പഠിക്കാൻ സമയം കിട്ടുന്നില്ലെന്നാണോ മക്കളുടെ പരാതി? ഈ എളുപ്പവഴി പരീക്ഷിക്കൂ
Mail This Article
സ്കൂൾ തുറന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു. അന്നന്നുള്ള പാഠങ്ങൾ അന്നന്നു പഠിക്കുക എന്ന ഏറ്റവും അടിസ്ഥാനപരമായ കാര്യം ചെയ്യുന്നുണ്ടാകുമല്ലോ അല്ലേ..? ക്ലാസ് തുടങ്ങിയതിൽപിന്നെ പലർക്കും സമയം ഇല്ലെന്നാണ് പറയുന്നത്. സമയം ഉണ്ടാകണമെങ്കിൽ കാര്യങ്ങൾ ചെയ്യാൻ ഒരു ടൈംടേബിൾ ഉണ്ടാക്കണം...
കൂട്ടുകാരേ, ടൈം മെഷീൻ കഥകളിൽ മാത്രമേയുള്ളൂ. കഴിഞ്ഞുപോയ കാലത്തേക്കു തിരിച്ചു സഞ്ചരിച്ച് പിഴവുകൾ തിരുത്താൻ നമുക്കു കഴിയില്ല. ഉള്ള സമയം പാഴാക്കാതിരിക്കുകയാണ് വേണ്ടത്. സമയം പാഴാക്കാതെ വിനിയോഗിക്കാൻ നല്ലൊരു ടൈംടേബിൾ സഹായിക്കും. സിനിമകൾക്കെല്ലാം തിരക്കഥയുണ്ടെന്ന് അറിയാമല്ലോ. എന്നാൽ നിത്യജീവിതത്തിൽ പോലും തിരക്കഥയനുസരിച്ചാണു നമ്മുടെ പെരുമാറ്റങ്ങളും പ്രതികരണങ്ങളും. അതു നമ്മൾ തിരിച്ചറിയുന്നുപോലുമില്ലെന്നതാണു സത്യം. പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞ നമുക്കു വേഗത്തിൽ തീരുമാനമെടുക്കാൻ പ്രകൃതി തന്നിട്ടുള്ള എളുപ്പവഴിയാണ് ഇതെന്ന് ലെനർഡ് മ്ലോദിനോവ് ‘ഇലാസ്‌റ്റിക്’ എന്ന പുസ്‌തകത്തിൽ പറയുന്നു. ആലോചിച്ചെടുത്തതെന്നു നാം കരുതുന്ന തീരുമാനങ്ങൾ പോലും ജനിതകമായി കൈമാറിക്കിട്ടിയ ചില ശീലങ്ങളുടെ ഫലമാണ്.
മ്ലോദിനോവ് ഒരു രസികൻ നിരീക്ഷണം പറയുന്നുണ്ട്. പലഹാരങ്ങൾ ഇരിക്കുന്ന അലമാരയുടെ അടുത്തുകൂടി പോകുകയാണെന്നു കരുതുക. തെല്ലും വിശപ്പു തോന്നുന്നില്ലെങ്കിലും പാത്രത്തിൽ കയ്യിട്ട് എന്തെങ്കിലുമെടുത്തു തിന്നും. അറിയാതെ തന്നെ ‘തിരക്കഥ’യെ അനുസരിച്ചുപോകുകയാണു നിങ്ങൾ. കട്ടിൽ കാണുമ്പോഴേ ഉറങ്ങാൻ തോന്നും. അതുകൊണ്ടാണ് കട്ടിലിൽ ഇരുന്നു വായിക്കരുതെന്നു പറയുന്നത്. ഈ തിരക്കഥാ ശീലങ്ങളെ തിരുത്താനും വേണ്ടവിധം പരുവപ്പെടുത്താനുമുള്ള മനോഹരമായ വഴിയാണ് ടൈംടേബിൾ. ടൈംടേബിൾ എന്നൊരു സംഭവമേ ലോകത്ത് ഇല്ലായിരുന്നെന്നു കരുതുക. ഒരു ടൈംടേബിളുമില്ലാതെ നൂറുകണക്കിനു ട്രെയിനുകളും വിമാനങ്ങളും സഞ്ചരിച്ചാൽ എങ്ങനെയുണ്ടാകും? ടൈംടേബിളില്ലാത്ത ജീവിതവും ഇതുപോലെ വിനാശകരമാണ്. അറിയാത്ത സ്‌ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ജിപിഎസ് തുണയ്‌ക്ക് എത്തുന്നതുപോലെ ടൈംടേബിൾ കൂട്ടുകാർക്കു വഴികാട്ടും.
ടൈംടേബിൾ ഉണ്ടാക്കുമ്പോൾ മനസ്സിൽ വയ്‌ക്കേണ്ടവ
1. ഒറ്റയടിക്കു മല മറിക്കാമെന്നു കരുതരുത്. തുടർച്ചയായി 5 മണിക്കൂർ കുത്തിയിരുന്നു പഠിക്കുമെന്നൊന്നും ലക്ഷ്യംവയ്‌ക്കരുത്. വളരെ ഫ്ലെകിസിബിളായിരിക്കണം ടൈംടേബിൾ. 25 മിനിറ്റ് പഠനം, 5 മിനിറ്റ് വിശ്രമം...എന്നിങ്ങനെ പിന്തുടരാനുള്ള എളുപ്പം നോക്കണം. 2 മണിക്കൂർ പഠിച്ചാൽ അരമണിക്കൂർ വിശ്രമമോ കളികളോ ആകാം.
2. പ്രാധാന്യം അനുസരിച്ചു വേണം കാര്യങ്ങൾക്കു മുൻഗണന കൊടുക്കാൻ. നിങ്ങൾ ഏറ്റവും ഊർജത്തോടെ, ഫ്രഷായി ഇരിക്കുന്ന സമയം പ്രയാസമുള്ള വിഷയങ്ങൾ പഠിക്കാൻ മാറ്റിവയ്‌ക്കാം.
3. ടൈംടേബിൾ എന്നു കേൾക്കുമ്പോഴേ പഠിത്തം മാത്രമാണെന്നു ധരിക്കേണ്ട. വ്യായാമത്തിനും കളികൾക്കും വെറുതെയിരിക്കാനും പുറത്ത് ചുറ്റിവരാനും കൂട്ടുകാരോടു സംസാരിക്കാനുമെല്ലാം സമയം കണ്ടെത്താം.
4. ടിവി, മൊബൈൽ ഇവയ്‌ക്കായി ചെറിയൊരു സമയം മാത്രം മാറ്റിവയ്‌ക്കുക. മറ്റു സമയത്തൊന്നും അതിൽ മുഴുകുന്നില്ലെന്ന് ഉറപ്പാക്കുക. സുഖസുന്ദരമായി ഉറങ്ങാൻ സമയം കണ്ടെത്തുക. നല്ല ഉറക്കം മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും ഒരുപോലെ പ്രധാനമാണ്.
5. സ്‌ഥിരതയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു ദിവസം ടൈംടേബിള്‍ അനുസരിച്ച് പ്രവർത്തിക്കാനായില്ലെങ്കിലും വിഷമിക്കേണ്ട. അടുത്ത ദിവസം ആ തെറ്റ് നമുക്കു തിരുത്താവുന്നതേയുള്ളൂ. എന്നാൽ ടൈംടേബിൾ തെറ്റിക്കുന്നത് ഒരു ശീലമാക്കരുത്. അങ്ങനെ വന്നാൽ നമ്മൾ തെറ്റായ ശീലങ്ങളുടെ തടവുകാരായി മാറും.
6. ഒരു ഡയറിയോ നോട്ട്ബുക്കോ എടുത്ത് സ്‌ഥിരമായി കുറിപ്പുകൾ എഴുതുക. ചെയ്‌തതും ചെയ്യാനാകാത്തതുമായ കാര്യങ്ങൾ എഴുതാം. ഇതു നമുക്ക് ആത്മപരിശോധന നടത്താനും കൂടുതൽ മെച്ചപ്പെടുത്താനുമുള്ള അവസരം തരും.
7. പാഠപുസ്‌തകങ്ങൾ മാത്രം വായിച്ച് പുതിയകാലത്തു മുന്നോട്ടുപോകാനാകില്ല. ലോകത്തു നടക്കുന്ന മാറ്റങ്ങൾ ഓരോന്നും ഉൾക്കൊള്ളണം. എഐ പോലുള്ള പുതിയ സാങ്കേതികക്കുതിപ്പുകൾ ലോകത്തെ മാറ്റിമറിക്കുകയാണ്. പത്രവായനയ്‌ക്കു ദിവസവും സമയം കണ്ടെത്തണം. സമൂഹമാധ്യമങ്ങളിലേതിൽ നിന്നു വ്യത്യസ്‌തമായി ആധികാരികമായ വിവരങ്ങൾ പത്രങ്ങളിൽ നിന്നു ലഭിക്കും. മുഖപ്രസംഗങ്ങളും വിവിധ വിഷയങ്ങളിൽ വരുന്ന ലേഖനങ്ങളുമെല്ലാം ശ്രദ്ധയോടെ വായിക്കുകയും കുറിപ്പുകളെടുക്കുകയും വേണം. എൽഎസ്‌എസ്, യുഎസ്‌എസ്, എൻഎംഎംഎസ് പരീക്ഷകൾ വിജയിക്കാൻ ഇതു സഹായിക്കും. ദിവസവും അരമണിക്കൂറെങ്കിലും ഇതിനായി കണ്ടെത്തണം. പുസ്‌തകവായനയും ഒഴിവാക്കാനാകാത്തതാണ്. സ്‌കൂൾ ലൈബ്രറിയിൽ നിന്നോ വീടിനടുത്തുള്ള ലൈബ്രറിയിൽ നിന്നോ പുസ്‌തകങ്ങൾ കിട്ടാൻ ഒരു പ്രയാസവുമില്ല. പരന്ന വായനശീലം നിങ്ങളെ മിടുക്കരാക്കും.