അമ്മമാർ കുഞ്ഞുങ്ങളോട് ചെയ്യുന്ന വലിയ രണ്ട് തെറ്റുകൾ!
Mail This Article
കുഞ്ഞുങ്ങളെ വളർത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലയെന്ന് എല്ലാവർക്കും അറിയാം. ഗർഭധാരണം, പ്രസവം തുടങ്ങിയവയേക്കാൾ ഏറെ ശ്രമകരമായ കാര്യമാണ് കാര്യപ്രാപ്തിയുള്ള, മികച്ച വ്യക്തിത്വമുള്ള കുട്ടികളെ വളർത്തിയെടുക്കുക എന്നത്. ഇക്കാര്യത്തിൽ മാതാപിതാക്കൾക്ക് വളരെ വലിയ റോളാണുള്ളത്. എന്നാൽ കുട്ടികളുടെ സ്വഭാവരൂപീകരണത്തെ സ്വാധീനിക്കാൻ അച്ഛനെക്കാൾ ഒരുപടി മുകളിൽ അമ്മമ്മാർക്ക് കഴിയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഇതിനുള്ള പ്രധാന കാരണം അച്ഛന്മാർ ജോലിക്ക് പോയി വരുമാനം കൊണ്ട് വരുന്നു. എന്നാൽ നല്ലൊരു ശതമാനം അമ്മമാർ കുട്ടികൾക്കായി മറ്റ് കാര്യങ്ങൾ വേണ്ടെന്നു വയ്ക്കുന്നു കൂട്ടത്തിൽ ജോലിയും. അതിനാൽ അച്ഛനൊപ്പം ചെലവഴിക്കുന്ന സമയത്തേക്കാൾ ഏറെ അമ്മയ്‌ക്കൊപ്പം കുട്ടികൾ ചെലവഴിക്കുണ്ട്. അമ്മയ്‌ക്കൊപ്പം ഇത്തരത്തിൽ സമയം ചെലവഴിക്കുമ്പോൾ അതിൽ തെറ്റ് സംഭവിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
സ്വന്തം സ്വപ്‌നങ്ങൾ വേണ്ടെന്ന് വയ്ക്കുന്നു
കുട്ടികളെ നോക്കി വളർത്തുക എന്ന ദൗത്യം ഏറ്റെടുക്കുമ്പോൾ ഇന്ന് അഭ്യസ്തവിദ്യരായ പല അമ്മമാരും തങ്ങളുടെ ജോലി ഉപേക്ഷിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. അതുമല്ലെങ്കിൽ ഇഷ്ടപ്പെട്ട പ്രൊഫഷനിൽ തുടരാനുള്ള അസൗകര്യം മൂലം വരുമാനം നേടാനും കുഞ്ഞിനെ നോക്കാനും പറ്റുന്ന മറ്റേതെങ്കിലും പ്രൊഫഷനലിലേക്ക് തിരിയുന്നു. ഇതിലൂടെ യഥാർത്ഥത്തിൽ തങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കുട്ടികൾക്കായി മാറ്റിവയ്ക്കുകയാണ് അമ്മമാർ ചെയ്യുന്നത്. ഇത് വാസ്തവത്തിൽ ഒരു തെറ്റായ മാതൃകയാണ്. കുഞ്ഞുങ്ങൾക്ക് മാതൃകയാകേണ്ടത് തന്റെ സ്വപ്നങ്ങളെ കയ്യെത്തി പിടിച്ചുകൊണ്ടാവണം.
ഇനി ഇത്തരത്തിൽ സ്വപ്‌നങ്ങൾ ത്യജിക്കുന്നതിന്റെ മറ്റൊരു വശം നോക്കാം. ജോലി വേണ്ടെന്ന് വയ്ക്കുന്നതോടെ, വരുമാനം നിലക്കുന്നു. തന്റെ ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നത് മാനസികമായ വിഷമത്തിനു ഇടയാക്കുന്നു. ഇത് സാവധാനം ദേഷ്യത്തിലേക്കും അമർഷത്തിലേക്കും തിരിയുന്നു. ഈ മാനസികാവസ്ഥയിൽ കുട്ടികളെ പരിചരിക്കുമ്പോൾ ആ ദേഷ്യം കുട്ടികളുടെ മേല്‍ പ്രകടിപ്പിക്കുന്നു. അതേ സമയം കൂട്ടുത്തരവാദിത്വത്തിൽ അച്ഛനമ്മമാർ കുഞ്ഞിനെ നോക്കുകയും രണ്ട് പേരും വരുമാനം കണ്ടെത്തുകയും ചെയ്യുന്നത് പോസിറ്റിവ് എനർജി വർധിപ്പിക്കും.
കുട്ടികൾക്ക് വേണ്ടി ജോലി മാത്രമല്ല, ഇഷ്ട ഭക്ഷണം, വസ്ത്രം, കൂട്ടുകാർ, യാത്രകൾ എന്നിവയെല്ലാം മാറ്റിവയ്ക്കുന്നതും തെറ്റാണ്. ഇതെല്ലാം പിൽകാലത്ത് വലിയ ഭവിഷ്യത്തുകൾ ഉണ്ടാക്കുന്ന ഘടകങ്ങളാണ്. സ്വയം ജീവിതം ആസ്വദിച്ചുകൊണ്ടാകണം അച്ഛനമ്മമാർ കുട്ടികൾക്ക് മാതൃകയാകേണ്ടത്.
ഏറ്റവും പ്രധാനം സമയമാണ്
കുട്ടികളുടെ പിറന്നാളുകൾക്ക് വലിയ വിലയേറിയ സമ്മാനങ്ങൾ വാങ്ങി നൽകുന്നത് മാതാപിതാക്കൾക്കിടയിലെ പതിവ് കാഴ്ചയാണ്. എന്നാൽ പലപ്പോഴും മാതാപിതാക്കൾ ഒരു കാര്യം മറക്കുന്നു. പിറന്നാൾ എന്നല്ല, ഏത് ദിനത്തേയും കുട്ടികൾ ഓർമ്മയിൽ സൂക്ഷിക്കേണ്ടത് വിലയേറിയ സമ്മാനങ്ങളുടെ നിറവിലല്ല, മറിച്ച് ഇഷ്ടമുള്ള ആളുകളുടെ സാന്നിധ്യത്തിന്റെ നിറവിലാകണം. അച്ഛനമ്മമാർക്ക് സമയക്കുറവ് ഉള്ളതിനാൽ പിറന്നാൾ ആഘോഷം അവധിദിനത്തിലേക്ക് മാറ്റി വച്ച് വലിയ സെലിബ്രെഷനുകൾ നടത്തുന്നത് പതിവ് കാഴ്ചയാണ്. ഇത് കുട്ടികളെ കൂടുതൽ മെറ്റേറിയലിസ്റ്റിക്ക് ആകാൻ മാത്രമേ സഹായിക്കൂ.
പകരം, കുട്ടികളുടെ പിറന്നാൾ ദിവസം എത്ര തിരക്കുണ്ടെങ്കിലും അതെല്ലാം മാറ്റിവച്ച് അവർക്കൊപ്പം ഒരു യാത്ര പോകാൻ തയ്യറായി നോക്കൂ. അതായിരിക്കും അവരെ കൂടുതൽ സന്തോഷിപ്പിക്കുക. അവരുടെ ഓർമയിൽ എന്നും സന്തോഷത്തോടെ പച്ചപിടിച്ചു നിൽക്കുന്ന ഒരു ദിനമായിരിക്കും അത്. സമ്മാനങ്ങളെക്കാൾ മൂല്യം മാതാപിതാക്കൾ നൽകുന്ന ഒപ്പമുള്ള സമയമാണ് എന്ന തിരിച്ചറിവും നിങ്ങളുടെ സാമിപ്യവുമായിരിക്കും കുട്ടികളുടെ ആഘോഷദിനങ്ങളെ പൂർണമാക്കുക.
ഇത്തരത്തിലായിരിക്കണം കുട്ടികളിൽ മൂല്യബോധവും സ്നേഹവും നിറയ്‌ക്കേണ്ടത്. എന്നാൽ ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യത്തിൽ പലപ്പോഴും മാതാപിതാക്കൾക്ക് ഇതിനു സാധിക്കുന്നില്ല. എന്നാൽ മാറണം എന്നാഗ്രഹിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല എന്നോർക്കുക. വലിയ സൗകര്യങ്ങളും ബ്രാൻഡഡ് സമ്മാനങ്ങളും മാത്രം ഒരിക്കലും ഒരു കുട്ടിയെ പൂർണമായ, നന്മയുള്ള ഒരുവനാക്കി മാറ്റുന്നില്ല. സൗകര്യങ്ങൾക്കൊപ്പം ലക്ഷ്യബോധം, ആത്മചിന്ത, ആത്മവിശ്വാസം , പരിശ്രമം തുടങ്ങിയ ഗുണങ്ങളിലേക്ക് കൂടി ശ്രദ്ധ ലഭിക്കുന്ന രീതിയിലാകണം കുട്ടികളെ വളർത്താൻ.