രായമാണിത്. കാരണം കൗമാരകാലം എന്നു പറയുന്നത് മാനസികമായും ശാരീരികമായും നിരവധി വ്യത്യാസങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്ന കാലമാണ്. അതുകൊണ്ട് ഈ പ്രായത്തിലുള്ള മക്കളുള്ള രക്ഷിതാക്കൾ മക്കൾ നേരിടാനുള്ള മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് വളരെ ഗുണകരമാണ്. സ്ഥിതിവിവര കണക്കുകൾ അനുസരിച്ച് യുവാക്കളിൽ മാനസികാരോഗ്യ വൈകല്യങ്ങൾ സാധാരണമാണ്. ആറു മുതൽ 17 വയസ് വരെ പ്രായമുള്ളവരിൽ ആറു പേരിൽ ഒരാൾ വീതം മാനസികാരോഗ്യ പ്രശ്നം അനുഭവിക്കുന്നു. കൗമാരക്കാരെ മാനസികമായി വലയ്ക്കുന്ന ചില പ്രശ്നങ്ങൾ ഇതാ,


Representative image. Photo Credit: Prostock-studio/Shutterstock.com
Representative image. Photo Credit: Prostock-studio/Shutterstock.com

അമിതമായ ഉത്കണ്ഠയും അതിനെ തുടർന്നുള്ള ചില പ്രശ്നങ്ങളും
അമിതമായ ഉത്കണ്ഠ കൊണ്ടുള്ള പ്രശ്നങ്ങളാണ് ഇന്ന് കൗമാരക്കാർക്കിടയിൽ കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. പത്തുമുതൽ 14 വയസ് വരെ പ്രായത്തിനിടയിലുള്ള നാല് ശതമാനം കുട്ടികളും 15 മുതൽ 19 വരെ പ്രായത്തിനിടയിലുളള അഞ്ചു ശതമാനം കുട്ടികളും ഉത്കണ്ഠ മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു. 21 വയസിനു മുമ്പ് തന്നെ മിക്ക ആളുകളിലും ഉത്കണ്ഠ മൂലമുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഉത്കണ്ഠ ഒരാളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നു എന്നതാണ് ഏറ്റവും വിഷമകരമായ കാര്യം. 

Representative Image. Photo Credit: fizkes/ Shutterstock.com
Representative Image. Photo Credit: fizkes/ Shutterstock.com

കൗമാരക്കാരിലും ഉത്കണ്ഠ പല വിധത്തിലാണ് കാണുന്നത്. നിരന്തരമായി കാണുന്ന പേടി, അസ്വസ്ഥതയും മുൻകോപവും, ഏറ്റവും മോശപ്പെട്ട കാര്യങ്ങൾ തന്നെ സംഭവിക്കുമെന്ന മുൻവിചാരം, ഉയർന്ന ഹൃദയമിടിപ്പ്, വയറിന് സുഖമില്ലാതെ വരുന്നതും ക്ഷീണവും, ഉറക്കമില്ലായ്മയും ഉറക്കത്തിനിടയിൽ അസ്വസ്ഥതകൾ ഉണ്ടാകുന്നതും, എപ്പോഴും വെപ്രാളപ്പെട്ട് കാണുക എന്നിവയാണ് കൗമാരക്കാരിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ. വിവിധ തരത്തിലുള്ള ഉത്കണ്ഠാ പ്രശ്നങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഇത്തരത്തിൽ ഏതെങ്കിലും ലക്ഷണങ്ങൾ കുട്ടികളിൽ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കേണ്ടതാണ്. കൗമാരക്കാരുടെ ബുദ്ധി വികസിച്ചു കൊണ്ടിരിക്കുന്നതാണ്. അതുകൊണ്ടുതന്നെ എന്തെങ്കിലും മാനസികപ്രശ്നങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് കണ്ടെത്തി ചികിത്സിക്കേണ്ടതാണ്. 

Representative image. Photo Credits: Suzanne Tucker/ Shutterstock.com
Representative image. Photo Credits: Suzanne Tucker/ Shutterstock.com

വിഷാദരോഗം തമാശയല്ല
മുതിർന്നവരിൽ സാധാരണയായി കാണുന്ന ഒരു പ്രധാനപ്പെട്ട മാനസികാരോഗ്യ പ്രശ്നമാണ് വിഷാദരോഗം. 15 വയസിനും 19 വയസിനും ഇടയിലുള്ള കൗമാരപ്രായക്കാരിൽ മൂന്നു ശതമാനം പേരെ വിഷാദരോഗം ബാധിക്കാറുണ്ട്. ഇടവിട്ട് സംഭവിക്കുന്ന നെഗറ്റീവ് ചിന്തകൾ, മൂഡിലെ മാറ്റങ്ങൾ എന്നിവയെല്ലാം വിഷാദരോഗത്തിന്റെ ഭാഗമാണ്. ഉറക്കത്തിലും വിശപ്പിലും ഉണ്ടാകുന്ന മാറ്റങ്ങൾ, ഏകാഗ്രത ഇല്ലായ്മ, ഊർജവും പ്രചോദനവും നഷ്ടപ്പെടുന്നത്, കൂട്ടുകെട്ടിലും മറ്റ് പ്രവർത്തനങ്ങളിലും താൽപര്യമില്ലായ്മ, പ്രതീക്ഷയില്ലായ്മ, ശാരീരിക വേദനകൾ, ആത്മഹത്യാ ചിന്തകൾ എന്നിവ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്. കൗമാരക്കാരിലെ വിഷാദരോഗം അവരുടെ സ്കൂളിലെ പ്രകടനത്തെയും ഹാജരിനെയും ബാധിക്കും. അതുകൊണ്ടു തന്നെ കുട്ടികളിൽ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് തോന്നിയാൽ എത്രയും പെട്ടെന്ന് തന്നെ ചികിത്സയിലൂടെ പരിഹാരം കണ്ടെത്തേണ്ടതാണ്. വിഷാദരോഗം അധികകാലം നീണ്ടു നിൽക്കുന്നത് ലഹരിവസ്തുക്കളുടെ ഉപയോഗത്തിലേക്കും ആത്മഹത്യാചിന്തയിലേക്കും നയിച്ചേക്കാം.

untreated-adhd-in-children-and-lifelong-risks

ശ്രദ്ധയില്ലായ്മയും ഹൈപ്പർ ആക്ടിവിറ്റിയും 
കൗമാരക്കാരിൽ കാണപ്പെടുന്ന മറ്റൊരു മാനസിക പ്രശ്നമാണ് എഡിഎച്ച്ഡി എന്നറിയപ്പെടുന്ന ഈ അവസ്ഥ. ഇതിൽ പ്രധാനമായും ശ്രദ്ധയില്ലായ്മയും ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡറുമാണ് കാണാൻ കഴിയുന്നത്. പഠനത്തിലും സ്വഭാവത്തിലും ഇത് ബാധിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ സാധാരണഗതിയിൽ നേരത്തെ തിരിച്ചറിയാൻ കഴിയും. നാലു മുതൽ 17 വരെ പ്രായമുള്ള കുട്ടികളിൽ ഏതാണ്ട് ഒമ്പത് ശതമാനം കുട്ടികളും ഈ വൈകല്യം നേരിടുന്നതാണ്. ഇത്തരത്തിലുള്ള കുട്ടികൾക്ക് ശ്രദ്ധിക്കാൻ അൽപം ബുദ്ധിമുട്ട് ആയിരിക്കും. വളരെ എളുപ്പത്തിൽ തന്നെ ഇവരുടെ ശ്രദ്ധ വ്യതിചലിക്കും. കൂടാതെ ഇത്തരത്തിലുള്ള കുട്ടികൾ ഹൈപ്പർ ആക്ടീവും ആയിരിക്കും. ഒരു കാര്യത്തിൽ നിന്ന് മറ്റൊരു കാര്യത്തിലേക്ക് ഇവർ എളുപ്പത്തിൽ മാറിക്കൊണ്ടിരിക്കും. എന്തെങ്കിലും ഒരു ടാസ്ക് നൽകിയാൽ ഇവർക്ക് വേഗം തന്നെ ബോറടിക്കും. ഒരു ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട്, സ്കൂൾ ജോലി പൂർത്തിയാക്കുന്നതിൽ പ്രശ്നം, വിഷയങ്ങൾ വേഗത്തിൽ മനസിലാക്കുന്നതിൽ പ്രശ്നം, കുറച്ച് സമയത്തേക്ക് അനങ്ങാതെ ഇരിക്കാൻ ബുദ്ധിമുട്ട്, എപ്പോഴും കളിച്ചു കൊണ്ടിരിക്കുക, അനന്തരഫലങ്ങൾ കണക്കിലെടുക്കാതെ പ്രവർത്തിക്കുക,  ധാരാളം സംസാരിക്കുകയും മറ്റുള്ളവരുടെ സംസാരം തടസപ്പെടുത്തുകയും ചെയ്യുക എന്നിവയാണ് ഇത്തരക്കാരിൽ കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങൾ. എഡിഎച്ച്ഡി കുട്ടിയുടെ പഠിക്കാനുള്ള കഴിവിനെ തടസപ്പെടുത്തുന്നു. ഈ രോഗം പെട്ടെന്ന് തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടതാണ്. അല്ലാത്ത പക്ഷം കുട്ടിയുടെ ഭാവിയെ തന്നെ ഇത് ബാധിക്കും. എഡിഎച്ച്ഡി ഉള്ള കുട്ടികളിൽ മൂന്നിൽ രണ്ടു പേർക്കും മറ്റ് മാനസിക പ്രശ്നങ്ങളും ഉണ്ടായിരിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എഡിഎച്ച്ഡി ഉള്ളവരിൽ പഠന വൈകല്യം, പെരുമാറ്റ വൈകല്യം അല്ലെങ്കിൽ ഉത്കണ്ഠ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഭക്ഷണം കഴിക്കുന്നതിലെ ക്രമക്കേടുകൾ
കൗമാരപ്രായക്കാരിലും ഇരുപതുകളുടെ തുടക്കത്തിലും ക്രമരഹിതമായി ഭക്ഷണം കഴിക്കുന്നത് സാധാരണമാണെന്നാണ് നാഷണൽ അലയൻസ് ഓൺ മെന്റൽ ഇൽനെസ് പറയുന്നത്. ഭക്ഷണം കഴിക്കുന്നതിൽ വിവിധ തരത്തിലുള്ള ക്രമക്കേടുകളുണ്ട്. ശരീരഭാരം കുറയ്ക്കാൻ സ്വയം പട്ടിണി കിടക്കുന്നതാണ് അതിൽ ഒന്നാമത്തേത്. ഇത്തരക്കാർ വിശന്നാലും ഭക്ഷണം കഴിക്കാൻ തയ്യാറാകില്ല. പകരം, പട്ടിണി കിടക്കുകയും ക്ഷീണം വരെ വ്യായാമം ചെയ്യുകയും ചെയ്യും. അമിതവിശപ്പ് ഉള്ളവർ വലിയ അളവിൽ ഭക്ഷണം കഴിക്കുകയും എന്നാൽ പിന്നീട് സ്വയം ഛർദിച്ച് കളയുകയും ചെയ്യുന്നു.

ഇനി വേറെ ചിലരാണെങ്കിൽ അമിത അളവിൽ ഭക്ഷണം കഴിക്കുന്നവരാണ്. ചെറിയ സമയത്തിനുള്ളിൽ വലിയ അളവിൽ ഭക്ഷണം കഴിക്കുന്നവരാണ് അവർ. എന്നാൽ ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നത് മറ്റ് പല മാനസികപ്രശ്നങ്ങൾക്കും കാരണമാകുന്നു. ഭക്ഷണം കഴിക്കുന്നതിലെ ക്രമക്കേടുകൾ പലപ്പോഴും അസ്വാഭാവികമായ ഭക്ഷണരീതികൾക്ക് കാരണമാകും. ഇത് പോഷകാഹാരക്കുറവ്, അമിതവണ്ണം, അകാലമരണം എന്നിവയിലേക്ക് നയിക്കുന്നു.

അപകടത്തിലേക്ക് നയിക്കുന്ന ലഹരി ഉപയോഗം 
കൗമാരപ്രായത്തിലെത്തിയവർ റിസ്ക് എടുക്കുന്നതിൽ പ്രാഗൽഭ്യം തെളിയിച്ചവർ ആയിരിക്കും. മദ്യവും മയക്കുമരുന്നുമെല്ലാം മിക്കവരും ആദ്യമായി ഉപയോഗിക്കുന്നത് അവരുടെ കൗമാരപ്രായത്തിൽ ആയിരിക്കും. എന്നാൽ പരീക്ഷണം എന്നതിന്റെ അപ്പുറത്തേക്ക് മാറി മിക്ക കൗമാരക്കാരും യുവാക്കളും മയക്കുമരുന്നിനും മദ്യത്തിനും അടിമയാകാറുണ്ട്. കൗമാരക്കാർ ലഹരിവസ്തുക്കൾക്ക് അടിമയാകുന്നത് പലപ്പോഴും പല തരത്തിലുള്ള മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകലുക, സ്വഭാവത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം, സെക്സ്, വഴക്ക്, ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതു പോലുള്ള സാഹസങ്ങളിൽ ഏർപ്പെടുക, അമിതമായ മദ്യ - മയക്കുമരുന്ന് ഉപയോഗം എന്നിവയെല്ലാം ഇതിന്റെ ഭാഗങ്ങളാണ്. അതേസമയം ലഹരിവസ്തുക്കളോ മദ്യമോ ഉപയോഗിക്കാത്ത സമയങ്ങളിൽ പല തരത്തിലുള്ള പ്രശ്നങ്ങളിലൂടെ ഇവർ കടന്നുപോകും. ഇത്തരം പിൻവലിയൽ ലക്ഷണങ്ങൾ കൂടുതൽ ബുദ്ധമുട്ടുകൾ സൃഷ്ടിക്കും. തൽഫലമായി എപ്പോഴും ലഹരി ഉപയോഗിക്കണമെന്ന തോന്നൽ ഇത്തരക്കാർക്ക് ഉണ്ടാകും. ലഹരിവസ്തുക്കളുടെ ഉപയോഗം ഉത്കണ്ഠ, വിഷാദം തുടങ്ങിയ പല മാനസിക വൈകല്യങ്ങളിലേക്കും നയിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ കൗമാരപ്രായമെത്തിയാൽ മക്കളുടെ നേരെ മാതാപിതാക്കളുടെ ഒരു കണ്ണ് എപ്പോഴും ഉണ്ടായിരിക്കണം.

English Summary:

 Understanding Anxiety and Depression in Teenagers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com