വാശിക്കുടുക്കയെ കൂൾ ആക്കിയില്ലെങ്കിൽ ഇമോഷണൽ ഡാമേജ്; അച്ഛനമ്മമാർക്ക് വഴികളിതാ
Mail This Article
കുട്ടികൾ വാശി പിടിക്കുന്നത് തികച്ചും സ്വാഭാവികമാണ്. എന്നാൽ കുട്ടികൾക്കൊപ്പം അച്ഛനമ്മമാരും വാശി പിടിക്കാൻ തുടങ്ങിയാൽ സംഗതി കയ്യിൽ നിന്നും പോകും. കുട്ടികളുടെ വാശി സ്വാഭാവികമാണെങ്കിലും ചില കുട്ടികളിൽ അത് അതിതീവ്രമായി കാണപ്പെടാറുണ്ട്. ഇത്തരം കുട്ടികൾക്ക് പ്രത്യേക പരിഗണന ആവശ്യമാണ്. അല്ലെങ്കിൽ അമിതവാശി കുട്ടികളിൽ ഇമോഷണൽ ഡാമേജ് ഉണ്ടാക്കും എന്നാണ് ഇതു സംബന്ധിച്ച പഠനങ്ങൾ പറയുന്നത്.
കുട്ടികൾ എന്തുകൊണ്ടാണ് ഇങ്ങനെ വാശി പിടിക്കുന്നത്, എത്ര നേരം നീണ്ടു നിൽക്കുന്നുണ്ട്, കുട്ടിയെ മാനസികമായും ശാരീരികമായും വാശി എത്രത്തോളം ബാധിക്കുന്നുണ്ട് എന്നിവ മനസിലാക്കിയാണ് ഈ വാശി നോർമലാണോ അതോ പരിധിവിട്ടതാണോ എന്നു മനസിലാക്കാൻ കഴിയൂ. കുട്ടി വാശി പിടിക്കുകയോ എന്തിനെങ്കിലും വേണ്ടി കരയുകയോ ചെയ്യുമ്പോൾ മാതാപിതാക്കൾ തിരികെ ആ രീതിയിൽ തന്നെ പെരുമാറിയാൽ കുട്ടിക്ക് മാതാപിതാക്കളോടുള്ള വൈകാരികമായ ബന്ധത്തിൽ കുറവ് സംഭവിക്കും.
വാശി ഒരു രോഗമല്ല !
കുട്ടികൾ ഒരു പരിധിയിൽ കൂടുതൽ വാശി കാണിക്കുമ്പോൾ ഡോക്ടറുടെ അരികിൽ പരാതിയുമായി ചെല്ലുന്ന മാതാപിതാക്കളുണ്ട്. തീരെ ചെറിയ കുട്ടികളിൽ വാശിയെന്നത് എന്തെങ്കിലും അസ്വസ്തകൾ ഉണ്ടാകുമ്പോൾ അത് പ്രകടിപ്പിക്കുന്ന രീതിയാകാം. എന്നാൽ വളരുമ്പോൾ അതല്ല അവസ്ഥ. വാശി എന്നത് കുട്ടികളിലെ ഇമോഷണൽ ഡെവലപ്മെന്റിന്റെ ഒരു നോർമൽ സ്റ്റേജ് ആണ്. അവരുടെ ഇമോഷൻസ് പ്രകടിപ്പിക്കാൻ ശ്രമിക്കുന്ന രീതിയാണത്. അല്ലാതെ ഡോക്ടറെ കാണിക്കേണ്ട രോഗമല്ല.
കുട്ടികൾക്ക് അവരുടെ വികാരങ്ങളെ കൃത്യമായ രീതിയിൽ ലഘുവായി കൈകാര്യം ചെയ്യാനുള്ള കഴിവ് ഇല്ലാത്തതിനാലാണ് അവർ ഇത്തരത്തിൽ വാശി കാണിക്കുന്നത്. സങ്കടമോ, ദേഷ്യമോ, വിശപ്പോ എന്ത് അവസ്ഥയും ആയിക്കോട്ടെ, അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടത് മാതാപിതാക്കളാണ്. ചില സന്ദർഭങ്ങളിൽ കുട്ടിയുടെ പെരുമാറ്റത്തോട് നിങ്ങൾ വിയോജിക്കുന്നുവെങ്കിൽപ്പോലും, അവരുടെ വികാരങ്ങൾ അംഗീകരിക്കുക.
വാശിക്കുടുക്കകളുടെ വാശി കുറയ്ക്കാനായി ചില മാർഗങ്ങൾ പരിചയപ്പെടാം. ആദ്യം ചെയ്യേണ്ടത് അവരെ വഴക്ക് പറയുന്നതോ തല്ലുന്നതോ ഒഴിവാക്കുക എന്നതാണ്. കുട്ടികളുടെ വാശിക്ക് മുന്നിൽ മാതാപിതാക്കൾ ക്ഷുഭിതരാകുന്നുണ്ടെങ്കിൽ ആദ്യം സ്വയം ശാന്തരാകുക
∙ ശ്രദ്ധ തിരിക്കാം
ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പ്രധാന രീതിയാണ് അവരുടെ ശ്രദ്ധ തിരിക്കുകയെന്നത്. ഉദാഹരണമായി കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയോട് കളി നിർത്ത് നമുക്ക് വീട്ടിലേക്ക് പോകാം, അല്ലെങ്കിൽ കാർട്ടൂൺ കണ്ടത് മതി ടിവി ഓഫ് ആക്ക് എന്നൊക്കെ പെട്ടന്ന് പറഞ്ഞാൽ അവർ വാശി പിടിക്കാനുള്ള സാധ്യത ഏറെയാണ്. ഇങ്ങനെ ചെയ്യും മുൻപായി, കുട്ടികളുടെ ശ്രദ്ധ, ചെയ്ത കൊണ്ടിരിക്കുന്ന പ്രവർത്തിയിൽ നിന്നും മാറ്റുക. കഥ പറഞ്ഞു തരാം, നോക്കൂ പൂന്തോട്ടത്തിൽ പക്ഷികൾ, അച്ഛനെ കാണാൻ പോയാലോ, അമ്മയെ ഒന്ന് ഹെൽപ് ചെയ്യാമോ തുടങ്ങി മറ്റെന്തെങ്കിലും കാര്യങ്ങൾ പറഞ്ഞു കുട്ടിയുടെ ശ്രദ്ധ തിരിക്കാം.
ടിവി നിർത്തുക, കളി നിർത്താൻ പറയുക തുടങ്ങി കുട്ടി മുഴുകിയിരിക്കുന്ന കാര്യങ്ങൾ നിർത്താൻ പറയും മുൻപായി കൂൾ ഓഫ് ടൈം നൽകുക. പത്ത് മിനുട്ട് കഴിഞ്ഞാൽ ടിവി ഓഫ് ആക്കും, പതിനഞ്ചു മിനുട്ട് കഴിഞ്ഞാൽ കളി നിർത്തണം തുടങ്ങിയ മുൻകൂട്ടിയുള്ള കമാന്റുകൾ കുട്ടികൾക്ക് ഗുണം ചെയ്യും.
∙ കൂൾ ഡൗൺ കോർണർ ആകാം
ആർക്കായാലും പെട്ടന്ന് ദേഷ്യം, സങ്കടം ഒക്കെ വരുന്നത് സ്വാഭാവികമാണ്. ഇത്തരത്തിൽ കുഞ്ഞു വാശി പിടിച്ചാൽ വീട്ടിൽ കുട്ടിക്ക് ഏറെ കംഫർട്ടബിൾ ആയ ഒരു സ്ഥലം കൂൾ ഡൗൺ കോർണർ ആയി നൽകാം. ഒരു ബീൻബാഗോ, കുട്ടികൾക്കായുള്ള ടെന്റൊ, കുഞ്ഞു കസേരയോ ഒക്കെ കുഞ്ഞിനായി നൽകാം. അവിടെ പോയിരുന്നു തന്നെ വിഷമിപ്പിച്ച കാര്യം പറയാനുള്ള അവസരം നൽകാം. ഇത് സ്വന്തം കാര്യങ്ങൾ പറയാനും, ശരിതെറ്റുകൾ സ്വയം കണ്ടെത്താനും അവനു അവസരം നൽകുന്നു. ഇത് ദേഷ്യം വാശി എന്നിവ സ്വയം നിയന്ത്രിക്കാനുള്ള കഴിവുകൾ വളർത്തുന്നു.
∙ ചോയ്‌സുകൾ നൽകുക
കുട്ടി നിങ്ങൾ പറയുന്നത് അനുസരിക്കുന്നില്ലെങ്കിൽ അവനെ നിർബന്ധിക്കാൻ നിൽക്കരുത്. പകരം സ്വയം തെരഞ്ഞെടുക്കാനുള്ള ചോയ്‌സുകൾ നൽകുക. ഉദാഹരണമായി പറഞ്ഞാൽ ഭക്ഷണം കഴിക്കുമ്പോൾ വാശി പിടിക്കുന്ന കുട്ടിയോട്, എന്ത് ഭക്ഷണമാണ് വേണ്ടതെന്നു ചോദിക്കുക. അവന്റെ ചോയ്‌സ് അനുസരിച്ചുള്ള ഭക്ഷണം നൽകുക. ഉറങ്ങില്ലെന്നു വാശി പിടിക്കുന്ന കുട്ടിക്ക് മുന്നിൽ എങ്കിൽ പിന്നെ, ഉറങ്ങാണോ, കഥ കേൾക്കണോ എന്ന് ചോദിക്കാം. കുട്ടിയുടെ ചോയ്‌സ് നമ്മൾ അനുസരിക്കുമ്പോൾ തന്നെ കുട്ടി കൂൾ ആകും. ഇത്തരം പ്രാക്ടീസുകൾ തുടർന്നാൽ ഏത് വാശിക്കുടുക്കയെയും നമുക്ക് പരിധിയിൽ നിർത്താൻ കഴിയും.