ADVERTISEMENT

മനസ്സുറപ്പിനൊപ്പം ജാഗ്രത കൂടിയുണ്ടെങ്കിൽ മഴക്കാലരോഗങ്ങളേയും അകറ്റാം. ശ്രദ്ധയും മുൻകരുതലും ശുചിത്വവുമുണ്ടെങ്കിൽ മൺസൂൺ കാലത്ത് കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങളെ തടയാമെന്നു ശിശുരോഗ വിദഗ്ധനായ ഡോ.പ്രദീപ് കിടങ്ങൂർ പറയുന്നു. സ്വയം ചികിത്സ അരുത്. അസുഖങ്ങൾ പിടിപെട്ടാൽ കൃത്യസമയത്ത് ഡോക്ടറെ കണ്ട് ചികിത്സിപ്പിക്കണം. മലയാള മനോരമ സംഘടിപ്പിച്ച ‘സ്’കൂൾ ഓഫ് ടൈം’ ഫോൺ ഇൻ പരിപാടിയിൽ മഴക്കാലത്ത് കുട്ടികൾക്കു വരാവുന്ന രോഗങ്ങളെപ്പറ്റിയും പ്രതിരോധ മാർഗങ്ങളെപ്പറ്റിയും അദ്ദേഹം വായനക്കാരോടു സംവദിച്ചു.

Photo Credit: ArtistGNDphotography/ Istockphoto
Photo Credit: ArtistGNDphotography/ Istockphoto

Q എന്തെല്ലാം മുൻകരുതലുകൾ എടുക്കണം?
A കഠിനമായ വേനലിൽ നിന്ന് കടുത്ത മഴയിലേക്കുള്ള കാലാവസ്ഥ മാറ്റം അസുഖങ്ങൾ ക്ഷണിച്ചു വരുത്തും. മഴ നനയുന്നതും മറ്റു കുട്ടികളുമായുള്ള സമ്പർക്കുവുമെല്ലാം രോഗങ്ങൾ വേഗം പകരാൻ ഇടയാക്കും. സ്കൂളിൽ പോകുമ്പോൾ കുട കരുതണം. മാസ്ക് വയ്ക്കുന്ന ശീലം നല്ലതാണ്. ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക

Q ഇൻഫ്ലുവൻസ വാക്സീൻ എടുക്കേണ്ടതിന്റെ ആവശ്യമുണ്ടോ?
A വാക്സീനുകൾ എടുക്കേണ്ടതാണ്. ഡോക്ടറെ കണ്ട ശേഷമേ വാക്സീൻ എടുക്കാവൂ. കോവിഡ് പോലെ ഓരോ തവണയും രൂപമാറ്റം വരുന്ന വൈറസാണ് ഇൻഫ്ലുവൻസയുടെതും. എല്ലാ വർഷവും അതനുസരിച്ചുള്ള വാക്സീനുകളാണു തയാറാക്കുന്നത്.

Q മഴ സീസണിൽ സ്കൂളുകളിൽ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ്? അധ്യാപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ?
A നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി ക്ലാസ് മുറികളിലിരുന്നു പഠിക്കുന്ന കുട്ടികൾ മഴക്കാലത്തെ പതിവു കാഴ്ചയാണ്. ആ നിലയിൽ വൈകുന്നേരം വരെ തുടരേണ്ടി വരുന്നു. വസ്ത്രം ദേഹത്തെ ചൂടു പറ്റി ഉണങ്ങുന്നു. ഇത് നല്ലതല്ല. കഴിയുമെങ്കിൽ മറ്റൊരു ജോഡി വസ്ത്രം കൂടി മഴക്കാലത്ത് കൊടുത്തു വിടാവുന്നതാണ്. സൗകര്യപ്രദവും സുരക്ഷിതവുമായി വസ്ത്രം മാറുന്നതിന് സ്കൂൾ അധികൃതർ സൗകര്യമൊരുക്കണം. മഴക്കാലത്ത് കട്ടിയുള്ള സോക്സുകൾ ഒഴിവാക്ക‌ണം. അസുഖ ലക്ഷണങ്ങളുള്ള കുട്ടികളെ ആരോഗ്യം വീണ്ടെടുക്കുന്നതു വരെ വീട്ടിൽ തന്നെയിരുത്താൻ രക്ഷാകർത്താക്കളോടു പറയണം. വിദ്യാലയങ്ങളിൽ കൃത്യമായ ശുചിമുറി സൗകര്യവും പ്രധാനപ്പെട്ടതു തന്നെ. കൈകൾ കഴുകേണ്ടത് എങ്ങനെയെന്ന് അധ്യാപകരും രക്ഷിതാക്കളും കുട്ടികളെ പഠിപ്പിക്കണം.

Representative image. Photo Credits:/ Shutterstock.com

Q നല്ല ആഹാരശീലങ്ങൾ എന്തൊക്കെയാണ്?
A ഭക്ഷണമുണ്ടാക്കുന്ന ആളുടെ ശുചിത്വം പ്രധാനമാണ്. കൈകൾ നല്ലപോലെ ശുചിയാക്കിയിരിക്കണം. വസ്ത്രങ്ങളും വൃത്തിയുള്ളവതാവണം. അടുക്കളയിൽ വൃത്തി വേണം. പാകം ചെയ്ത ഭക്ഷണം അടച്ചു വച്ചു സൂക്ഷിക്കാനും ചൂടോടെ കഴിക്കാനും മറക്കരുത്. കുട്ടികൾക്ക് കഴിവതും തണുത്ത ഭക്ഷണങ്ങൾ നൽകുന്നത് ഒഴിവാക്കണം. തിളിപ്പിച്ചാറിയ വെള്ളമാണ് മഴക്കാലത്ത് നല്ലത്. .
പുറത്തു നിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കണം. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത് ശീലമാക്കണം. ആഹാരത്തിൽ പച്ചക്കറികളുടെ അളവു കൂട്ടാം.

Q വെള്ളക്കെട്ടുകൾ മിക്കയിടങ്ങളിലുമുണ്ട്. . ഈ വെള്ളത്തിലൂടെയാണു കുട്ടികളുടെ പോക്കും വരവും. ഏതൊക്കെ മഴക്കാല രോഗങ്ങളെ കരുതിയിരിക്കണം?
A ജലജന്യ രോഗങ്ങളാണ് മഴക്കാലത്തെ പ്രധാന വില്ലൻ. വയറിളക്കം, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് –എ തുടങ്ങിയവയെല്ലാം പിടിപെടാനും ഗുരുതരമാകാനും സാധ്യതയുള്ള സന്ദർഭമാണ്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും വേണം. വീടും പരിസരവും വ‍‍ൃത്തിയായി സൂക്ഷിച്ചാൽ എലിപ്പനി. ഡെങ്കിപ്പനി പോലുള്ളവയെ തടയാനാകും. പുറത്തു നിന്നു വരുന്ന
കുട്ടികളുടെ ദേഹം സോപ്പ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം.

Q കെമിക്കലുകൾ അടങ്ങിയ ലോഷനുകളും മറ്റും ഉപയോഗിച്ച് കുട്ടികളുടെ ശരീരം വൃത്തിയാക്കാറുണ്ട്. ഇവയുടെ സ്ഥിരമായ ഉപയോഗം ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമോ?
A മഴക്കാലത്ത് കുട്ടികൾ പുറത്തു കളിച്ചതിനു ശേഷം അവരുടെ ശുചിത്വത്തെക്കുറിച്ച് മാതാപിതാക്കൾ ഉത്കണ്ഠ പുലർത്താറുണ്ട്. ഇത്തരം ലോഷനുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. അതേ സമയം പതിവായി ഉപയോഗിക്കുകയും വേണ്ട. സാധാരണ സോപ്പും വെള്ളവും തന്നെ ശരീരം വൃത്തിയാക്കാൻ ധാരാളമാണ്. കുട്ടികളുടെ ചർമം മൃദുവായതിനാൽ സ്ഥിരമായ ആന്റിസെപ്റ്റിക് ഉപയോഗം വേണമെന്നില്ല. അപകട സാധ്യതയില്ലാതെ ശുചിത്വം നിലനിർത്താൻ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയാൽ മതി.

യു ട്യൂബ് ചികിത്സ അപകടം
സ്വയം ചികിത്സയ്ക്കൊപ്പം യു ട്യൂബ് ചികിത്സയും അപകടം പിടിച്ചതാണ്. അസുഖമെന്തെന്ന് അറിയാൻ കൃത്യമായ രോഗനിർണയവും പരിശോധനകളും വേണം. അത് ചെയ്യേണ്ടത് ഡോക്ടറാണ്. ലക്ഷണങ്ങൾ വച്ചാണ് ചില ആളുകൾ യു ട്യൂബ് നോക്കി ചികിത്സ നിശ്ചയിക്കുന്നത്.
അത് തെറ്റാണ്. കുട്ടികളിൽ അവരുടെ ഭാരത്തിന് അനുപാതികമായാണ് മരുന്നിന്റെ അളവ് തീരുമാനിക്കുന്നത്. അതുപോലെ മുൻപ് രോഗം വന്നപ്പോൾ ഡോക്ടർ നൽകിയ കുറിപ്പടി ഉപയോഗിച്ച് മരുന്നു വാങ്ങുന്ന രീതിയും ഒഴിവാക്കണം.

മൂന്നു മിനിറ്റു തിളയ്ക്കട്ടെ
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ വെള്ളം എത്ര തിളയ്ക്കണം എന്നതിനെപ്പറ്റി ധാരണയുള്ളത് നല്ലതാണ്. ചിലർ വെള്ളം തിളച്ചു തുടങ്ങുമ്പോൾ തന്നെ ഇറക്കിവയ്ക്കും. അതു പാടില്ല. വെള്ളം കുറഞ്ഞത് 3 മിനിറ്റെങ്കിലും നന്നായി തിളയ്ക്കണം. വാട്ടർ പ്യുരിഫയേഴ്സിലെ വെള്ളവും ഉപയോഗിക്കാം.
പക്ഷേ അത്തരം ഉപകരണങ്ങളുടെ സർവീസും അറ്റകുറ്റപ്പണിയും യഥാസമയം ചെയ്തുവെന്ന് ഉറപ്പുവരുത്തണം.

കുട്ടികൾക്ക് എടുക്കേണ്ട വാക്സീനുകൾ
∙ പോളിയോ
∙ ഡിപിറ്റി
∙ ഹെപ്പറ്റൈറ്റിസ് ബി
∙ റോട്ടാവൈറസ്
∙ പിസിവി (ന്യുമോക്കൽ വാക്സീൻ)
∙ മീസിൽസ്, മംപ്സ്, റുബെല്ല
∙ ഹെപ്പറ്റൈറ്റിസ് എ ( 2 ഷോട്ട്)
∙ ഫ്ലു വാക്സിൻ
∙ ചിക്കൻ പോക്സ്
∙ ടൈഫോയിഡ്
∙ സെർവിക്കൽ കാൻസർ
∙ ജാപ്പനീസ് എൻസിഫിലൈറ്റിസ്

English Summary:

Protecting Your Kids: Essential Tips to Prevent Monsoon Diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com