കുട്ടികളുമായി സംസാരിക്കാൻ പോലും സമയം കിട്ടുന്നില്ലേ? പേരന്റിങ്ങിൽ ജോലി സമയം വില്ലനാകുമ്പോള്
Mail This Article
വിവിധ മേഖലകളിൽ ജോലിചെയ്യുന്ന മാതാപിതാക്കൾക്ക് കുട്ടികളുമായി സംവദിക്കാൻ സമയം കിട്ടുന്നില്ലെന്നത് പൊതുവേയുള്ള ആശങ്കയാണ്. ഇത് എങ്ങനെ പരിഹരിക്കാം
ഏറ്റവും കൂടുതൽ ബോധവൽക്കരണവും ഉപദേശങ്ങളും കിട്ടുന്നത് പേരന്റിങ് സംബന്ധിച്ചാണ്. പക്ഷേ പേരന്റിങ് സംബന്ധിച്ചു പൊതുവായ വളരെക്കുറച്ചു കാര്യങ്ങളേ പറയാനാകൂ. ഓരോ മാതാപിതാക്കളും തികച്ചും വ്യത്യസ്തരാണ്. കുട്ടികളുമതേ. സ്വന്തം ജീവിതത്തിൽ ‘ട്രയൽ ആൻഡ് എറർ’ രീതിയാണു ശരിക്കും പേരന്റിങ്. അങ്ങനെ പ്രയോഗിച്ചു കിട്ടുന്ന കാര്യങ്ങളാണു ജീവിതത്തിൽ ഉപകാരപ്പെടുന്നതും.
മാതാപിതാക്കളുടെ ജോലിയെ പൊതുവേ രണ്ടായി തിരിക്കാം. 9–5 ജോലി ചെയ്യുന്നവരും സമയകൃത്യതയില്ലാതെയും രാത്രി ഡ്യൂട്ടി കൂടുതലും ചെയ്യേണ്ടിവരുന്നവരും. രണ്ടാമത്തെ വിഭാഗം മാതാപിതാക്കളാണു മിക്കയിടത്തും കൂടുതൽ കഷ്ടപ്പെടേണ്ടിവരുന്നത്. രാത്രി ഡ്യൂട്ടിമാത്രം ചെയ്യേണ്ടിവരുന്ന മാധ്യമപ്രവർത്തകരും നഴ്സുമാരും പൊലീസുകാരും ഡോക്ടർമാരുമൊക്കെ രണ്ടാം വിഭാഗമാണ്. കുഞ്ഞുങ്ങളുമായി സമയം ചെലവഴിക്കുക, വീട്ടിലെ ജോലികൾ തീർക്കുക, തുടങ്ങി സ്കൂളുകളിലെ രക്ഷാകർതൃയോഗങ്ങളും ഹോംവർക്കുകളും വരെ വെല്ലുവിളിയാകും.
∙സ്വന്തം ജോലിയുടെ സ്ഥിതി കുട്ടിയോടും സ്കൂൾ അധികൃതരോടും അധ്യാപകരോടും കൃത്യമായി പറയുക എന്നതാണ് ആദ്യപടി.
∙കൃത്യമായി ഓരോ ജോലിക്കും സമയം വീതിച്ചു നൽകുക. ആ സമയത്തു തീരുന്നതു മാത്രം തീർക്കുക. ബാക്കി സമയം കുഞ്ഞിനുവേണ്ടി മാറ്റിവയ്ക്കുക. ആദ്യമൊക്കെ ബുദ്ധിമുട്ടായിരിക്കും. പക്ഷേ പതുക്കെ നമുക്കതു വഴങ്ങിത്തുടങ്ങും.
∙ദിവസവും സ്കൂൾ വിട്ടുവന്നാൽ കുഞ്ഞുങ്ങളെ വിളിച്ച് സംസാരിക്കാൻ സമയം നിശ്ചയിക്കണം. ആ സമയം അവർക്കുമാത്രമാണ്. കുഞ്ഞുവിശേഷങ്ങളും സങ്കടങ്ങളുമൊക്കെ ചോദിച്ചറിയണം. ടീച്ചർ പറയുന്നതു മനസ്സിലാകുന്നുണ്ടോ എന്നൊക്കെ അറിയണം. അധ്യാപകരെയും കൂട്ടുകാരെയും ഇടയ്ക്കെങ്കിലും കണ്ട് സംസാരിക്കണം.
∙കുഞ്ഞുകുഞ്ഞു ജോലികൾ ഏൽപിക്കാം. കൂടെ അവരോടു സംസാരിക്കണം. തുറന്നു പറയാനുള്ള അന്തരീക്ഷമുണ്ടെങ്കിൽത്തന്നെ എന്തു പ്രശ്നം വന്നാലും അച്ഛനും അമ്മയും കൂടെയുണ്ടാകും എന്ന് അവർക്കു മനസ്സിലാകും.