ADVERTISEMENT

രണ്ടുമാസം നീണ്ട അവധിക്കാലം തകർത്താഘോഷിച്ച ശേഷം കുട്ടിക്കുറുമ്പുകൾ സ്കൂളിലേക്ക് പോയിത്തുടങ്ങി. എങ്കിലും അവധിയുടെ ആലസ്യത്തിൽ നിന്നും പലരും ഇനിയും പുറത്തുവന്നിട്ടില്ല. രാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ച് സ്കൂളിൽ പറഞ്ഞയയ്ക്കാൻ രക്ഷിതാക്കൾ കിണഞ്ഞു പരിശ്രമിക്കേണ്ടിവരും. എത്ര പറഞ്ഞിട്ടും കുട്ടി എഴുന്നേൽക്കാൻ കൂട്ടാക്കിയില്ലെങ്കിലോ? രക്ഷിതാക്കളുടെ ക്ഷമ നശിച്ച് വഴക്കും അടിയും പിടിയുമൊക്കെയായി രാവിലെ വീടകങ്ങൾ യുദ്ധക്കളമാകും. ഉറക്കം ഉണരുമ്പോൾ തന്നെയുള്ള ഇത്തരം വഴക്കുകൾ കുട്ടിയുടെയും രക്ഷിതാക്കളുടെയും ഒരു ദിവസം മുഴുവൻ മടുപ്പിച്ചെന്നും വരാം. പോരാത്തതിന് വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കിൽ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ മനസ്സിലാക്കാനും സാധിക്കില്ല. കൃത്യമായ ഉറക്ക ശീലം പഠിപ്പിക്കുകയാണ് ഇതിനുള്ള ഏക പരിഹാരമാർഗ്ഗം. കുട്ടികളുടെ ഉറക്കക്രമം ശരിയാക്കാൻ ചില എളുപ്പമാർഗങ്ങൾ നോക്കാം.

കൃത്യസമയത്തുള്ള ഉറക്കം
എത്ര പറഞ്ഞാലും കുട്ടികൾ നേരത്തെ കിടന്നുറങ്ങുന്നില്ല എന്നത് മിക്ക മാതാപിതാക്കളുടെയും പതിവ് പരാതിയാണ്. സ്മാർട്ട് ഫോണുകളുമായി കൂട്ടുകൂടിയതോടെ കുട്ടികൾ ഉറങ്ങാൻ മടിക്കുന്നുമുണ്ട്. ദിവസവും ഏതാണ്ട് ഒരേ സമയത്ത് ഉറങ്ങുന്നത് കൂട്ടിയെ ശീലിപ്പിച്ചെടുക്കാൻ ഒന്നോ രണ്ടോ ദിവസത്തെ അധ്വാനം പോരാതെ വരും. ഉറങ്ങാൻ ഒരു നിശ്ചിത സമയം വയ്ക്കുക എന്നതാണ് ആദ്യപടി. പുലർച്ചെ എഴുന്നേൽക്കേണ്ട സമയത്തിന് എട്ടോ ഒൻപതോ മണിക്കൂർ മുൻപായിരിക്കണം കുട്ടികൾ കിടക്കയിൽ എത്തേണ്ടത്. അടുപ്പിച്ച് കുറച്ചു ദിവസങ്ങൾ കൃത്യസമയത്ത് ഉറങ്ങിയാൽ പിന്നീട് സ്വാഭാവികമായി ആ സമയം എത്തുമ്പോൾ കുട്ടിക്ക് ഉറക്കം വന്നു തുടങ്ങും.

ഉറക്കത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കാം
മാതാപിതാക്കൾ ജോലിയിൽ വ്യാപൃതരായിരിക്കുകയോ വീടിനുള്ളിൽ ശബ്ദം നിറഞ്ഞു നിൽക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. അതിനാൽ കുട്ടി ഉറങ്ങാനായി നിശ്ചയിച്ചിരിക്കുന്ന സമയത്ത് ശ്രദ്ധ തിരിക്കുന്ന തരത്തിൽ അധികമായി വെളിച്ചമോ ശബ്ദമോ വീട്ടിലില്ല എന്ന് ഉറപ്പുവരുത്തണം. ഉറക്കത്തിന് അല്പം മുൻപായി തന്നെ കുട്ടിയെ കിടക്കയിൽ എത്തിച്ച് അവരുമായി അല്പസമയം സംസാരിക്കുന്നതും ഇടപഴകുന്നതും കൂടുതൽ ഗുണം ചെയ്യും. അന്നത്തെ ദിവസത്തെ കാര്യങ്ങളെക്കുറിച്ച് കുട്ടിയോട് ചോദിക്കാനും കഥകൾ പറഞ്ഞു കൊടുക്കാനുമൊക്കെ ഈ സമയം പ്രയോജനപ്പെടുത്താം. അന്നത്തെ ദിവസം കുട്ടിക്ക് വിഷമം ഉണ്ടായ എന്തെങ്കിലും കാര്യങ്ങളുണ്ടോ എന്ന് ചോദിച്ചു മനസ്സിലാക്കുകയും വേണം. അത് എങ്ങനെ പരിഹരിക്കാമെന്ന് സൗമ്യമായി പറഞ്ഞുകൊടുത്ത് അവരുടെ മനസ്സിനെ ശാന്തമാക്കാനും ശ്രമിക്കുക.

Photo credit :  banu sevim / Shutterstock.com
Photo credit : banu sevim / Shutterstock.com

കിടക്കുന്നതിനു മുൻപ് ഫോൺ വേണ്ട
സ്മാർട്ട് ഫോണുകളിലും കമ്പ്യൂട്ടർ സ്ക്രീനുകളിലും നിന്നുള്ള വെളിച്ചം ഉറക്കം വരുന്നതിന് തടസ്സമാകും. അതിനാൽ ഉറങ്ങാനുള്ള സമയം അടുത്തു വരുമ്പോൾ തന്നെ ഫോണുകളും കമ്പ്യൂട്ടറുകളും ഓഫ് ചെയ്യാം. ഇത് ഉറക്കത്തിനു വേണ്ടി ശാരീരികമായി തയ്യാറെടുക്കാൻ കുട്ടിയെ സഹായിക്കും. അല്പം മുതിർന്ന കുട്ടികളാണെങ്കിൽ വഴക്കിൽ എത്തിക്കാതെ ഉറക്കത്തിന്റെ ആവശ്യകത പറഞ്ഞു മനസ്സിലാക്കി ഇതൊരു ശീലമായി തന്നെ വളർത്തിയെടുക്കണം.

ഉറക്കത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കേണ്ടതെങ്ങനെ
മനുഷ്യനടക്കം എല്ലാ ജീവികളുടെയും ജൈവിക പ്രവർത്തനങ്ങളുടെ താളം ഭൂമിയുടെ ഭ്രമണത്തിനനുസരിച്ച് ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. 24 മണിക്കൂർ സമയത്തിന് അനുസൃതമായി ഉറങ്ങുന്നതും ഉണരുന്നതും അടക്കമുള്ള ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഈ താളമാണ് ജൈവഘടികാരം അഥവാ സിർക്കാഡിയൻ റിഥം എന്ന് അറിയപ്പെടുന്നത്. ഇതേക്കുറിച്ച് കുട്ടിക്ക് വിശദീകരിച്ചു കൊടുക്കാൻ സാധിച്ചില്ലെങ്കിലും രാത്രിയും പകലും മാറി വരുന്നതിന് അനുസരിച്ച് കൃത്യമായ ശാരീരിക പ്രവർത്തനങ്ങൾ നടക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കുക. ഇതേക്കുറിച്ച് പതിവായി ഓർമ്മിപ്പിക്കുന്നത് ഉറക്കത്തിന്റെ പ്രാധാന്യം പതിയെ കുട്ടി മനസ്സിലാക്കുന്നതിന് സഹായിക്കും.

മാതൃകയാവാം
കുട്ടിയോട് കൃത്യസമയത്ത് ഉറങ്ങാനാവശ്യപ്പെട്ട ശേഷം മാതാപിതാക്കൾ അർദ്ധരാത്രി വരെ സ്മാർട്ട് ഫോണുകളുമായി ചെലവഴിക്കുന്നത് നല്ല പ്രവണതയല്ല. മാതാപിതാക്കളെ കണ്ടാണ് കുട്ടികൾ ജീവിതശീലങ്ങൾ പഠിക്കുന്നത്. അതിനാൽ കുടുംബാംഗങ്ങൾ കൃത്യമായ ഉറക്കക്രമം പാലിക്കുന്നത് നിർബന്ധിക്കാതെ തന്നെ കൃത്യസമയത്ത് ഉറങ്ങാനും എഴുന്നേൽക്കാനും കുട്ടിക്ക് സഹായകമാകും.

Photo Credits: Shutterstock.com

ശാരീരിക വ്യായാമം നിർബന്ധം
പണ്ടുകാലങ്ങളിൽ സ്കൂൾ വിട്ടു വരുന്ന കുട്ടികൾ മുറ്റത്തും തൊടിയിലും ഓടിക്കളിക്കുന്നത് പതിവുകാഴ്ചയായിരുന്നു. എന്നാൽ ഇന്ന് അവർ വീടിനുള്ളിൽ തന്നെ കൂടുതൽ സമയം ചിലവഴിക്കുന്ന സാഹചര്യമുണ്ട്. ശരീരത്തിന്റെ ക്ഷീണം അകറ്റുക എന്നത് ഉറക്കത്തിന്റെ പ്രധാന ധർമ്മമാണ്. ക്ഷീണം അനുഭവപ്പെടാത്തതും അവരെ ഉറക്കത്തിൽ നിന്നും അകറ്റിനിർത്തും. അതിനാൽ കുട്ടി ആവശ്യത്തിന് ഓടുകയും ചാടുകയും നടക്കുകയുമൊക്കെ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും നല്ല ഉറക്കം ലഭിക്കാൻ അത്യാവശ്യമാണ്.

English Summary:

Top Tips to Ensure Your Child Gets Quality Sleep for a Productive School Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com