സ്‌കൂള്‍ തുറക്കാറായി, കുട്ടികള്‍ക്കൊപ്പം നിങ്ങളും റെഡിയല്ലേ?
Mail This Article
സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ. ആദ്യമായി സ്‌കൂളില്‍ പോകാനൊരുങ്ങുന്ന ആയിരക്കണക്കിനു കുരുന്നുകളുണ്ട്. അവരെല്ലാവരും തന്നെ ആകാംഷയിലും ചിലപ്പോള്‍ പേടിയിലുമൊക്കൊയിയിരിക്കും. അവരെപ്പോലെ തന്നെയായിരിക്കും അവരുടെ മാതാപിതാക്കളും. അച്ഛനേയും അമ്മയേയും വിട്ട് ആദ്യമായിട്ടാണ് കുട്ടികള്‍ ഇത്രയധികം സമയം മാറി നില്‍ക്കുന്നതെന്നും ഭക്ഷണം തനിയെ കഴിക്കാന്‍ മടിയാണെന്നും ക്ലാസിലിരുന്ന് ഉറങ്ങിപ്പോയേക്കുമോ എന്നുമൊക്കെയുള്ള ഭയമാണ് രക്ഷിതാക്കള്‍ക്കുണ്ടാവുക.
അവര്‍ പഠിക്കട്ടെ, പറക്കട്ടെ
ഒന്നുമോര്‍ത്ത് ഒരുപാട് ആവലാതിപ്പെടേണ്ട എന്നാണ് രക്ഷിതാക്കളോട് പ്രധാനമായും പറയാനുള്ളത്. കുട്ടികളെ ധൈര്യമായി സ്‌കൂളിലേക്ക് പറഞ്ഞുവിടുക. നമ്മുടെ നൂറുകണക്കിനു സംശയങ്ങളും വേവലാതികളും മാറ്റിവെച്ച് അവരെ സ്വതന്ത്രരാക്കുക. എല്ലാം തനിയെ ചെയ്യാന്‍ കഴിയുംവിധം അവര്‍ പതിയെ സ്വയം പര്യാപ്തരായിക്കോളും. ഓരോന്നും കണ്ടും അറിഞ്ഞും അവര്‍ പഠിക്കട്ടെ. പിന്നീട് ഉയര്‍ന്നു പറക്കേണ്ടതിനു ഇവിടെ നിന്നു പഠിച്ചു തുടങ്ങട്ടെ.
രാവിലെ എഴുന്നേല്‍പ്പിക്കാം
സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ മാസമാണ്. മഴക്കാലമാണ്. രാവിലെയുള്ള മഴയും തണുപ്പുമൊക്കെ ഉറക്കം വിട്ടെഴുന്നേല്‍ക്കാന്‍ കുട്ടികളെ മടുപ്പിക്കും. വിളിച്ചുണര്‍ത്താന്‍ രക്ഷിതാക്കള്‍ക്കും മടി തോന്നും. അവരെ സുഖമായി ഉറങ്ങാന്‍ അനുവദിക്കാന്‍ മനസ്സ് ആഗ്രഹിച്ചാലും അങ്ങനെ ചെയ്യുന്നത് അവരുടെ ഭാവിക്ക് ഗുണം ചെയ്യില്ലെന്ന ബോധ്യമുണ്ടാവണം. വിളിച്ചെഴുന്നേല്‍പ്പിച്ച് കൃത്യസമയത്ത് സ്‌കൂളില്‍ പറഞ്ഞുവിടുക തന്നെ വേണം. കൃത്യമായ സമയത്ത് ഉറക്കി ശീലിപ്പിച്ചാലേ രാവിലെ അവരെ കൃത്യ സമയത്ത് ഉണര്‍ത്താന്‍ കഴിയൂ എന്ന കാര്യം മറക്കരുത്. വാശിക്കാരുണ്ടാകാം, മടിയുള്ളവരുണ്ടാകാം പക്ഷേ വരുതിയിലാക്കിയേ മതിയാകൂ. കാരണം ഈ മഴയും തണുപ്പും ഇനിയും വരും. നഷ്ടപ്പെടുത്തിയ സമയം തിരിച്ചു പിടിക്കാന്‍ കഴിയില്ല. അതിനാല്‍ നല്ല നാളേക്കായി കുട്ടികളെ കൃത്യനിഷ്ഠയുള്ളവരാക്കാം.
പ്രഭാത ഭക്ഷണം ഹെല്‍തിയായിരിക്കട്ടെ
രാവിലെ ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ മടി കാണിക്കുന്നത് പതിവാണ്. എന്നാല്‍ പ്രഭാത ഭക്ഷണം ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജ്ജത്തിനും കാരണമാകുമെന്നതിനാല്‍ അതൊരിക്കലും ഒഴിവാക്കരുത്. തലേന്നു തന്നെ കുട്ടികള്‍ക്ക് അടുത്ത ദിവസം രാവിലെ നല്‍കാനുള്ള ഭക്ഷണത്തെക്കുറിച്ച് പ്ലാനുണ്ടാക്കാം. അത് ഹെല്‍തി ഫുഡ് ആണെന്നും ഉറപ്പാക്കാം. ഭക്ഷണം കഴിപ്പിക്കാനും ഭക്ഷണത്തെ ഇഷ്ടപ്പെടുത്താനുമെല്ലാം ഓരോ അമ്മമാര്‍ക്കും ഓരോതരം ഐഡിയകളുണ്ടാകും. ഐഡിയ എന്തായാലും അതെല്ലാം വര്‍ക്കൗട്ടായാല്‍ മതി. വയറു നിറച്ച് ഭക്ഷണം കഴിപ്പിച്ച് ശ്വാസം മുട്ടിപ്പിക്കുക എന്നതല്ല മറിച്ച് ആവശ്യത്തിന് കലോറി ലഭിക്കുന്ന ആരോഗ്യമുള്ള ഭക്ഷണം നല്‍കുക എന്നതാണ് പ്രധാനം.
കൂട്ടുകാരെയും അവരുടെ വീട്ടുകാരേയും പരിചയപ്പെടാം
കുട്ടികള്‍ വളരെ പെട്ടന്ന് കൂട്ടുകാരെയുണ്ടാക്കും. കാരണം അവര്‍ പെട്ടന്ന് പരസ്പരം സംസാരിക്കുകയും ഒന്നിച്ചിടപഴകുകയും കളിചിരികളിലേര്‍പ്പെടുകയും ചെയ്യും. കുറച്ചു ദിവസങ്ങള്‍ കൊണ്ടുതന്നെ അവരുടെ പ്രിയപ്പെട്ട കൂട്ടുകാര്‍ ആരൊക്കെയാണെന്ന് നമുക്ക് മനസ്സിലാകും. അവരെ നമുക്കും പരിചയപ്പെടാം. അവരെ മാത്രമല്ല അവരുടെ രക്ഷിതാക്കളെ കൂടി പരിചയപ്പെട്ടു വെക്കുന്നതും നല്ല ആശയവിനിമയത്തിനും കുട്ടികള്‍ തമ്മിലുള്ള നല്ല ബന്ധത്തിനും കാരണമാകും. കുട്ടിയുടെ ടീച്ചര്‍മാരുമായും ഈ ബന്ധം സൂക്ഷിക്കണം. അവന്‍ അല്ലെങ്കില്‍ അവള്‍ ക്ലാസില്‍ എങ്ങനെയാണെന്നും എന്തൊക്കെയാണ് കുട്ടിക്ക് പഠിക്കാന്‍ ബുദ്ധിമുട്ട് എന്നുമൊക്കെ ടീച്ചറോട് ചോദിച്ച് കൃത്യമായി മനസ്സിലാക്കാം.
ജോലിക്ക് പോകുന്ന രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ട
ജോലിക്ക് പോകുന്ന രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ പലപ്പോഴും ഗ്രാന്‍ഡ് പേരന്റ്‌സിനെയായിരിക്കും നോക്കാനേല്‍പ്പിക്കുന്നത്. കുട്ടികളെ രാവിലെ ഒരുക്കി സ്‌കൂളില്‍ വിടാനും അവര്‍ക്ക് ഇഷ്ടമുള്ളതൊക്കെ ടിഫിന്‍ ബോക്‌സില്‍ കൊടുത്തു വിടാനുമൊന്നും മിക്ക രക്ഷിതാക്കള്‍ക്കും സാധിക്കാറില്ല. കുട്ടികള്‍ എഴുന്നേല്‍ക്കുന്നതിനു മുന്‍പു തന്നെ ജോലിക്ക് പോകുന്നവരായിരിക്കും പലരും. കുട്ടികളുടെ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ലെന്നും പണമുണ്ടാക്കാനുള്ള ഓട്ടത്തിലാണെന്നുമൊക്കെ പലവിധ ആരോപണങ്ങള്‍ ഇവര്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ ഒട്ടും ആശങ്ക വേണ്ട എന്നതാണ് വാസ്തവം. കുട്ടികള്‍ പഠിക്കുകയാണ്. നാളെ അവരുടെ സ്വപ്‌നങ്ങള്‍ക്ക് കുട പിടിക്കാന്‍ ഇന്നു നമ്മള്‍ അധ്വാനിച്ചാല്‍ മാത്രമേ സാധിക്കൂ. ആരോപണങ്ങള്‍ അതിന്റെ വഴിക്ക് നടക്കും. സ്വന്തം സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുകയും മക്കളുടെ നല്ല നാളേയ്ക്കായി വഴിയൊരുക്കുകയും ചെയ്യുന്ന നിങ്ങളാണ് ശരിയെന്ന് എപ്പോഴും ചിന്തിക്കുക. ബാക്കിയെല്ലാം കൂടെ വന്നോളും.