ADVERTISEMENT

തെറ്റുപറ്റാത്തവരായി ആരും തന്നെയുണ്ടാകില്ല. കുഞ്ഞുങ്ങളോട് അടുത്തിടപഴകുമ്പോൾ അച്ഛനമ്മമാർക്കും തെറ്റുകൾ പറ്റുന്നത് സ്വാഭാവികമാണ്. പല കാര്യങ്ങൾ ചെയ്യുന്നതിനിടയിൽ സംശയവുമായി കുട്ടികൾ അടുത്തെത്തുന്നതും നിരന്തരം വാശി പിടിക്കുന്നതും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നതും അകാരണമായി വാശിപിടിക്കുന്നതുമെല്ലാം മാതാപിതാക്കളിൽ പെട്ടന്നുള്ള ദേഷ്യത്തിന് കാരണമാകാം. ഒരു നിമിഷത്തെ ആത്മനിയത്രണക്കുറവ് മൂലം കുട്ടികളോട് ദേഷ്യപ്പെടുകയോ, കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതിന് പകരമായി ശിക്ഷിക്കുകയോ ചെയ്തേക്കാം. പല വീടുകളിലും നടക്കുന്ന കാര്യമാണിത്. 

Representative image. Photo credit:  : triloks/ istock.com
Representative image. Photo credit: : triloks/ istock.com

കുട്ടികളുടെ ഭാഗത്ത് നിന്നും ചിന്തിക്കുമ്പോൾ മാതാപിതാക്കളിൽ നിന്നുള്ള ഇത്തരം പെരുമാറ്റത്തെ സ്വാഭാവികമാണ് പറഞ്ഞു ഒഴിവാക്കാൻ ആവില്ല. കാരണം അകാരണമായ കുറ്റപ്പെടുത്തലുകൾ, ദേഷ്യപ്പെടൽ, ശിക്ഷാരീതികൾ എന്നിവ മൂലം കുട്ടികളുടെ മനസ്സിൽ വലിയ രീതിയിലുള്ള മുറിവാണ് ഉണ്ടാകുന്നത്. ഇത്തരം അവസ്ഥകളോട് പ്രതികരിക്കാൻ കഴിയാതെ വരുന്ന കുട്ടികൾ തങ്ങളുടെ വിഷമതകളും ദേഷ്യവും തീർക്കുക സമാനമായ രീതിയിൽ സുഹൃത്തുക്കളോടും സഹപാഠികളോടും പെരുമാറിയിട്ടായിരിക്കും. സാഹചര്യങ്ങളെ നേരിടുന്നതിൽ വികലമായ കാഴ്ചപ്പാടുകളാണ് കുട്ടികളിൽ മാതാപിതാക്കളുടെ ഇത്തരം പെരുമാറ്റങ്ങൾ ഉണ്ടാക്കുക. 

Representative Image. Photo Credit: Triloks / iStockPhoto.com
Representative Image. Photo Credit: Triloks / iStockPhoto.com

തെറ്റുപറ്റി, താൻ അകാരണമായാണ് കുട്ടിയോട് ദേഷ്യപ്പെട്ടത്, അല്ലെങ്കിൽ കുട്ടിയെ മനസിലാക്കാതെയാണ് പെരുമാറിയത് എന്ന തോന്നലുണ്ടായാൽ മാപ്പ് ചോദിയ്ക്കാൻ മടി കാണിക്കരുത്. മാപ്പ് പറയുകയെന്നാൽ കുട്ടിയുടെ മുന്നിൽ മുട്ട് മടക്കുകയാണെന്നും മുതിർന്നവർ മാപ്പ് പറയുന്നത് ശരിയല്ല എന്നൊക്കെയുള്ള ചപലമായ തെറ്റിദ്ധാരണകൾ പല മാതാപിതാക്കളും നില നിൽക്കുന്നുണ്ട്. എന്നാൽ സ്വന്തം തെറ്റിന് മാപ്പ് ചോദിക്കുന്നതിലൂടെ നിങ്ങൾ കുട്ടികൾക്ക് മുന്നിൽ വലിയൊരു മാതൃകയാണ് സൃഷ്ടിക്കുന്നത്. മാപ്പ് ചോദിക്കുന്നത് ബലഹീനതയാണെന്ന ചിന്ത കുട്ടികളിൽ ഉണ്ടായാൽ അത് ദോഷം ചെയ്യും. സ്വന്തം തെറ്റുകൾ ചെറുതായാലും വലുതായാലും മാപ്പപേക്ഷിക്കുന്നതിലൂടെ കുട്ടികളുടെ സമഗ്രവികസനത്തിൽ നിർണായകമായ പങ്കു വഹിക്കുകയാണ് ചെയ്യുന്നത്.

Representative Image. Photo Credit : Vichai Phububphapan
Representative Image. Photo Credit : Vichai Phububphapan

കുട്ടികളുടെ വേദനയും വികാരങ്ങളും തിരിച്ചറിയുക
മാതാപിതാക്കൾ പരുഷമായി പെരുമാറുമ്പോൾ കുട്ടികൾക്ക് ഭയം ജനിക്കുന്നു. ഈ ഭയം കുട്ടികളുടെ മാനസികമായ വളർച്ചയെ ബാധിക്കുന്നു. മാതാപിതാക്കളോടും മറ്റുള്ളവരോടും അടുപ്പക്കുറവ് ഉണ്ടാകാൻ ഇത് കാരണമാകുന്നു. മാതാപിതാക്കൾക്ക് ദേഷ്യവും സങ്കടവും സന്തോഷവും ഒക്കെ ഉണ്ടാകുന്നതിനു സമാനമായ മാനസിക വികാരങ്ങൾ കുട്ടികൾക്കും ഉണ്ടെന്നും മാതാപിതാക്കൾ ദേഷ്യപ്പെടുമ്പോഴും വേണ്ട പരിഗണന നൽകാതെയിരിക്കുമ്പോഴും കുട്ടികളുടെ ഇത്തരം വികാരങ്ങൾ വ്രണപ്പെടുന്നുണ്ടെന്നും മനസിലാക്കുക. 

തെറ്റ് ഏറ്റു പറയുക 
എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് പെട്ടന്ന് ദേഷ്യപ്പെട്ടതെന്നും കുട്ടികളോട് തുറന്നു പറയുക. നിങ്ങളെ മാനസികമായും ശാരീരികമായും അലട്ടുന്ന കാര്യങ്ങൾ തുറന്നു പറഞ്ഞു കൊണ്ടാകണം മാപ്പ് പറയേണ്ടത്. ഇതിനെ പെർഫെക്റ്റ് അപ്പോളജി എന്ന് പറയുന്നു. കുട്ടികളുടെ മനസ്സിൽ കൂടുതൽ സ്വീകാര്യതയും സ്ഥാനവും ലഭിക്കുന്നതിന് ഇത് കാരണമാകുന്നു. നിർവികാരമായ ക്ഷമ ചോദിക്കുന്നത് ഒരിക്കലും ശരിയായ കാര്യമല്ല. മാതാപിതാക്കൾ അവരുടെ തെറ്റുകൾ ഏറ്റുപറഞ്ഞതിനു സമാനമായി സ്വന്തം തെറ്റുകൾ മറ്റുള്ളവരോട് തുറന്നു സമ്മതിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക. 

ഇനി ആവർത്തിക്കില്ലെന്ന വാക്ക് നൽകുക
എന്തുകൊണ്ടാണ് പ്രസ്തുത സാഹചര്യത്തിൽ കുട്ടിയോട് തെറ്റായ തീരുമാനത്തോടെ പെരുമാറേണ്ടി വന്നതെന്ന് പറഞ്ഞു മനസിലാക്കുന്നതിനൊപ്പം ഇത്തരം സാഹചര്യങ്ങൾ ഇനി ഉണ്ടാകില്ലയെന്ന് ഉറപ്പു നൽകി കുട്ടിയുടെ മനസിലെ നഷ്ടപ്പെട്ട ആത്മധൈര്യം, സ്നേഹം വിശ്വാസം എന്നിവ തിരിച്ചു പിടിക്കുക. 

English Summary:

Why Parents Should Apologize to Their Children and How to Do It

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com