കുട്ടികളുടെ ചോറ്റുപാത്രം ഇങ്ങനെയൊരുക്കിയാൽ കാലിയാകുന്ന വഴിയറിയില്ല; നിറയ്ക്കാം സ്നേഹത്തിനൊപ്പം പോഷണവും
Mail This Article
കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ പെടുന്ന കഷ്ടപ്പാടിനെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സ്കൂളിൽ പോകാൻ തുടങ്ങുന്നതോടെ പോഷകദാരിദ്ര്യം ആരംഭിക്കും. രാവിലെ പോകാനുള്ള തിരക്കിൽ എന്തെങ്കിലും കഴിച്ചെന്നു വരുത്തും. വൈകിട്ട് വന്നാലോ ട്യൂഷനും മറ്റുമായി കുട്ടികൾ തിരക്കിലും. അപ്പോൾ പിന്നെ ഉച്ചയ്ക്ക് കൊടുത്തു വിടുന്ന ചോറ്റുപാത്രം പോഷകസമ്പുഷ്ടമാക്കുകയാണ് ഏക ഉപായം. കുട്ടികൾക്ക് പൊതുവെ ആവശ്യമായ പോഷകങ്ങൾ ഏതെല്ലാമെന്നും അവരുടെ ചോറ്റുപാത്രത്തിൽ എന്തെല്ലാം അടങ്ങിയിരിക്കണമെന്നും നോക്കാം.
മൂന്നു മുതൽ ആറ് വയസ്സ് വരെ
പ്രീസ്കൂൾ കാലഘട്ടം എന്നുപറയുന്നതു മൂന്ന് മുതൽ ആറ് വയസ്സുവരെയുള്ള പ്രായമാണ്. ഈ സമയത്തു കുട്ടികൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വളരെ പ്രധാനമാണ്. ആറു വയസ്സാകുമ്പോൾ കുഞ്ഞിന്റെ ജനനസമയത്തെ ഭാരത്തെക്കാൾ 7 ഇരട്ടി ഭാരം കൂടും. കുട്ടികൾക്ക് ഈ സമയത്ത് അവരുടെ ഇഷ്ടാനിഷ്ടങ്ങൾ മാറിക്കൊണ്ടിരിക്കും. സാധാരണ കുറേശ്ശ എരിവും പുളിയും ചേർത്തു മൃദുവായ ജെല്ലിയുടേതു പോലെ ഉള്ളത്. ചെറുചൂടോടു കൂടിയത് ഇവയൊക്കെയുള്ള ആഹാരമാണ് അവർ ഇഷ്ടപ്പെടുന്നത്. കറുമുറെയുള്ള ഭക്ഷണവും നന്നായി ആസ്വദിച്ചു കഴിക്കും. കിഴങ്ങുവർഗങ്ങൾ കുട്ടികൾക്ക് സാധാരണ ഇഷ്ടമല്ല. പല നിറങ്ങളോട് കൂടിയ ഭക്ഷണങ്ങൾ കുട്ടികൾ ഇഷ്ടപ്പെടുന്നു.
കുട്ടികളുടെ തൂക്കം സാധാരണമാണെങ്കിൽ അവർ ആവശ്യത്തിന് ആഹാരം കഴിക്കുന്നുണ്ട് എന്നുവേണം കരുതാൻ. 1.5 മുതൽ 2 ഗ്രാം/കിലോഗ്രാം ശരീരഭാരം എന്ന കണക്കിന് മാംസ്യം അഥവാ പ്രോട്ടീൻ കൊടുക്കണം. പാൽ, മാംസം, മുട്ട, മീൻ, ചീസ്, ബീൻസ്, കടലവർഗങ്ങൾ ഇവയിലാണ് മാംസ്യം കൂടുതൽ ഉള്ളത്. ആറു വയസ്സുവരെ കൊഴുപ്പ് നിയന്ത്രിക്കേണ്ടതില്ല.
ധാതുക്കൾ:
കാത്സ്യമാണ് കുട്ടികൾക്ക് ഏറ്റവും ആവശ്യമായത്. അതുകൊണ്ടു പാൽ, മുട്ട, മീൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അയൺ കൂടുതലുള്ള പച്ചനിറമുള്ള ഇലക്കറികൾ, അയൺ അടങ്ങിയ സിറിയലുകൾ (Cereales) ഇവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടണം. അയണിന്റെ അഭാവവും വിരശല്യവുമുണ്ടെങ്കിൽ അനീമിയ ഉണ്ടാകാൻ സാധ്യതയുണ്ട്.
വൈറ്റമിനുകൾ:
വളർച്ചയ്ക്ക് ആവശ്യമായ വൈറ്റമിൻ എ, വൈറ്റമിൻ ബി, വൈറ്റമിൻ സി ഇവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പാലും മുട്ടയും കഴിക്കാൻ മടിയുള്ള കുട്ടികൾ അവയും പഞ്ചസാരയും ചേർത്ത് ഒരു പുഡിങ് ആയോ വീട്ടിൽ ഉണ്ടാക്കുന്ന ഐസ്ക്രീം ആയോ കൊടുത്താൽ ഇഷ്ടപ്പെടും.
ഉച്ചഭക്ഷണം എങ്ങനെ വേണം ?
ഉച്ചഭക്ഷണം കൊടുത്തു വിടുമ്പോൾ പ്രഭാത ഭക്ഷണം തന്നെ കൊടുത്തുവിടാതെ പലതരം നിറം, രുചി ഇവയൊക്കെ ചേർത്ത ഭക്ഷണം കൊടുത്തുവിടാം. തൈര് (അധികം പുളിക്കാത്തത്) എല്ലാ ദിവസവും ഒരു നേരം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വെജിറ്റബിൾ പുലാവ്, സാൻവിജ്(പച്ചക്കറികൾ, ചീസ്, എന്നിവ ചേർന്ന സാൻവിജ്) തുടങ്ങിയവ ചോറ്റുപാത്രത്തിൽ ഉൾപ്പെടുത്താം. ധാരാളം വെള്ളം കുടിപ്പിക്കണം. ഫ്രൂട്ട് ജ്യൂസ് ചൂടുള്ള സമയത്ത് വളരെ നല്ലതാണ്. ഗ്രീൻ സാലഡ് ഇടയ്ക്കു കുട്ടികൾക്കു കൊടുക്കണം. അതിനു രുചി കൂട്ടാൻ മാതളനാരങ്ങ, മാമ്പഴം, പൈനാപ്പിൾ ഇവയുടെ ചെറിയ കഷണങ്ങൾ ഇടാം. അല്പം എരിവും പുളിയും ചേർന്ന ഭക്ഷണമാണ് ഏറ്റവും നല്ലത്. ഉദാഹരണത്തിന് എഗ് ദോശ, ഫില്ലിങ് ഉള്ള ചപ്പാത്തി എന്നിവ. മാസത്തിലൊരിക്കലെങ്കിലും പുറത്തുള്ള ആഹാരം കഴിക്കുന്നതു കുഴപ്പമില്ല. കാരണം കുട്ടികൾ അതിന്റെ രുചിയും അറിയണം. പോഷകാഹാരക്കുറവ് കൂടുതൽ കണ്ടുവരുന്നത് ഈ കാലത്തിലാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന രോഗങ്ങളും അണുബാധകളും കാരണം പലപ്പോഴും കുട്ടികൾക്കു വേണ്ടത്ര ആഹാരം കഴിക്കാൻ സാധിക്കില്ല. വിരശല്യവും പ്രശ്നമാകാം. ഇത്തരം രോഗാവസ്ഥകളിൽ ഭക്ഷണകാര്യത്തിൽ ഡോക്ടറുടെ നിർദേശങ്ങൾ തേടാം.
(കോട്ടയം മെഡിക്കൽ കോളജ് മുൻ സീനിയർ ഡയറ്റീഷ്യനാണ് ലേഖിക)